|    Mar 24 Sat, 2018 7:47 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഓന്തുകള്‍ നാണിച്ച് നാടുവിടുന്നു!

Published : 25th November 2016 | Posted By: SMR

slug-madhyamargamനാഴികയ്ക്ക് നാല്‍പതു വട്ടം നിറം മാറുന്ന ജീവിയാണത്രേ ഓന്ത്. നാട്ടിലെ ഓന്തുകളൊക്കെ നാണംകൊണ്ട് തല കുനിച്ചു നാടുവിടുകയാണ്. ജന്‍മസിദ്ധമായി തങ്ങള്‍ക്കു കിട്ടിയ നിറംമാറ്റല്‍ ഗുണം രാഷ്ട്രീയനേതാക്കള്‍ക്ക് സൗജന്യമായി ലഭിച്ചതില്‍ ഓന്തുകള്‍ക്ക് ഒട്ടും വിഷമമുണ്ടായിട്ടില്ല. പണ്ടുകാലം മുതലേ അതൊക്കെ നടന്നുവന്നതില്‍ ഓന്തുകള്‍ ക്ഷമിച്ചുവരുകയായിരുന്നു.
എന്നാല്‍, തങ്ങളേക്കാള്‍ വേഗത്തില്‍ ഇക്കൂട്ടര്‍ നിറം മാറ്റിയാല്‍ ഓന്തുകള്‍ക്ക് ഇവിടെ രക്ഷയുണ്ടാവുമോ? വംശം തന്നെ തകര്‍ന്നുപോവില്ലേ? അതുകൊണ്ടാണ് ഓന്തുസമൂഹം സാക്ഷരനാട്ടില്‍ നിന്നു സാക്ഷരത അത്രയില്ലാത്ത നാട്ടിലേക്കു നീങ്ങുന്നത്. സമീപകാലത്തെ എണ്ണംപറഞ്ഞ രണ്ടു നേതാക്കളുടെ നിറംമാറ്റമാണത്രേ ഓന്തുകളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
അതിലാണെങ്കില്‍ താരപദവിയില്‍ നിലനില്‍ക്കുന്നത് കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ്. ആദര്‍ശത്തിന്റെ മൊത്തക്കച്ചവടക്കാരനായ അദ്ദേഹം എംപിയായിരിക്കുമ്പോള്‍ നടന്ന സംഭവം ഓര്‍ക്കുന്നു. കരിമണല്‍ ഖനനത്തിനെതിരേ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലപ്പുഴയില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ വി എം സുധീരന്‍ എംപി പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് എംപിയും ഏതാനും ഖദര്‍ധാരികളും ചുവപ്പന്‍ ചങ്ങലയില്‍ കണ്ണികളാവാന്‍ എത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. സിപിഎം നേതാവ് എം എ ബേബിയോടൊപ്പം അദ്ദേഹം ആവേശത്തോടെ പങ്കെടുക്കുകയും ചാനലുകാര്‍ക്കു മുമ്പില്‍ വാ തോരാതെ സംസാരിക്കുകയും ചെയ്തു.
തന്നെ ജയിപ്പിക്കാന്‍ ഊണും ഉറക്കവും നഷ്ടപ്പെടുത്തി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യുഡിഎഫ് ഘടകകക്ഷികളുടെയും വികാരങ്ങളെ മാനിക്കാതെയാണ് എംപി ചുവപ്പന്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു. അന്നു വി എം സുധീരന്‍ പ്രസംഗിച്ചത് ഇപ്രകാരമാണ്: ‘ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു രാഷ്ട്രീയവും മുന്നണിയും നോക്കാന്‍ പാടില്ല. ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണം. കരിമണല്‍ ഖനനത്തിനെതിരേ രാഷ്ട്രീയം മറന്നുള്ള പോരാട്ടത്തില്‍ ഞാന്‍ പങ്കാളിയാവും. ജനങ്ങളോടൊപ്പം നിലകൊള്ളുന്ന ഒരു പൊതുപ്രവര്‍ത്തകന് അതേ ചെയ്യാന്‍ കഴിയൂ.’
നോട്ടുവിഷയത്തിലൂടെ ബിജെപി സര്‍ക്കാര്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ സംസ്ഥാനത്തെ യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ചുനിന്നു. മൂത്ത ആദര്‍ശധീരനായ എ കെ ആന്റണി വരെ ഒറ്റക്കെട്ടായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. അപ്പോഴാണ് വി എം സുധീരന്റെ വേറിട്ട ശബ്ദം ഓന്തുകള്‍ ചെവികൂര്‍പ്പിച്ചു കേട്ടത്: ‘ഇടതുപക്ഷവുമായി ചേര്‍ന്നുള്ള സമരത്തിനില്ല. സമരം തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസുകാരുടെ വികാരം മാനിക്കണം.’ ഗംഭീര പ്രഭാഷണം തന്നെ അദ്ദേഹം നടത്തി. അത് ഓന്തുകള്‍ കേട്ടെങ്കിലും ഇരുമുന്നണികളില്‍ പെട്ടവരും മൂപ്പരുടെ ഹൈക്കമാന്‍ഡും കേട്ടില്ല. നാടിനെ സ്‌നേഹിക്കുന്നവര്‍ ഒറ്റക്കെട്ടായപ്പോള്‍ സുധീരനവര്‍കള്‍ ഒറ്റപ്പെട്ടുപോയത് കര്‍മഫലമെന്നേ പറയാനുള്ളൂ.
മൂന്നു മുന്നണികളോടും എതിരിട്ട് പൂഞ്ഞാറില്‍ നിന്നു ജനപ്രതിനിധിയായ പി സി ജോര്‍ജ് സാറിന്റെ നിറംമാറ്റം മിന്നല്‍വേഗത്തിലായിരുന്നു. പ്രധാനമന്ത്രി നോട്ട് പിന്‍വലിച്ചപ്പോള്‍ പി സി ജോര്‍ജ് ചാനല്‍ കാമറകള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. നാട്ടില്‍ ഏതു പ്രശ്‌നം ഉണ്ടായാലും അദ്ദേഹം ആദ്യം ചെയ്യുന്ന സേവനം ഈ പ്രത്യക്ഷപ്പെടലാണ്. പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രശംസിച്ചു. കള്ളപ്പണക്കാര്‍ക്കെതിരേ ഇങ്ങനെ ധീരമായ നടപടിയെടുക്കാന്‍ നരേന്ദ്ര മോദിക്കു മാത്രമേ കഴിയുകയുള്ളൂവെന്നും പ്രഖ്യാപിച്ചു. അതൊക്കെ വള്ളിപുള്ളി വിടാതെ പത്രങ്ങളിലും ചാനലുകളിലും വന്നു.
കഴിഞ്ഞ ദിവസം നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ മോദിയെ സ്തുതിക്കാന്‍ ഒ രാജഗോപാലിനോടൊപ്പം പി സി ജോര്‍ജും ഉണ്ടാവുമെന്നായിരുന്നു ഏവരും ധരിച്ചത്. പക്ഷേ, സംഭവിച്ചതു മറിച്ചാണ്. നോട്ട് പിന്‍വലിച്ചത് കള്ളപ്പണക്കാര്‍ക്കു വേണ്ടിയാണെന്നാണ് ജോര്‍ജിന്റെ വാദം. പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കുന്ന മോദിസര്‍ക്കാരിനെതിരേ രാഷ്ട്രീയം മറന്നുകൊണ്ടുള്ള പ്രക്ഷോഭം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ നിയമസഭാ രേഖകളില്‍ ഉണ്ടാവും. നേരത്തേ പറഞ്ഞ കാര്യങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും മാത്രമേ ഉണ്ടാവുകയുള്ളൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss