|    Jun 28 Wed, 2017 2:23 am
FLASH NEWS

ഓപറേഷന്‍ സവാരിഗിരിഗിരി ഉദ്ഘാടനം ചെയ്തു; വിദ്യാര്‍ഥികള്‍ക്ക് ശുഭയാത്ര

Published : 1st March 2016 | Posted By: SMR

കോഴിക്കോട്: ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാന്യവും സുഖകരവുമായ ബസ്‌യാത്ര ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാഭരണകൂടം നടപ്പാക്കിയ ഓപറേഷന്‍ സവാരിഗിരിഗിരി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്-സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിച്ചു. കുട്ടികളെ കണ്ടാല്‍ നിര്‍ത്താതെ പോവുന്ന ബസ്സിന്റെ പിറകേ ഓടേണ്ടിവരുന്ന ഗതികേട് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിയുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ നാളെയുടെയല്ല ഇന്നിന്റെ തന്നെ പൗരന്‍മാരാണ്. അന്തസ്സായ യാത്രയ്ക്കുള്ള അവകാശം അവര്‍ക്കുണ്ട്. ബസ് ഉടമകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കച്ചവട താല്‍പര്യങ്ങള്‍ക്കപ്പുറം സമൂഹ നന്‍മ ലക്ഷ്യമിടുന്ന സംഘടനകളും സ്ഥാപനങ്ങളുമാണ് ഇത്തരം പദ്ധതികള്‍ വിജയിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ക്ക് വീല്‍സ് കാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കവെ ജില്ലാകലക്ടര്‍ പറഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ 200 സ്‌കൂളുകളിലെ കുട്ടികളെ ഇതിനകം പദ്ധതിക്ക് വേണ്ടി റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 250 ബസ്സുകള്‍ രജിസ്‌ട്രേഷനും അനുബന്ധ നടപടികളും പൂര്‍ത്തിയാക്കി.
ബാക്കിയുള്ളവര്‍ കൂടി ഉടന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതിയുടെ ഭാഗമാവണമെന്നും അദ്ദേഹം പറഞ്ഞു. ബസ്സുകള്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കുന്നത് പെര്‍മിറ്റ് നിയമങ്ങളുടെ ലംഘനമാണെന്നും ഓപറേഷന്‍ സവാരിഗിരി പദ്ധതി നടപ്പാക്കിയ ശേഷവും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികളെ കയറ്റുന്നതു മൂലം ബസ്സുകള്‍ക്കുണ്ടാവുന്ന വരുമാനനഷ്ടം നികത്താന്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്താന്‍ പരിപാടിയുണ്ട്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ബസ്സുകള്‍ക്ക് ഈ ആനുകൂല്യം നഷ്ടമാവും. 3000 കുട്ടികള്‍ക്കാണ് ഒന്നാംഘട്ടത്തില്‍ സ്മാര്‍ട് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
കണ്ടക്ടര്‍മാര്‍ക്കുള്ള വീല്‍സ്‌കാര്‍ഡ് ടിക്കറ്റിങ് മെഷീന്‍ വിതരണോദ്ഘാടനം സിറ്റി പോലിസ് കമ്മീഷണര്‍ ഉമ ബെഹ്‌റ നിര്‍വഹിച്ചു. മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷനായിരുന്നു.
പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കിയ ടെക്‌നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് സിഇഒ നിഷാന്ത് രവീന്ദ്രന്‍, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി എ വര്‍ഗീസ്, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ആര്‍ടിഒ കെ പ്രേമാനന്ദന്‍, കേരള ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍, ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫോറം സെക്രട്ടറി പി ടി സി ഗഫൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രഭാകര വര്‍മ, ജില്ലാ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി രാധാകൃഷ്ണന്‍ കെ സംസാരിച്ചു. ബസുകള്‍ കുട്ടികളെ വീതംവയ്ക്കുന്ന നിലവിലെ അവസ്ഥ മാറി കണ്‍സഷന്‍ നല്‍കുന്നത് മൂലമുണ്ടാവുന്ന വരുമാനത്തിലെ കുറവ് ബസുകള്‍ക്കിടയില്‍ വീതംവയ്ക്കുന്ന രീതിയാണ് ഓപറേഷന്‍ സവാരിഗിരിയിലൂടെ നടപ്പാക്കുന്നത്.
വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലും, ബസ് ജീവനക്കാര്‍ പരസ്പരവുമുള്ള ശത്രുതാ മനോഭാവം പദ്ധതി നടപ്പാവുന്നതോടെ ഇല്ലാതാവും. ഓരോ വിദ്യാര്‍ഥിക്കും കണ്‍സഷന്‍ നല്‍കുന്നതു മൂലം മിനിമം ചാര്‍ജിലുണ്ടാവുന്ന ആറു രൂപ നഷ്ടം (ഉയര്‍ന്ന നിരക്കിലുണ്ടാവുന്ന അധികനഷ്ടമുള്‍പ്പെടെ) റൂട്ടിലെ ബസുകള്‍ക്കിടയില്‍ തുല്യമായി വീതം വെക്കപ്പെടുന്നതിനാല്‍ കൂടുതല്‍ കുട്ടികളെ കയറ്റിയവര്‍ക്ക് കൂടുതല്‍ നഷ്ടമുണ്ടാവുന്ന അവസ്ഥക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.
30 ലക്ഷം ചെലവില്‍ ഫെഡറല്‍ ബാങ്ക് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലഭ്യമാക്കിയ പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡ് വഴിയാണ് കണ്‍സഷന്‍ തുക ഈടാക്കുക. ഇതില്‍ വിദ്യാര്‍ഥിയുടെയും പഠിക്കുന്ന സ്‌കൂളിന്റെയും പേരുകള്‍ രേഖപ്പെടുത്തിയിരിക്കും. ബസില്‍ കയറാന്‍ അനുവദിക്കാതിരിക്കുക, മോശമായും വിവേചനപരവുമായ പെരുമാറ്റങ്ങള്‍ സഹിക്കേണ്ടിവരിക തുടങ്ങിയ പ്രയാസങ്ങളേതുമില്ലാതെ സന്തോഷത്തോടെയും അന്തസ്സോടെയും വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് ഇതോടെ കൈവരിക. വിദ്യാര്‍ഥികള്‍ക്കിടയില്‍ നടപ്പാക്കിയ ശേഷം സ്മാര്‍ട് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്ന രീതി മുതിര്‍ന്നവരിലേക്കു കൂടി വ്യാപിപ്പിക്കാനാണ് ജില്ലാഭരണകൂടത്തിന്റെ പദ്ധതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക