|    Jan 23 Mon, 2017 6:11 am
FLASH NEWS

ഓപറേഷന്‍ ബോസ്: അധികാര ചിഹ്നങ്ങളുടെ ദുരുപയോഗത്തിനെതിരേ നടപടി

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: വാഹനങ്ങളില്‍ അധികാര ചിഹ്നങ്ങളുടെ ദുരുപയോഗം തടയുന്നതിനുള്ള ‘ഓപറേഷന്‍ ബോസ്’ ശക്തമാക്കി. ഓപറേഷന്‍ ബോസ് ഉന്നതരേയും ലക്ഷ്യമിടുന്നതായി വ്യക്തമാക്കുന്നതാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ നടപടികള്‍. വെള്ളിയാഴ്ച കൃഷി, ഹാന്‍ഡ്‌ലൂം, പട്ടികവര്‍ഗ വികസന ഡയറക്ടര്‍മാര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. വകുപ്പിന് പകരം കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിനാണ് ഡയറക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയത്.
അതിനിടെ ഡെപ്യൂട്ടേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരും നിയമലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരേയും വരുംദിവസങ്ങളില്‍ നടപടിയുണ്ടാവും. ഐഎഎസ് ഉണ്ടായാല്‍ മാത്രം കാറില്‍ ബീക്കണ്‍ ലൈറ്റ് വച്ച് കറങ്ങാനാവില്ലെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. വാഹനങ്ങളില്‍ സിവില്‍ സര്‍വീസുകാരുടെതിനു സമാനമായ അധികാര ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരേ കര്‍ശന നടപടിക്കാണു മോട്ടോര്‍ വാഹനവകുപ്പ് തയ്യാറെടുക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥനാണെങ്കിലും ഡെപ്യൂട്ടേഷന്‍ സമയത്ത് ബീക്കണ്‍ ലൈറ്റ് അടക്കമുള്ളവയുപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ഏതൊക്കെ പദവിയില്‍ ആര്‍ക്കൊക്കെ ഇവ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായി പരിശോധിക്കും. ചിഹ്നങ്ങള്‍ വാഹനങ്ങളില്‍ ദുരുപയോഗം ചെയ്യുന്നവരെ ഓപറേഷന്‍ ബോസ് കുടുക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പതാകപോലും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണു നടപടി.
ഇതോടൊപ്പം കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡും വ്യാപകമായി വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. മന്ത്രിമാര്‍ക്ക് മാത്രമേ ഈ ബോര്‍ഡ് വയ്ക്കാന്‍ അധികാരമുള്ളൂ. ഇതോടെ വാഹന നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ, കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് വച്ച് ഓടുന്ന രാജ്ഭവനിലെയടക്കം വാഹനങ്ങളെ മോട്ടോര്‍ വാഹന വകുപ്പ് നോട്ടമിട്ടു എന്നാണു സൂചന.
വെള്ളിയാഴ്ച 12 വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അധികാര ദുര്‍വിനിയോഗം തടയാന്‍ സംസ്ഥാനത്ത് 37 സ്‌ക്വാഡുകളെയാണ് നിയമിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഭരണഘടനാ അതോറിറ്റികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പറിന് പുറമെ ബന്ധപ്പെട്ട പേര്‍ കൂടി വാഹനത്തില്‍ പ്രദര്‍ശിപ്പിക്കാം.
അനധികൃത പ്രസ് സ്റ്റിക്കര്‍ ഉപയോഗത്തിനെതിരേ ട്രാന്‍സ്‌പോര്‍ട്ട്
കമ്മീഷണര്‍
തിരുവനന്തപുരം: വാഹനങ്ങളില്‍ അനധികൃതമായി പ്രസ് ബോര്‍ഡും സ്റ്റിക്കറും ഉപയോഗിക്കുന്നതിനെതിരേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. ഇതുസംബന്ധിച്ച് കമ്മീഷണര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിക്കും കെയുഡബ്ല്യുജെ പ്രസിഡന്റിനും പി ആര്‍ വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു.
മാധ്യമ പ്രവര്‍ത്തനത്തിനു മാത്രമായി അനുവദിക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും അനധികൃതമായി മറ്റുപലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത് തടയാനാണ് നടപടിയെന്നും തച്ചങ്കരിയുടെ കത്തില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനത്തിലേ പ്രസ് ബോര്‍ഡ് ഉപയോഗിക്കാവൂ എന്നും കത്തില്‍ പറയുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക