|    Apr 25 Wed, 2018 6:03 pm
FLASH NEWS
Home   >  Arts & Literature   >  

ഓര്‍മകളില്‍ ബഷീര്‍

Published : 3rd August 2015 | Posted By: admin

എറണാകുളം പട്ടണത്തിനടുത്തുള്ള എടവനക്കാടുനിന്നാണ് കൗമാരക്കാരനായ ഞാന്‍ കൊച്ചിയിലെ അന്നത്തെ ഏക ഗവണ്‍മെന്റ് കോളജായ മഹാരാജാസില്‍ ഉന്നത വിദ്യാഭ്യാസത്തിനു വന്നത്. എറണാകുളത്ത് ഞാന്‍ താമസം തുടങ്ങിയ ഹോസ്റ്റലില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന യൗവനത്തിനും മധ്യവയസ്സിനും മധ്യേ പ്രായം തോന്നിക്കുന്ന ഒരാള്‍ താമസിച്ചിരുന്നു. ആളാരാണ്? എന്ത് അവകാശത്തിലാണ് അവിടെ താമസിച്ചിരുന്നത്? അതേക്കുറിച്ച് അവിടെയുള്ള പലര്‍ക്കും അറിയുമായിരുന്നില്ല. പേരെന്താണെന്നുപോലും ആര്‍ക്കും ഒരു രൂപവുമില്ല. ചെറായി രാമവര്‍മ യൂനിയന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ മലയാളം അധ്യാപകന്‍ കെ.ജെ. അലക്‌സാണ്ടര്‍ എന്നെ വില്‍ക്കാനേല്‍പ്പിച്ച ഒരണ വിലയുള്ള പോലിസുകാരന്റെ മകള്‍ എന്ന ചെറുകഥാപുസ്തകത്തിന്റെ രചയിതാവായ വൈക്കം മുഹമ്മദ് ബഷീറാണ് അതെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ കാലമായതുകൊണ്ട് ഒരണമാത്രം വിലയുണ്ടായിരുന്ന ആ പുസ്തകത്തിന്റെ മൂന്നു നാലു കോപ്പികള്‍ മാത്രമേ ആത്മാര്‍ഥമായി ശ്രമിച്ചിട്ടും വിറ്റുകൊടുക്കാന്‍ കഴിഞ്ഞുള്ളൂ. അലക്‌സാണ്ടര്‍ മാഷിനോടുണ്ടായിരുന്ന സ്‌നേഹബഹുമാനങ്ങള്‍ വച്ച് അന്നത് എനിക്കൊരു വലിയ സങ്കടമായിരുന്നു. മിക്കവാറും രാത്രി ഞങ്ങളെല്ലാം ഉറങ്ങിയതിനുശേഷമാണ് ബഷീര്‍ ഹോസ്റ്റലിലെത്തുക. ഞങ്ങള്‍ ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോഴായിരിക്കും കുളി കഴിഞ്ഞ് സുന്ദരനായി തന്റെ അലക്കിത്തേച്ച ജുബ്ബയും മുണ്ടും ധരിച്ച് ആ നേരിയ മേല്‍മീശ ഭംഗിയായി ട്രിം ചെയ്ത് മുഖത്തും തലയിലെ കഷണ്ടിയിലും കുറച്ച് ക്യുട്ടികുറ ടാല്‍കം പൗഡറുമിട്ട് പുറത്തേക്കു പോവാന്‍ തയ്യാറായി ആ യുവകോമളന്‍ നില്‍ക്കുന്നത് കാണുന്നത്. ഞങ്ങളാരുമായും കുശലമോ മറ്റൊന്നും പറയാറില്ലെങ്കിലും എല്ലാവരും അദ്ദേഹത്തെ കാണുമ്പോള്‍ സ്‌നേഹപൂര്‍വം ആദരിക്കും. പട്ടണത്തില്‍ അദ്ദേഹത്തിന് അലക്‌സാണ്ടര്‍ മാസ്റ്ററെപ്പോലുള്ള ധാരാളം നല്ല സുഹൃത്തുക്കളുണ്ടായിരുന്നിരിക്കണം. ചില ഒഴിവുദിവസങ്ങളില്‍ അദ്ദേഹമവിടെയുണ്ടെങ്കില്‍ ഞാന്‍ പതുക്കെ അടുത്തുകൂടുമായിരുന്നു. ഞാന്‍ അലക്‌സാണ്ടര്‍ മാഷിന്റെ ശിഷ്യനാണെന്നും അദ്ദേഹത്തിന്റെ പോലിസുകാരന്റെ മകള്‍ എന്ന പുസ്തകം വായിച്ചിട്ടുണ്ടെന്നും അതിന്റെ കോപ്പികള്‍ മാഷ് പറഞ്ഞതനുസരിച്ച് വിറ്റുകൊടുത്തിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ സന്തോഷമായി. ക്രമേണ കൂടുതല്‍ അടുത്തപ്പോള്‍ അദ്ദേഹത്തെപ്പറ്റി പലതും അറിയാന്‍ കഴിഞ്ഞു. അദ്ദേഹം വൈക്കത്തിനടുത്ത തലയോലപ്പറമ്പുകാരനാണെന്നും ഉമ്മയും സഹോദരന്മാരുമുണ്ടെന്നും പോലിസുകാരന്റെ മകള്‍ പ്രസിദ്ധീകരിച്ചതു മുതല്‍ സി.പിയുടെ നോട്ടപ്പുള്ളിയാണെന്നും ഇടയ്ക്കിടെ സി.പിയുടെ പോലിസ് വീട്ടില്‍ അന്വേഷിച്ചു ചെല്ലാറുണ്ടെന്നും പിടിച്ചാല്‍ എല്ലു വെള്ളമാക്കുമെന്നു തീര്‍ച്ചയായതുകൊണ്ടാണ് എറണാകുളത്തു കഴിയുന്നതെന്നുമെല്ലാമറിഞ്ഞു. രാത്രി വൈകി ഉറങ്ങുന്ന താന്‍ പകല്‍ വൈകി മാത്രം ഉണരുന്നത് പ്രാതലിന് പണമില്ലാത്തതുകൊണ്ടാണെന്ന് പറഞ്ഞതു കേട്ടപ്പോള്‍ സങ്കടം തോന്നി. ഒരുച്ചഭക്ഷണം മതിയല്ലോ. പട്ടണത്തില്‍ ബഷീറിന് പലതരം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എന്നറിയാമായിരുന്നെങ്കിലും അവിടെ അദ്ദേഹത്തിന്റെ സ്ഥിരംസങ്കേതം ഏതായിരുന്നുവെന്ന് അറിയുമായിരുന്നില്ല. അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹം പാത്തും പതുങ്ങിയും ലോറികളിലും മറ്റു കിട്ടാവുന്ന വാഹനങ്ങളില്‍ കയറിയും ദീര്‍ഘനേരം നടന്നും ഉമ്മയെ കാണാന്‍ അര്‍ധരാത്രിക്കുശേഷം തലയോലപ്പറമ്പില്‍ എത്തുമായിരുന്നു. എത്തുന്നത് എപ്പോഴാണെങ്കിലും ഉമ്മ മോനുള്ള ഭക്ഷണവും വിളമ്പി ഉറക്കമിളച്ച് നിശ്ശബ്ദയായി കാത്തിരിക്കുന്നുണ്ടാവും. മകന്‍ വന്നു നിശ്ശബ്ദനായി കൈകഴുകി ഭക്ഷണത്തിന് ഇരുന്നാല്‍ അതുപോലെ തന്നെ നിശ്ശബ്ദയായി പാത്രങ്ങള്‍ പതുക്കെ നീക്കിവച്ച് ഉമ്മയും അടുത്തിരിക്കും. മകന്‍ ഭക്ഷണം കഴിച്ചു കിടന്ന ശേഷമേ ഉമ്മ ഭക്ഷണം കഴിക്കൂ. ആ നീണ്ട നിശ്ശബ്ദതകള്‍ക്കുള്ളില്‍ നിറഞ്ഞുനിന്നിരുന്ന അവര്‍ തമ്മിലുണ്ടായിരുന്ന സ്‌നേഹബന്ധത്തിന്റെ അര്‍ഥം ഒരു ശാസ്ത്രത്തിനും വ്യാഖ്യാനിക്കാന്‍ കഴിയില്ല. എന്നാല്‍, ബഷീറിന്റെ ഒരു കൊച്ചു കഥ ആ ബന്ധത്തിന്റെ ലോകം കലാസുന്ദരമായി അനാവരണം ചെയ്തിട്ടുണ്ട്. ആ ബഷീറാണ് പിന്നീട് എറണാകുളം ബോട്ട് ജെട്ടിയില്‍ ഒരു പെട്ടിക്കട രൂപത്തിലുള്ള പുസ്തക സ്റ്റോറും പിന്നീട് വിതയത്തിന്‍ ഒപ്റ്റിക്കല്‍സ് റോഡിലുള്ള വലിയ പുസ്തക സ്റ്റാളും നടത്തിയത്. ബോട്ട് ജെട്ടിയിലെ പെട്ടി പുസ്തകക്കടയുടെ ഇടതുഭാഗത്ത് മടക്കാന്‍ കഴിയുന്ന ഒരു ഇരുമ്പ് കസേരയില്‍ ഇരുന്ന് പുസ്തകം വില്‍ക്കുന്നതിനേക്കാള്‍ അവ വായിച്ച് ഇരുന്നിരുന്ന ബഷീറായിരുന്നു ആ കാലഘട്ടത്തിലെ പുത്തന്‍ തലമുറകളില്‍ ആശയപരമായി നൂതനമായ സ്പന്ദനങ്ങള്‍ സൃഷ്ടിച്ച ആദ്യ വ്യക്തി. മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ അക്കാലത്ത് തന്റെ സഹോദരന്‍ പത്രവുമായി കെ. അയ്യപ്പനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹായിയായി പി. കേശവദേവും. മട്ടാഞ്ചേരിയിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതോടുകൂടി കെ.എച്ച്. സുലൈമാനെപ്പോലുള്ള ആദ്യകാല തൊഴിലാളി നേതാക്കന്‍മാരും അനുയായികളും വളര്‍ന്നുവന്നു. മറ്റു ബൂര്‍ഷ്വാ-മതവിഭാഗങ്ങളുടെ പത്രങ്ങളുടെ ആസ്ഥാനം എറണാകുളമായിരുന്നു. കായലിനപ്പുറത്ത് എറണാകുളത്ത് മഹാരാജാസ് കോളജ് കാംപസിലും പുറത്തും ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ അലയടികളുമുണ്ടായി. അന്നു കൊച്ചിയിലെ ഏറ്റവും വലിയ ആധുനിക വ്യവസായശാലകളിലൊന്നായിരുന്ന ടാറ്റാ ഓയില്‍ മില്‍സിലെ പ്രബലമായ തൊഴിലാളി യൂനിയനും അതിന്റെ വീരേതിഹാസപുരുഷനായ നേതാവ് മത്തായി മാഞ്ഞൂരാനും കൂട്ടരും മറ്റൊരു പുതിയ രാഷ്ട്രീയസ്പന്ദനം സൃഷ്ടിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ഇഷ്ടംപോലെ ഒത്തുകൂടി എന്തും സംസാരിക്കാവുന്ന എം.പിയുടെ (എം.പി. കൃഷ്ണപിള്ള) ഫോട്ടോ സ്റ്റുഡിയോയും ഉണ്ടായിരുന്നു. ശങ്കരക്കുറുപ്പ് മാഷുടെ നേതൃത്വത്തില്‍ പുനരുദ്ധരിക്കപ്പെട്ട സാഹിത്യപരിഷത്ത് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടായിരുന്നു. പി.എ. സെയ്ദു മുഹമ്മദ്, പ്രഫ. വേലായുധന്‍, ഡോ. സി.കെ. കരീം എന്നിവരുടെ ഉല്‍സാഹത്തില്‍ കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രവര്‍ത്തനം ഉണര്‍ന്നുവന്ന കാലം. ഷണ്മുഖം റോഡില്‍ ഡോ. കുഞ്ഞാലു നിര്‍മിച്ച അന്നത്തെ വലിയ ബഹുനിലക്കെട്ടിടത്തില്‍ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ അനന്തരവനും ആര്‍.എസ്.പി. നേതാവുമായ പ്രാക്കുളം ഭാസി ആരംഭിച്ച ‘സീവ്യൂ’ ഹോട്ടലായിത്തീര്‍ന്നു പിന്നീട് ബഷീറിന്റെ സാംസ്‌കാരിക സാന്നിധ്യത്തിന്റെ ആസ്ഥാനവും മറ്റുള്ളവരുടെ ആകര്‍ഷണകേന്ദ്രവും. ജൂലൈയിലെ ആദ്യ ആഴ്ച കടന്നുപോവുമ്പോഴെല്ലാം ബഷീറില്ലാത്ത ലോകത്തിരുന്ന് ബഷീറുണ്ടായിരുന്ന ലോകത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചുപോവും.              ി

Read more on:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക