|    Oct 21 Sat, 2017 9:29 pm
FLASH NEWS

ഓര്‍ക്കുക! മുകളിലുള്ളവന്‍ എല്ലാം കാണുന്നുണ്ട്…

Published : 10th July 2016 | Posted By: SMR

തൊടുപുഴ: ‘മാന്യമായി’ മോഷ്ടിച്ചു ജീവിക്കാമെന്ന് കരുതിയാല്‍ അതിനും അനുവദിക്കില്ല. ആശുപത്രിയിലായാലും ടൗണിലായാലും ഇതാണ് സ്ഥിതി.എന്ത് കഷ്ടം!ഇക്കഴിഞ്ഞ ദിവസം സെന്റ് മേരീസ് ഹോസ്പിറ്റലില്‍ നടന്ന സംഭവം കേള്‍ക്കൂ.ബില്ലടയ്ക്കാനായി ക്യൂവിലായിരുന്ന യുവതിയുടെ തോളില്‍ നിന്നും ഊര്‍ന്നിറങ്ങിയ കുട്ടി ആശുപത്രിക്കകത്തേയ്ക്ക് ഒറ്റ ഓട്ടം. കൗണ്ടറിനു മുന്നിലൊരു ഭാഗത്ത് തന്റെ ബാഗ് വെച്ചശേഷം യുവതി കുട്ടിയെ പിന്നാലെ പോയി. അപ്പോഴാണ് ശുഭ്ര വേഷധാരിയായ ഒരു അദ്ദേഹം അത് കണ്ടത്. പാവമൊരു ബാഗ് ഉറ്റവരാരുമില്ലാതെ അവിടെയിരുന്നു കരയുന്നു. ഇദ്ദേഹത്തിന് സഹിച്ചില്ല. ബാഗ് കൈയ്യിലെടുത്ത് നേരെ ഹോസ്പിറ്റലിന്റെ ഒരു ഭാഗത്തുപോയി ബാഗിന്റെ ‘ദു:ഖ’ഭാരം ഒഴിവാക്കിയ ശേഷം അതിനെ തിരികെ അവിടെത്തന്നെ കൊണ്ടുവിട്ടു.കുട്ടിയുമായി വന്ന യുവതി പണമടയ്ക്കാന്‍ ബാഗ് തുറന്നപ്പോള്‍ കാലി.ചികില്‍സയില്‍ കഴിയുന്ന കുട്ടിയുടെ സ്‌കാനിങിനായി സ്വര്‍ണം പണയംവെച്ചു സ്വരൂപിച്ച 20,000രൂപയാണ് നഷ്ടപ്പെട്ടത്. ബഹളമായി,നിലവിളിയായി.
ആശുപത്രി അധികൃതര്‍ അപ്പോഴാണ് ഇതെല്ലാം കാണുന്ന മുകളിലുള്ളയാളിന്റെ; കാമറയുടെ സഹായം തേടിയത്.പരിശോധിച്ചപ്പോള്‍ പണം അടിച്ചു മാറ്റിയ നമ്മുടെ ചേട്ടന്‍ കാമറയുടെ തൊട്ടുമുന്നില്‍ നിന്നു ബാഗില്‍ നിന്നും പണം എടുത്ത ശേഷം എണ്ണിത്തിട്ടപ്പെടുത്തി പോക്കറ്റില്‍ താഴ്ത്തുന്നു. ആളെ അന്വേഷിച്ചു പിടിക്കാന്‍ അധികസമയം വേണ്ടി വന്നില്ല. കാരണം, അത്രമാത്രം ക്ലോസപ്പ് ഷോട്ടുകളാണ് ഇദ്ദേഹത്തിന്റേതായി മുകളിലുള്ളവന്‍ ഒപ്പിയെടുത്തിരുന്നത്.ആശുപത്രിയില്‍ ചികില്‍സയില്‍ ക്കഴിയുന്നയാളിന്റെ ബന്ധുവായ കൂട്ടിരുപ്പുകാരനായിരുന്നു കക്ഷി. വെറുതെയിരുന്നു ബോറടിച്ചപ്പോള്‍ ആശുപത്രി മുറിയില്‍ നിന്നും ചുമ്മാ പുറത്തിറങ്ങിയപ്പോഴാണ് ഇങ്ങനെയൊരു സഹായം ചെയ്തത്. കക്ഷിയെ പിടികൂടി ചോദ്യംചെയ്തു .കുറ്റം സമ്മതിക്കുന്നതില്‍ പുള്ളിക്കാരന് സ—ന്തോഷം മാത്രം. പണം തിരികെ കിട്ടിയ ആഹ്ലാദത്തില്‍ കേസിനും പുക്കാറിനുമൊന്നും താല്‍പര്യമില്ലെന്നു പറഞ്ഞ് യുവതി പോയി. എന്നാല്‍ ആശുപത്രി അധികൃതര്‍ വെറുതെ വിട്ടില്ല. അവര്‍ രോഗിയേയും കൂട്ടിരുപ്പുകാരനേയും ആശുപത്രിയില്‍ നിന്നും പുറത്താക്കി. മാന്യമായ കുടംബാന്തരീക്ഷത്തില്‍ കഴിഞ്ഞ രോഗിയും വീട്ടുകാരും കണ്ണീരും കൈയ്യുമായി ആശുപത്രി വിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക