|    Mar 17 Sat, 2018 4:31 pm
FLASH NEWS

ഓപറേഷന്‍ കുബേര നിലച്ചു: കൊള്ളപ്പലിശക്കാരുടെ കേന്ദ്രമായി തൊടുപുഴ

Published : 13th July 2016 | Posted By: SMR

തൊടുപുഴ: പലിശ മാഫിയ സംഘത്തെ പിടികൂടാന്‍ ആരംഭിച്ച ഓപറേഷന്‍ കുബേര നിലച്ചതോടെ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ബ്ലേഡ് സംഘങ്ങള്‍ വീണ്ടും സജീവമായി. കോതായിക്കുന്ന് സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മങ്ങാട്ടുകവല എന്നിവിടങ്ങളില്‍ ബ്ലേഡ് മാഫിയ വിലസുകയാണ്.
തമിഴ് വട്ടിപ്പലിശക്കാരും കൂടുതല്‍ ഉഷാറായി രംഗത്തുണ്ട്. ഓപ്പറേഷന്‍ കുബേരയില്‍ നിരവധി പേരാണ് പോലിസിന്റെ പിടിയിലായത്. അറസ്റ്റു ഭയന്ന് പലരും രംഗത്തു നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ കുബേര നിലച്ചതോടെ ഇവരില്‍ പലരും വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും ഈട് നല്‍കിയവര്‍ക്കാണ് വീണ്ടും ഭീഷണിയായത്. രാത്രിയില്‍ വീടുകളിലെത്തിയാണ് ഭീഷണി. പലരും പേടികാരണം വിവരം പുറത്തു പറയാന്‍ പോലും തയ്യാറാകുന്നില്ല.നിര്‍ധനരായ തൊഴിലാളികളാണ് സംഘത്തിന്റെ വലയില്‍പ്പെട്ടിരുന്നത്.
1000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള ഇടപാടുകളാണ് കൊള്ള പലിശയ്ക്ക് ഇവര്‍ നല്‍കുന്നത്. യാതൊരു വിധ ഈടുമില്ലാതെ ആദ്യം പണം കടം നല്‍കുന്ന ബ്ലേഡുകാര്‍ പിന്നീട് ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും ആധാരങ്ങളും ഈടായി വാങ്ങുന്നു. ഭീമമായ പലിശയ്ക്ക് പണം നല്‍കിയ ശേഷം മടക്കി ലഭിക്കാതെ വരുമ്പോള്‍ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വീട്ടിലും വ്യാപാര സ്ഥാപനങ്ങളിലും കയറി മര്‍ദിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്തുണ്ടായിട്ടുണ്ട്.
പലവിധ മാര്‍ഗങ്ങളിലൂടെയും പണം സമ്പാദിച്ച ശേഷം കൊള്ളപ്പലിശയ്ക്ക് പണം നല്‍കുന്ന ബിസിനസില്‍ എന്തിനും തയാറായി ഗുണ്ടാ സംഘങ്ങളുമുണ്ട്. ഇവരെ ഉപയോഗിച്ചാണ് പണപ്പിരിവും മറ്റും നടത്തുന്നത്. പണം മേടിച്ചാല്‍ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ രണ്ടിരട്ടി മടക്കി നല്‍കിയാലും കടം തീരാത്ത വിധത്തിലുള്ള തന്ത്രമാണ് മാഫിയകളുടേത്. കേസിന്റെയും മറ്റും നൂലാമാലകളില്‍ പെടുമെന്നതിനാല്‍ നഷ്ടം സഹിച്ചും ഇടപാടുകാര്‍ വീണ്ടും പലിശ ഇവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. ഒരു സംഘത്തിന് പലിശ നല്‍കാന്‍ മറ്റൊരു ബ്ലേഡുകാരന്റെ പക്കല്‍ നിന്നും പണം കടമെടുത്ത് കടക്കെണിയിലായി ജീവിതം തകര്‍ന്നവര്‍ നിരവധിയാണ്. ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ബസ് തൊഴിലാളികള്‍ക്കും മറ്റും പണം പലിശയ്ക്ക് നല്‍കുന്ന നിരവധി സംഘങ്ങളാണ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്.
കുബേര റെയ്ഡിന്റെ പേരില്‍ ചിലരെ കുടുക്കിയെങ്കിലും വമ്പന്‍മാരെ പോലിസിന് തൊടാന്‍പ്പോലും കഴിഞ്ഞില്ലെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss