|    May 25 Thu, 2017 8:47 am
FLASH NEWS

ഓപറേഷന്‍ ബോസ്: രാജ്ഭവനിലെ വാഹനങ്ങള്‍ക്കു നമ്പര്‍പ്ലേറ്റ് വയ്ക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം

Published : 18th July 2016 | Posted By: SMR

തിരുവനന്തപുരം: രാജ്ഭവന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ വാഹനങ്ങളിലും നമ്പര്‍ പ്ലേറ്റ് വയ്ക്കാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍ദേശിച്ചു. നമ്പര്‍പ്ലേറ്റ് വയ്ക്കാത്തത് ഗതാഗത നിയമലംഘനമാണെന്ന ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ നോട്ടീസിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. രാജ്ഭവനില്‍ ഗവര്‍ണറുടേതല്ലാത്ത വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് വയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 12ാം തിയ്യതിയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഗവര്‍ണറുടെ സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്. നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാത്തത് മോട്ടോര്‍ വാഹന നിയമങ്ങളുടെ ലംഘനമാണെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നു.
കേന്ദ്ര വാഹനനിയമ ചട്ടം രാജ്ഭവനിലെ വാഹനങ്ങള്‍ ലംഘിക്കുന്നുവെന്നാണ് ഗതാഗതവകുപ്പിന്റെ പരാതി. പ്രസിഡന്റിനും ഗവര്‍ണര്‍ക്കും നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് മോട്ടോര്‍ വാഹനനിയമം പറയുന്നത്. നമ്പര്‍ പ്ലേറ്റിനു പകരം ദേശീയ ചിഹ്നമാണ് ഇവരുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍, രാജ്ഭവന്‍ ഓഫിസിലെ മിക്ക വാഹനങ്ങളും നമ്പര്‍ പ്ലേറ്റില്ലാതെ രാജ്ഭവന്‍ എന്ന ബോര്‍ഡ് മാത്രം വച്ചാണ് സഞ്ചരിക്കുന്നത്. ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടോമിന്‍ ജെ തച്ചങ്കരി ഗവര്‍ണറുടെ സെക്രട്ടറിക്ക് കത്തു നല്‍കിയത്. അയല്‍ സംസ്ഥാനങ്ങളിലെ രാജ്ഭവന്‍ വാഹനങ്ങള്‍ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. കേരളത്തില്‍ മാത്രമാണ് വ്യത്യസ്തമായ രീതി തുടരുന്നത്. അതിനാല്‍ രാജ്ഭവനെന്ന ബോര്‍ഡ് വയ്ക്കുന്നതിനോടൊപ്പം നമ്പര്‍ പ്ലേറ്റും വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.
അനധികൃതമായി സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ബോര്‍ഡുകള്‍ വാഹനങ്ങളില്‍ സ്ഥാപിക്കുന്നതിനെതിരേ ഓപറേഷന്‍ ബോസ് എന്ന പേരില്‍ പരിശോധന ആരംഭിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഗതാഗത വകുപ്പിന്റെ നടപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവനിലെ ഔദ്യോഗിക വാഹനം ഒഴികെയുള്ള എല്ലാ വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റ് വയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. കേരള രാജ്ഭവന്‍ എന്നെഴുതിയ ബോര്‍ഡുകള്‍ക്ക് ഒപ്പം തന്നെയായിരിക്കും നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കുക. ഗവര്‍ണറുടേതൊഴികെയുള്ള വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കണമെന്ന് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇതില്‍ തീരുമാനമായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day