|    May 29 Mon, 2017 7:06 pm
FLASH NEWS

ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി സര്‍വേ; ഭൂരിഭാഗം സ്ത്രീകളും പരാതി നല്‍കാന്‍ തയ്യാറാവുന്നില്ല

Published : 18th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായുള്ള ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നതായി സര്‍വേ ഫലങ്ങള്‍. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമായ ഗൊയിസ് സോഫ്റ്റ്‌വെയര്‍ ലാബ് (ജിഎസ്എല്‍) ആണ് ഇതുസംബന്ധിച്ച് സര്‍വേ നടത്തിയത്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരേ കുറ്റകൃത്യങ്ങള്‍ അധികരിക്കുമ്പോഴും ഇരകള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും സര്‍വേ പറയുന്നു. കൗമാരക്കാരാണ് ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുന്നത്. നൂറ് മലയാളി വനിതകളെ സാംപിളായി എടുത്താണ് ജിഎസ്എല്‍ സര്‍വേ നടത്തിയത്. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ അധികപേരും പരാതി നല്‍കാന്‍ തയ്യാറാവുന്നില്ലെന്നതാണ് സര്‍വേയുടെ പ്രധാന കണ്ടെത്തലുകളില്‍ ഒന്ന്. പഠനവിധേയമാക്കിയവരില്‍ 89 ശതമാനം പേരും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടും പരാതി നല്‍കാന്‍ തയ്യാറാവാത്തവരാണ്. ഓണ്‍ലൈനില്‍ പുരുഷന്‍മാരില്‍ നിന്നുണ്ടാവുന്ന ലൈംഗിക വൈകൃതങ്ങളെ അവഗണിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് 50 ശതമാനം പേര്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ ലൈംഗികാതിക്രമങ്ങള്‍ക്കിരയാവുമ്പോള്‍ പല സ്ത്രീകളും അക്കൗണ്ട് തന്നേ ഡിലീറ്റ് ചെയ്യാറാണ് പതിവ്. പരാതി നല്‍കാന്‍ തയ്യാറാവുന്ന സ്ത്രീകളെ ഭര്‍ത്താക്കന്‍മാരും ബന്ധുക്കളും പിന്തിരിപ്പിക്കുന്നതായും ചിലര്‍ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ നിയമനടപടികളെക്കുറിച്ചുള്ള അജ്ഞത മൂലവും പലരും പരാതി നല്‍കുന്നില്ല. വിദ്യാസമ്പന്നരായ യുവതികള്‍ പോലും പരാതി നല്‍കാന്‍ മടികാണിക്കുന്നതായി ജിഎസ്എല്‍ പ്രതിനിധി നന്ദകിഷോര്‍ പറയുന്നു.
ഓണ്‍ലൈനില്‍ ശല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുക മാത്രമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം പേര്‍ക്ക് മാത്രമാണ് സൈബര്‍ നിയമങ്ങളെക്കുറിച്ച് അറിവുള്ളത്. 16 ശതമാനം പേര്‍ക്ക് സൈബര്‍ നിയമങ്ങള്‍ എന്താണെന്നുപോലും അറിയാത്തവരാണ്. പല യുവാക്കളും തങ്ങളുടെ താല്‍ക്കാലിക ലൈംഗിക പങ്കാളിയെ കണ്ടെത്താനാണ് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഇത്തരക്കാരാണ് സ്ത്രീകളെ നിരന്തരം ശല്യം ചെയ്യുന്നത്.
2011-12 കാലയളവില്‍ മാത്രം സംസ്ഥാനത്ത് 80,000 സൈബര്‍ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 50,000 കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരേയുള്ളതാണെന്നും കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day