|    Mar 22 Thu, 2018 11:29 pm
Home   >  Todays Paper  >  Page 5  >  

ഓരോ മണ്ഡലത്തിലും 70 കോടിയുടെ പദ്ധതികള്‍: ധനമന്ത്രി

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ 36 റോഡുകള്‍ക്കായി 560 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്നാണ് തുക അനുവദിച്ചത്. കുടിവെള്ളം, ജലസേചനം മേഖലയില്‍ ഒമ്പതു പദ്ധതികള്‍ക്കായി 147 കോടി രൂപയും അനുവദിച്ചു. 105 കോടി രൂപ ചെലവില്‍ ആറ് ബൈപാസുകള്‍ക്കും പ്രത്യേക നിക്ഷേപപദ്ധതിയില്‍ നിന്ന് തുക അനുവദിക്കും.
9 പാലങ്ങള്‍ക്കായി 100 കോടിയും ഫ്‌ളൈ ഓവറുകള്‍ക്കായി 90 കോടിയും നീക്കിവച്ചു. 70 കോടി ചെലവില്‍ നാല് റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍, 60 കോടി ചെലവില്‍ ആറ് സ്റ്റേഡിയങ്ങള്‍, 70 കോടിയുടെ ഏഴ് റവന്യൂ ടവറുകളുടെ നിര്‍മാണം എന്നിവയും ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ മീഡിയ മാനേജ്‌മെന്റ് ആന്റ് ജേണലിസ്റ്റ് ട്രെയിനിങ് സെന്ററിന് 25 ലക്ഷം, ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിന് 25 കോടി, കടല്‍ത്തീരം സംരക്ഷണത്തിന് 50 ലക്ഷം, ശുചിത്വമിഷന് 15 കോടി രൂപയും നല്‍കും. കലാസാംസ്‌കാരിക സംഘങ്ങള്‍ക്ക് അഞ്ചുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഗ്രാന്റ് കുടിശ്ശിക തീര്‍ത്തു നല്‍കും.
അടുത്ത രണ്ടുവര്‍ഷം റവന്യൂകമ്മി പിടിച്ചുനിര്‍ത്താന്‍ സ ര്‍ക്കാരിനു ബുദ്ധിമുട്ടേണ്ടിവരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നൂല്‍പ്പാലത്തിലൂടെ കടന്നുപോയാലും മൂലധനച്ചെലവു കൂട്ടും. കേരളത്തിലെ സമ്പദ്ഘടന ഗുരുതരമായ അവസ്ഥ നേരിടുകയാ ണ്. നിക്ഷേപം വര്‍ധിപ്പിച്ച് ആരോഗ്യ, വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തും. പാവങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ എന്തുവേണമെങ്കിലും ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. 140 മണ്ഡലങ്ങളിലെ ഭൂരിപക്ഷം എംഎല്‍എമാര്‍ക്കും ചുരുങ്ങിയത് 100 കോടിയുടെ പദ്ധതികള്‍ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും കുറഞ്ഞത് 70 കോടിയുടെ പദ്ധതികള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍കുറഞ്ഞ പദ്ധതികളുള്ള മണ്ഡലത്തിലെ എംഎല്‍എമാര്‍ തന്നെ സമീപിച്ചാല്‍ പരിഹാരമുണ്ടാക്കുമെന്നും ഐസക് അറിയിച്ചു.
കൊല്ലം യുനൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അടച്ചുപൂട്ടില്ല
തിരുവനന്തപുരം: കൊല്ലം യുനൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. നഷ്ടത്തിലായ കമ്പനിയെ ആധുനികവല്‍ക്കരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇലക്ട്രോണിക് മീറ്റര്‍ ബോക്‌സുകള്‍ നിര്‍മിച്ച് വിപണനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
മീറ്ററിനു പുറമേ മെയിന്‍ സ്വിച്ച്, ഫ്യൂസ് എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും മീറ്റര്‍ ബോക്‌സ്. വൈദ്യുതി ഗുണഭോക്താക്കള്‍ ഇലക്ട്രോണിക് മീറ്ററുകള്‍ സ്വയം വാങ്ങി ഘടിപ്പിക്കണമെന്ന വ്യവസ്ഥയാണ് കെഎസ്ഇബി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍, ആധുനിക രീതിയിലുള്ള മീറ്റര്‍ ബോക്‌സുകള്‍ വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും എം നൗഷാദിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss