|    Dec 18 Mon, 2017 10:46 am
Home   >  Todays Paper  >  Page 1  >  

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബനസമര നേതാക്കള്‍ ഉള്‍പ്പെടെ 15 പേര്‍ പിടിയില്‍

Published : 19th November 2015 | Posted By: TK

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബനസമര നേതാക്കള്‍ ഉള്‍പ്പെടെ 15 പേര്‍ പിടിയില്‍. ചുംബനസമരത്തിന്റെ പ്രചാരകരായി ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞുനിന്ന രാഹുല്‍ പശുപാലന്‍ (29), ഭാര്യയും മോഡലുമായ രശ്മി നായര്‍ (27) എന്നിവര്‍ ഉള്‍പ്പെടെ 12 പേരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി.
പിടിയിലായവരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇതില്‍ കര്‍ണാടക സ്വദേശികളായ സഹോദരിമാരിലൊരാളെ പ്രായപൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതിക്കും മറ്റൊരു പെണ്‍കുട്ടിയെ നിര്‍ഭയക്കും കൈമാറി. സംഘത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ച രാഹുല്‍-രശ്മി ദമ്പതികളുടെ ആറു വയസ്സുള്ള ആണ്‍കുട്ടിയെയും ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കി.
മലപ്പുറം സ്വദേശി ഉമ്മര്‍ (28), പാലക്കാട് സ്വദേശികളായ വിജീഷ് (20), ആഷിഖ് (34) തൃശൂരിലെ സുജിത്ത് (28), എറണാകുളം സ്വദേശികളായ സോണി കുര്യന്‍ (26), അജീഷ് (21), തിരുവനന്തപുരം സ്വദേശിയും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ ചന്ദ്രകുമാര്‍ (36), കോട്ടയം സ്വദേശി പ്രദീപ് (32), കാസര്‍കോട്ടെ അബ്ദുല്‍ ഖാദര്‍ എന്ന അക്ബര്‍ (31), ബംഗളൂരു ലിംഗപുരം സ്വദേശി ലനീഷ് മാത്യു (39) എന്നിവരാണ് അറസ്റ്റിലായവര്‍.
ആദ്യത്തെ ആറു പേരെ ഫേസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളും പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്. എറണാകുളം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന മറ്റ് ആറു പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പിടിയിലായത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായ പശ്ചാത്തലത്തില്‍ ‘ഓപറേഷന്‍ ബിഗ് ഡാഡി’ എന്ന പേരില്‍ സൈബര്‍ പോലിസിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്. ആഷിഖിന്റെ ഭാര്യ മുബീനയും മറ്റൊരു യുവതിയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലിസിനെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് റെയ്ഡിനു നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവര്‍ക്കെതിരേ മറ്റൊരു കേസും ഫയല്‍ ചെയ്തിട്ടുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ വില്‍പനയ്ക്ക് വയ്ക്കുന്ന വിധം ഫേസ്ബുക്കിലെ ‘കൊച്ചുസുന്ദരികള്‍’ എന്ന കമ്മ്യൂണിറ്റി പേജുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പെണ്‍വാണിഭ സംഘത്തെ കുടുക്കിയത്. എറണാകുളത്തെ കുപ്രസിദ്ധ ഗുണ്ട അക്ബറാണ് പെണ്‍വാണിഭ സംഘത്തിന്റെ നേതാവ്. ദമ്പതികളായ രാഹുലും രശ്മിയും സംഘത്തിലെ പ്രധാനികളാണ്. രാഹുലാണ് ഇടപാടുകാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്.  പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss