|    Jan 20 Fri, 2017 1:04 am
FLASH NEWS

ഓപറേഷന്‍ സങ്കട്‌മോചന്‍: സുദാനില്‍ നിന്ന് 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: ആഭ്യന്തരകലാപം രൂക്ഷമായ ദക്ഷിണ സുദാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചു. 45 മലയാളികള്‍ അടക്കം 156 പേരെയാണു വ്യോമസേനയുടെ പ്രത്യേക വിമാനമായ സി 17ല്‍ തലസ്ഥാനത്ത് എത്തിച്ചത്. രണ്ടു നേപ്പാളികളും ഒമ്പതു സ്ത്രീകളും മൂന്നു കുട്ടികളും ഇവരില്‍ ഉള്‍പ്പെടുന്നു. തുടര്‍യാത്രയ്ക്കുള്ള സംവിധാനവും ഒരുക്കിയിരുന്നു. 38 യാത്രക്കാരുമായി വിമാനം ഡല്‍ഹിയിലേക്കു പോയി.
ഇന്നലെ പുലര്‍ച്ചെ 4.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവരെ മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലാ കലക്ടര്‍ ബിജു പ്രഭാകറും ചേര്‍ന്ന് സ്വീകരിച്ചു. വിദേശകാര്യ സഹമന്ത്രി വി കെ സിങിന്റെ നേതൃത്വത്തിലായിരുന്നു ഓപറേഷന്‍ സങ്കട്‌മോചന്‍ എന്നു പേരിട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദക്ഷിണ സുദാന്റെ തലസ്ഥാനമായ ജുബയില്‍നിന്ന് വി കെ സിങും ഇവരെ അനുഗമിച്ചു. 550 ഇന്ത്യക്കാര്‍ സുദാനിലുണ്ട്. സ്വന്തമായി വീടും സ്ഥാപനങ്ങളും ഉള്ളതിനാല്‍ 300 പേര്‍ മടങ്ങിവരാന്‍ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. സുദാനില്‍ നിന്ന് ഉഗാണ്ടയിലെത്തി ഇന്ധനം നിറച്ചശേഷമാണു വിമാനം ഇന്ത്യയിലേക്കു പുറപ്പെട്ടത്. ഉഗാണ്ട സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ചെയ്തുതന്നതായും വി കെ സിങ് വ്യക്തമാക്കി.
ദക്ഷിണ സുദാനില്‍ സൈന്യവും വിമതരും തമ്മില്‍ കടുത്ത പോരാട്ടമാണു നടക്കുന്നതെന്നു നാട്ടിലെത്തിയ കുടപ്പനക്കുന്ന് സ്വദേശി അരുണ്‍കുമാര്‍ പറഞ്ഞു. സുദാനില്‍ 12 വര്‍ഷമായി എയര്‍കണ്ടീഷന്‍ ഡീലറായി ജോലിചെയ്യുകയാണ് അരുണ്‍. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വംനല്‍കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നന്ദിപറയുന്നതായും അരുണ്‍ പറഞ്ഞു. യുദ്ധം രൂക്ഷമായപ്പോള്‍ അരുണ്‍കുമാറാണു ബന്ധുക്കള്‍ വഴി നോര്‍ക്കയെ ആദ്യം വിവരമറിയിച്ചത്. തുടര്‍ന്ന് നോര്‍ക്ക അധികൃതര്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. മന്ത്രി വി കെ സിങ് അല്‍പസമയം വിശ്രമിച്ച ശേഷം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങി. കന്യാകുമാരി ജില്ലാ കലക്ടറുടെ നേതൃത്വത്തിലും പ്രത്യേകസംഘം സ്വീകരിക്കാന്‍ എത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ഒരു ബസ്സുമെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക