|    Nov 13 Tue, 2018 4:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓഫിസിന് നേരെ കല്ലേറ്; മുന്നറിയിപ്പുമായി എന്‍എസ്എസ്

Published : 3rd November 2018 | Posted By: kasim kzm

തിരുവനന്തപുരം/കോട്ടയം: എന്‍എസ്എസ് ഓഫിസിനു നേരെ ആക്രമണം. തിരുവനന്തപുരം പാപ്പനംകോട് മേലാങ്കോടിന് സമീപത്തെ ചട്ടമ്പിസ്വാമി സ്മാരക കരയോഗ ഓഫിസിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ ആക്രമണമുണ്ടായത്. കല്ലേറില്‍ പ്രതിമാ മന്ദിരത്തിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കു ഭീഷണിസന്ദേശമായി റീത്തും വച്ചിട്ടുണ്ട്. പുലര്‍ച്ചെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മന്ദിരത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. അതേസമയം, അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപിയും സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചവരാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎമ്മും ആരോപിച്ചു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം, കരയോഗമന്ദിരങ്ങള്‍ക്കെതിരായി നടന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി എന്‍എസ്എസ് രംഗത്തെത്തി. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് അറിയാമെന്നും എന്‍എസ്എസിനോട് ഇക്കളി വേണ്ടെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നടത്തിവരുന്ന പ്രതിഷേധത്തിന്റെ പേരിലാണ് സംസ്ഥാനത്ത് മൂന്നുനാല് സ്ഥലങ്ങളില്‍ കരയോഗമന്ദിരങ്ങള്‍ക്കെതിരേ ആക്രമണമുണ്ടായത്. ദേവസ്വം നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നതിനെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഹൈന്ദവ വിശ്വാസികള്‍ എല്ലാം മറന്ന് വിശ്വാസസംരക്ഷണത്തിനായി ഒരുമിച്ചുനില്‍ക്കവേയുള്ള നടപടി സംശയകരമാണ്. ഹിന്ദുക്കള്‍ക്കിടയില്‍ സംവരണത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദേവസ്വം നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഒരു വര്‍ഷം മുമ്പ് നടത്തിയതാണ്. അതു നടപ്പാക്കുന്നതിന് പ്രത്യേക ചട്ടമുണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. പൊടുന്നനെ ഇത്തരമൊരു പ്രഖ്യാപനമുണ്ടായതിനു പിന്നിലെ ലക്ഷ്യം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ദേവസ്വം നിയമനങ്ങളിലെ സംവരണം നടപ്പാക്കുന്നതിനേക്കാള്‍ പ്രധാനം ശബരിമലയിലെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നവരാണ് എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ കിണഞ്ഞുപരിശ്രമിക്കുകയാണ്. നവോത്ഥാനത്തിനു മുമ്പുള്ള കാലഘട്ടത്തിലേക്കു കേരളത്തെ തിരിച്ചുകൊണ്ടുപോവാനാണ് ഇക്കൂട്ടരുടെ ശ്രമം. രാഷ്ട്രീയലാക്ക് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന ശക്തമായ നിലപാട് എന്‍എസ്എസ് സ്വീകരിച്ചതിനു പിന്നാലെയാണ് കരയോഗ മന്ദിരങ്ങള്‍ക്കെതിരേ വ്യാപക അക്രമമുണ്ടായത്. ഇതിനു പിന്നിലെ ശക്തികളെ ജനം തിരിച്ചറിയുന്നുണ്ട്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ഗൂഢനീക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. അക്രമത്തിന് നേതൃത്വം കൊടുത്ത വിധ്വംസകശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി തയ്യാറാവണം. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പില്‍ ഒരു നിയന്ത്രണവുമില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss