|    Mar 24 Sat, 2018 6:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഓണ്‍ലൈന്‍ പെണ്‍വാണിഭം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍

Published : 20th November 2015 | Posted By: SMR

തിരുവനന്തപുരം: പോലിസ് പിടിയിലായ രാഹുല്‍ പശുപാലനും സംഘവും ഓണ്‍ലൈന്‍വഴി പെണ്‍വാണിഭം നടത്തിയത് സര്‍ക്കാര്‍ പദ്ധതിയുടെ മറവിലാണെന്നു പോലിസ്. ഗ്രാമങ്ങള്‍ ഡിജിറ്റലാക്കുന്ന കേന്ദ്രപദ്ധതിയുടെ ഏജന്റുമാരെന്ന വ്യാജേന പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ഇവര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഏജന്‍സിയെ സമീപിക്കുന്ന പെണ്‍കുട്ടികളെ റാക്കറ്റിലേക്കെത്തിക്കുന്നത് അറസ്റ്റിലായ ലിനീഷ് മാത്യുവാണ്. ഇവരുടെ വലയില്‍ വീഴുന്ന പെണ്‍കുട്ടികളെ ലിനീഷാണ് കൊച്ചിയിലെത്തിച്ച് രാഹുല്‍ പശുപാലിനു കൈമാറിയിരുന്നത്.
ചതിയില്‍പ്പെടുന്ന പെണ്‍കുട്ടികളെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് സംഘം കൂടെനിര്‍ത്തിയത്. സൈബര്‍ പോലിസ് ‘ഓപറേഷന്‍ ബിഗ് ഡാഡി’ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പോലിസിനു ലഭിച്ചത്. അറസ്റ്റിലായ രാഹുല്‍ പശുപാലനും സംഘവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് ആസൂത്രിത നീക്കങ്ങളിലൂടെയാണ്. ജോലിതേടി ചെന്നൈയിലെത്തിയപ്പോഴാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയതെന്നു ചോദ്യംചെയ്യലില്‍ രാഹുലും ഭാര്യയും സമ്മതിച്ചു.
സംഘത്തിന്റെ വലയില്‍ ഇതരസംസ്ഥാനക്കാരായ കൂടുതല്‍ യുവതികള്‍ ഉള്‍പ്പെട്ടതായാണു വിവരം. ഏഴുവര്‍ഷം മുമ്പ് ചെന്നൈയില്‍വച്ചാണ് രാഹുലും രശ്മിയും സൗഹൃദത്തിലാവുന്നത്. പരിചയം പ്രണയമായി വളര്‍ന്നതോടെ താമസവും ഒരുമിച്ചായി. പിന്നീടാണ് ആഡംബരജീവിതം നയിക്കാന്‍ ഇവര്‍ പുതുവഴികള്‍ തേടിയത്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയതും അങ്ങനെയാണ്. ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെ ഇതരസംസ്ഥാനക്കാരായ യുവതികളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. ബാംഗ്ലൂരില്‍നിന്നുള്ള യുവതികളായിരുന്നു സൗഹൃദങ്ങളില്‍ ഏറെയും. പിന്നീട് രാഹുലിന്റെ സുഹൃത്തും ശൃംഖലയുടെ മുഖ്യഇടനിലക്കാരിയുമായ ലിനീഷ് മാത്യുവിന് ഇവരെ പരിചയപ്പെടുത്തും. നാടുകാണിക്കാനെന്ന പേരിലും ജോലി വാഗ്ദാനം നല്‍കിയുമായിരുന്നു ഏറെപ്പേരെയും ലിനീഷ് മാത്യു കേരളത്തിലെത്തിച്ചത്. കൂട്ടത്തിലെ സുന്ദരികളെ രശ്മിയെപോലെ മോഡലാക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിക്കും. ഇത്തരത്തില്‍ സംഘത്തിനൊപ്പം ചേരുന്ന യുവതികളായിരുന്നു ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ ഇരകളായി മാറിയിരുന്നത്. സംശയങ്ങള്‍ക്ക് ഇടനല്‍കാതിരിക്കാന്‍ ചുംബനസമരമടക്കമുള്ള ആധുനിക സമരമാര്‍ഗങ്ങളും സംഘം മറയാക്കി. അതിനിടെ, ആറുവയസ്സുള്ള മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രശ്മിയുടെ മാതാപിതാക്കള്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചു. എന്നാല്‍, കുട്ടിയെ വിട്ടുനല്‍കാന്‍ മജിസ്‌ട്രേറ്റ് വിസമ്മതിച്ചു. രാഹുലിനും രശ്മിക്കുമൊപ്പം പിടികൂടിയ കുട്ടി ഇപ്പോള്‍ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss