|    Jul 23 Mon, 2018 4:01 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിയമത്തില്‍ അപാകത; രണ്ടു പ്രാവശ്യം ഫീസ് ഈടാക്കുന്നു

Published : 13th September 2017 | Posted By: fsq

 

കുഞ്ഞിമുഹമ്മദ്  കാളികാവ്

കാളികാവ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിയമത്തിലെ അപാകത പരിഹരിക്കാതെ വസ്തു ഇടപാടുകാരെ രജിസ്‌ട്രേഷന്‍ വകുപ്പ് പിടിച്ചുപറിക്കുന്നതായി പരാതി. വസ്തു കച്ചവടം നടത്തിയാല്‍ ആദ്യം കരാര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണു നിയമം. കരാറില്‍ മുന്‍കൂര്‍ കാണിക്കുന്ന തുകയുടെ രണ്ടു ശതമാനം ഫീസും നല്‍കണം. ഈ നിയമം നേരത്തേ ഉണ്ടായിരുന്നെങ്കിലും കരാര്‍ രജിസ്‌ട്രേഷന്‍ സമയത്തെ ഫീസ് വസ്തുവിന്റെ രജിസ്‌ട്രേഷന്‍ സമയത്ത് ഇളവു ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ ഈ തുക ഇളവുചെയ്യാനാവില്ലെന്നാണ് സബ് രജിസ്ട്രാര്‍മാര്‍ പറയുന്നത്. ഇത് ഇടപാടുകാര്‍ക്കു വന്‍ സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിലവില്‍ വന്ന ശേഷമാണ് ഈ അപാകത ഇടപാടുകാര്‍ക്ക് ബാധ്യതയായത്. ഇതോടെ ഒരു വസ്തു കച്ചവടം നടത്തിയാല്‍ അതേ വസ്തുവിന് രണ്ടു പ്രാവശ്യം ഫീസടയ്‌ക്കേണ്ട അവസ്ഥയാണ്. ഫീസും മറ്റു പിഴകളും അതത് രജിസ്ട്രാര്‍ ഓഫിസുകളില്‍ നേരിട്ടു നല്‍കാനും മുമ്പ് സൗകര്യമുണ്ടായിരുന്നു. ഇപ്പോള്‍ ഓഫിസുകളില്‍ യാതൊരുവിധ പണമിടപാടുകളും നടക്കുന്നില്ല. മറിച്ച് എല്ലാ ഫീസുകളും മുന്‍കൂറായി സബ്ട്രഷറികളില്‍ അടയ്ക്കുകയാണു ചെയ്യുന്നത്.2017 മാര്‍ച്ച് മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. ഇന്റര്‍നെറ്റ് തകരാറ് കാരണം  പലപ്പോഴും രജിസ്‌ട്രേഷന്‍ മുടങ്ങിപ്പോവാറുമുണ്ട്. കരാര്‍ രജിസ്‌ട്രേഷന്‍ ഫീസ് പിന്നീട് തിരിച്ചുകിട്ടില്ലെന്ന് ഇടപാടുകാരെക്കൊണ്ട് സമ്മതിപ്പിച്ചശേഷമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഭൂമിയുടെ തരംതിരിച്ച് ഫെയര്‍ വാല്യു അധികരിപ്പിച്ചതും വര്‍ധിപ്പിച്ച മുദ്രപത്ര വിലയും ഫീസും കാരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രജിസ്‌ട്രേഷനില്‍ വന്‍ ഇടിവുണ്ടായതായി ആധാരമെഴുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വസ്തു ഇടപാടുകളും റിയല്‍ എസ്‌റ്റേറ്റ് രംഗവും പാടെ നിലച്ചു. കുടുംബ ഭാഗപത്ര ആധാരങ്ങളും ഒഴിമുറികളുമാണ് ഇപ്പോള്‍ ഏറെയും നടക്കുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തിലും 40 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. രജിസ്‌ട്രേഷന്‍ നടത്തുന്ന വസ്തുവിന്റെ ആകെ തുകയുടെ എട്ടുശതമാനത്തിന്റെ മുദ്രപത്രവും രണ്ടു ശതമാനം ഫീസുമാണ് അടയ്‌ക്കേണ്ടത്. 10 ലക്ഷം രൂപയുടെ ഒരു വസ്തുവില്‍പന നടത്തിയാല്‍ 80,000 രൂപയുടെ മുദ്രപത്രവും 20,000 രൂപ ഫീസുമാണ് നല്‍കേണ്ടിവരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss