|    Apr 24 Tue, 2018 2:54 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഓണ്‍ലൈന്‍ പെണ്‍വാണിഭം: സമഗ്രാന്വേഷണം വേണം

Published : 20th November 2015 | Posted By: SMR

ഫേസ്ബുക്കിലൂടെയും വെബ്‌സൈറ്റിലൂടെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലിസ് അറസ്റ്റ് ചെയ്ത വാര്‍ത്ത ഒരേസമയം ആശ്വാസത്തോടെയും ആശങ്കയോടെയുമാണ് കേരളത്തിലെ ജനങ്ങള്‍ ശ്രവിച്ചത്. നികൃഷ്ടതയുടെ ഒരു കൂട്ടായ്മയെങ്കിലും തകര്‍ന്നുവല്ലോ എന്നതാണ് ആശ്വാസത്തിനു വകനല്‍കുന്നതെങ്കില്‍, ഇനിയും എത്ര വേട്ടസംഘങ്ങള്‍ ഇരകള്‍ക്കായി വലവിരിച്ചു കാത്തുനില്‍ക്കുന്നുണ്ടാവുമെന്ന ആധിയാണ് ജനങ്ങളെ അസ്വസ്ഥരാക്കുന്നത്.
പടികടന്നുപോവുന്ന ഓരോ പെണ്‍കുഞ്ഞും ആണ്‍കുഞ്ഞും അച്ഛനമ്മമാരുടെ ഉള്ളില്‍ കത്തുന്നൊരു കനലായി മാറുന്ന ഒരു ദുരന്തകാലത്തിലൂടെയാണ് നമ്മുടെ യാത്ര. സ്ത്രീയെക്കുറിച്ചും അവളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയവലിയ വായ്ത്താരികള്‍ ചുറ്റും നിറയുമ്പോഴും അവളിലേക്കു നീളുന്ന ആര്‍ത്തിപൂണ്ട കൈകളുടെ എണ്ണം പെരുകുക തന്നെയാണ്.
ചുംബനസമരത്തിലൂടെ നമ്മുടെ മൂല്യബോധങ്ങള്‍ക്കു മേല്‍ കാര്‍ക്കിച്ചുതുപ്പി പാശ്ചാത്യ സംസ്‌കൃതിയുടെ ബോധമണ്ഡലത്തിലേക്ക് കേരളീയനെ മോചിപ്പിക്കാന്‍ പാടുപെട്ട ഒരു ‘മഹാനുഭാവനാ’ണ് കുടുംബസമേതം ഈ പെണ്‍വാണിഭത്തിന്റെ പേരില്‍ പോലിസ് പിടിയിലായത്. ഇത്തരം വീരവാദങ്ങളുടെയെല്ലാം അടിത്തട്ട് പരതിയാല്‍ ഇതുപോലെ ചീഞ്ഞളിഞ്ഞിരിക്കുമെന്നത് ഒരു അനുഭവസത്യമാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന കള്ളലേബലണിഞ്ഞു ലൈംഗികമായ അരാജകത്വവും സ്വാതന്ത്ര്യവും പ്രചരിപ്പിക്കാന്‍ പെട്ടെന്നിറങ്ങിപ്പുറപ്പെട്ടതായിരുന്നു ചുംബനസമരപ്രസ്ഥാനം. അതുമായി ബന്ധപ്പെട്ട പലരും ഉദ്ദേശ്യശുദ്ധിയുള്ളവരാണെന്നതില്‍ സംശയമില്ല. എന്നാല്‍, കാലങ്ങളായി എല്ലാ സമൂഹങ്ങളിലും നിലനില്‍ക്കുന്ന ശീലങ്ങളും ശാസനകളുമാണ് സമൂഹത്തിന്റെ ഭദ്രതയ്ക്കും സമാധാനത്തിനും അടിസ്ഥാനം. അത് അവര്‍ നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ പിടിയിലായ പ്രാപ്പിടിയന്മാര്‍ക്ക് സൈ്വരവിഹാരം നടത്തുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നത് അങ്ങനെയാണ്.
കോളജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കാത്തതിന്റെ വേവലാതിയില്‍ കേരളത്തിലെ മാധ്യമവേദികള്‍ ഉറക്കമിളയ്ക്കുന്നതിനിടയിലാണ് ഈ അറസ്റ്റ് എന്നത് അവസരോചിതമായി തോന്നുന്നു. സാമാന്യബുദ്ധിയുള്ള രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ കലാലയങ്ങളിലേക്കു പോവുന്നത് ചില സ്വാതന്ത്ര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനാണെന്നു കരുതുന്നവരല്ല. ചാനലുകളില്‍ ഇതിനു വേണ്ടി ഗദ്ഗദകണ്ഠരാവുന്നവരും സ്വന്തം മക്കളുടെ കാര്യത്തില്‍ അത്ര വിശാലമനസ്‌കരായിരിക്കുമെന്നു തോന്നുന്നില്ല. ഇത്തരം വിഷയങ്ങളില്‍ വാചാലരാകുന്ന പലരും കപടഭക്തരായിരിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ് മേല്‍സംഭവം.
ഇന്റര്‍നെറ്റും മൊബൈലും വന്നതോടെയാണ് പഴയ ഇത്തരം കൂട്ടായ്മകള്‍ സജീവമായത്. അതു പെണ്‍വാണിഭത്തിനും നിയന്ത്രണമില്ലാത്ത ലൈംഗികശീലങ്ങള്‍ക്കുമുള്ള വാതില്‍ തുറന്നുകൊടുത്തു. അക്കാര്യം വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ഇപ്പോള്‍ അറസ്റ്റിലായവരൊക്കെയും. സമ്മര്‍ദ്ദത്തിനു വഴങ്ങാതെ പോലിസ് നിഷ്പക്ഷവും സമഗ്രവുമായ കുറ്റാന്വേഷണത്തിലൂടെ ഈ റാക്കറ്റുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടാന്‍ തയ്യാറാവേണ്ടതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss