|    Aug 18 Sat, 2018 8:27 am
FLASH NEWS

ഓഫിസുകള്‍ ഹരിതനിയമാവലി കര്‍ശനമായി പാലിക്കണം: കലക്ടര്‍

Published : 4th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിത നിയമാവലി കര്‍ശനമായി പാലിക്കണമെന്നു ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ നടത്തിയ അവലോകന യോഗത്തില്‍ ഓഫിസുകളിലെ ഹരിതനിയമാവലി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹരിതകേരള മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 58 സര്‍ക്കാര്‍ ഓഫിസുകളിലെ പ്രവര്‍ത്തനമാണ് പരിശോധിച്ചത്.
നോഡല്‍ ഓഫിസര്‍മാരെ നിയമിക്കാത്ത വകുപ്പുകള്‍ ആഗസ്ത് 15നു മുമ്പ് നിയമിക്കണം. ഹരിതനിയമാവലി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഓഫിസ് മേധാവികള്‍ ശ്രദ്ധപുലര്‍ത്തണം. ഫയലുകള്‍ അടുക്കും ചിട്ടയുമായി സൂക്ഷിക്കുക, ആവശ്യമില്ലാത്ത ഫയലുകള്‍ മേശയില്‍ നിന്നു മാറ്റി സംരക്ഷിക്കുക, പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഒഴിവാക്കി സ്റ്റീല്‍, ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കുക, ടിഷ്യു പേപ്പര്‍ ഒഴിവാക്കി തൂവാലകള്‍ ശീലമാക്കുക, ഓഫിസും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എല്ലാ ഓഫിസിലും ജൈവമാലിന്യങ്ങള്‍ ശേഖരിക്കാന്‍ സൗകര്യമൊരുക്കുക, അജൈവ മാലിന്യങ്ങള്‍ വലിച്ചെറിയാതെ ശേഖരിച്ചു വയ്ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഹരിത നിയമാവലിയിലുള്ളത്. വയനാടിനെ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ തുടക്കമാവണമെന്നും അതിനായി ജീവനക്കാര്‍ മാതൃകയാവണമെന്നും കലക്ടര്‍ പറഞ്ഞു.
ഓഫിസുകളില്‍ ശുചിത്വ ജോലിചെയ്യുന്ന ജീവനക്കാരുടെ സംയുക്തയോഗം വിളിക്കാന്‍ നോഡല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂളുകളിലും ഹരിതനിയമാവലി ചട്ടങ്ങള്‍ അടുത്തഘട്ടത്തില്‍ വ്യാപിപ്പിക്കും. ഓഫിസുകളിലെ ഇലക്ടട്രോണിക് മാലിന്യങ്ങള്‍ 15നു മുമ്പ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. കലക്ടറേറ്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിയമപ്രശ്‌നങ്ങളില്ലാത്ത വാഹനങ്ങള്‍ നീക്കം ചെയ്യും. യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി എ ജസ്റ്റിന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ എ കെ രാജേഷ്, പ്രോഗ്രാം ഓഫിസര്‍ അനൂപ് കിഴക്കേപ്പാട്ട് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss