|    May 24 Wed, 2017 3:33 pm
FLASH NEWS

ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് യൂബര്‍ ഓഫിസ് ഉപരോധിക്കും

Published : 17th October 2016 | Posted By: Abbasali tf

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് 24 മണിക്കൂര്‍ ഓഫ്‌ലൈനാവുന്നു. തുടര്‍ന്ന് രാവിലെ 11ന് യൂബര്‍ ഓഫിസിലേയ്ക്ക് തൊഴിലാളികള്‍ പ്രതിഷേധമാര്‍ച്ച് നടത്തും. വാഹന അനുപാതം 1:20 ആക്കുക, 12 മണിക്കൂര്‍ തുടര്‍ച്ചയായി ഓണ്‍ലൈനില്‍ ജോലിചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് മിനിമം തുക ഉറപ്പുവരുത്തുക. ഡ്രൈവര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, അനിയന്ത്രിതമായി വാഹനം അറ്റാച്ച് ചെയ്ത് ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കുക, മാനേജ്‌മെന്റിന്റെ ട്രിപ്പ് കണ്‍ട്രോള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കഴിഞ്ഞ ഒരു വര്‍ഷത്തെ ഓണ്‍ ലൈന്‍ ടാക്‌സി മാനേജ്‌മെന്റുകളുടെ നിലപാടുകള്‍ ഡ്രൈവര്‍മാരെ മാരകമായ തൊഴില്‍ ചൂഷണത്തിന് വിധേയമാക്കുന്നതാണെന്ന് ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി ആര്‍ എസ് കുമാര്‍, ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഓണ്‍ ലൈന്‍ ടാക്‌സി ബിസിനസ് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അനിയന്ത്രിതമായി പുതിയ കാറുകള്‍ അറ്റാച്ച് ചെയ്യുന്നത് ഈ തൊഴില്‍ മേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാവുന്നു. റിക്വസ്റ്റും കാറുകളുടെ എണ്ണവും 1:20 വേണമെന്ന് ഓണ്‍ ലൈന്‍ ടാക്‌സി യൂനിയന്‍ ഡിമാന്റ് നോട്ടീസിലൂടെ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. 16 മണിക്കൂര്‍ തുടര്‍ച്ചയായി ഓണ്‍ലൈനില്‍ ഉണ്ടായാല്‍ ഒരു മിനിമം തുക സുരക്ഷിതമായി ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യൂബര്‍ മാനേജ്‌മെന്റിന് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. യൂബര്‍ മാനേജ്‌മെന്റ് ഒരു അനൗദ്യോഗിക ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ ഒന്നുപോലും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ട്രേഡ് യൂനിയന്‍ നേതാക്കന്‍മാരെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സമീപനമാണ് മാനേജ്‌മെന്റ് എടുത്തത്. ഇതേ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഇവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day