|    Dec 14 Thu, 2017 8:04 am
FLASH NEWS

ഓപറേഷന്‍ മസ്‌കാന്‍ : ഒഡീഷ പോലിസ് കണ്ണൂരില്‍

Published : 5th August 2017 | Posted By: fsq

 

കണ്ണൂര്‍: കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള ഒഡീഷ സര്‍ക്കാരിന്റെ തീവ്രയജ്ഞ പരിപാടിയായ ഓപേറഷന്‍ മസ്‌കാന്റെ ഭാഗമായി ഒഡീഷ പോലിസ് കണ്ണൂരിലെത്തി. ഒഡീഷ ക്രൈംബ്രാഞ്ചിലെ 20 അംഗ വനിതാ സംഘമാണ് ഇന്നലെ എത്തിയത്. രാവിലെ കണ്ണൂരിലെ പോലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഒഡീഷയില്‍നിന്ന് വ്യാപകമായി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കേരളത്തിലേക്ക് ഉള്‍പ്പെടെ കടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇവരില്‍ ചിലരെയും ഏജന്റുമാരെയും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയുണ്ടായി.  2014 മെയില്‍ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്ന് രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ 562 കുട്ടികളെയാണ് പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍വേ പോലിസ് പിടികൂടിയത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് കൊണ്ടുവന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന് 2016ല്‍ സിബിഐ പാലക്കാട്ട് ക്യാംപ് ഓഫിസ് തുറന്നിരുന്നു. ഇതിന്റെ ഭാഗമായി സാമൂഹികനീതിവകുപ്പ്, ശിശുക്ഷേമസമിതി, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് തെളിവെടുകയുമുണ്ടായി. എന്നാല്‍, ഇക്കഴിഞ്ഞ ജൂലൈ 16നാണ് ഒഡീഷയില്‍ ഒരുമാസം നീളുന്ന ഓപേറഷന്‍ മസ്‌കാന്‍ യജ്ഞം പുനരാരംഭിച്ചത്. സ്ത്രീ-സുരക്ഷാ ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ ക്രൈംബ്രാഞ്ചാണ് അന്വേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാണാതായ കുട്ടികളില്‍ ആറുപേരെ പദ്ധതിയുടെ ആദ്യദിവസത്തില്‍ കണ്ടെത്തിയിരുന്നു. 2015ല്‍ 981 കുട്ടികളെയും 2016ല്‍ 2610 കുട്ടികളെയും പോലിസ് കണ്ടെത്തി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പലരും ഹോട്ടലുകളിലും മറ്റും ബാലവേല ചെയ്തുവരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക