|    Mar 24 Fri, 2017 5:49 am
FLASH NEWS

ഓപറേഷന്‍ ഭായി: ജില്ലയില്‍ വീണ്ടും ലഹരിവേട്ട

Published : 1st August 2016 | Posted By: SMR

കൊച്ചി: ഓപറേഷന്‍ ഭായിയുടെ തുടര്‍ച്ചയായി ജില്ലയില്‍ വന്‍ ലഹരിവേട്ട. എക്‌സൈസ് നടത്തിയ റെയ്ഡില്‍ 15 ഗ്രാം കഞ്ചാവ്, 5000 പാക്കറ്റ് ഹാന്‍സ്, സചിത്ര മുന്നറിയിപ്പ് ഇല്ലാത്ത 1000 പാക്കറ്റ് ബീഡി, 50 കിലോഗ്രാം പാന്‍മസാല എന്നിവ പിടിച്ചെടുത്തു. 88 പേര്‍ക്കെതിരേ കോട്പ പ്രകാരം കേസെടുക്കുകയും 17,600 രൂപ പിഴയും ഈടാക്കി. പാന്‍മസാല വില്‍ക്കുന്ന 26 കടകള്‍ അടച്ചുപൂട്ടി. മൂവാറ്റുപുഴ, കൂത്താട്ടുകുളം മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും നടത്തിയ റെയ്ഡില്‍ 3000 പാക്കറ്റ് ഹാന്‍സും  സചിത്ര മുന്നറിയിപ്പ് ഇല്ലാത്ത 1000 പാക്കറ്റ് ബീഡിയും 20 കിലോഗ്രാം പാന്‍മസാലയും കണ്ടെടുത്തു.
നിരോധിത പുകയില ഉല്‍പന്നങ്ങളും പാന്‍മസാലയും കൈവശം വച്ചതിന് 60 പേര്‍ക്കെതിരേ കോപ്ട പ്രകാരം കേസെടുക്കുകയും 12,000 രൂപ പിഴയും ഈടാക്കി. പാന്‍മസാല വില്‍ക്കുന്ന 10 കടകള്‍ അടച്ചുപൂട്ടി. എറണാകുളം സിറ്റിയിലും പരിസരപ്രദേശങ്ങളിലും നടന്ന റെയിഡില്‍ 15 ഗ്രാം കഞ്ചാവും 2000 പാക്കറ്റ് ഹാന്‍സും 30 കിലോഗ്രാം മറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. പാന്‍ മസാല വില്‍ക്കുന്ന 16 കടകള്‍ അടച്ചുപൂട്ടി.
കഞ്ചാവ് കൈവശം വച്ച പശ്ചിമബംഗാള്‍ സ്വദേശി അജിത്ത് ബെയിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം നടന്ന റെയ്ഡിന് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ കെ നാരായണന്‍കുട്ടി, എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ എസ് രഞ്ജിത്ത് നേതൃത്വം നല്‍കി.
തുടര്‍ന്നുളള ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. റെയ്ഡിന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സജീവ്കുമാര്‍ നമ്പ്യാര്‍, അബുഎബ്രഹാം, പി വി ഏലിയാസ് പി, എല്‍ ജോസ് എന്നിവരും ജില്ലയിലെ 23 ഓഫിസുകളിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക