|    Nov 20 Tue, 2018 9:13 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഓണ്‍ലൈന്‍ ടാക്‌സികള്‍ തടയുന്നത് ഗുണം ചെയ്യില്ല

Published : 1st November 2018 | Posted By: kasim kzm

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട്ടും മറ്റു പട്ടണങ്ങളിലും ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടിക്കുന്നവര്‍ക്കെതിരേയുള്ള കൈയേറ്റങ്ങള്‍ ജനോപകാരപ്രദമായ ഒരു സാങ്കേതികവിദ്യയെ ബലമായി തടഞ്ഞുകളയാനുള്ള ചിന്തയില്‍ നിന്ന് മുളയെടുക്കുന്നതാണ്.
പരമ്പരാഗത ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ തങ്ങള്‍ക്കുള്ള കുത്തകാധികാരം ഉപയോഗിച്ച് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും യാത്രക്കാരെ ചൂഷണം ചെയ്യുന്നത് പതിവായതോടെയാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ രംഗത്തുവന്നത്. അമേരിക്കയില്‍ ഊബര്‍ ടാക്‌സികള്‍ വന്നത് വലിയ വിപ്ലവത്തിനു തുടക്കമിട്ടു. ഓഹരിവിലയുടെ അടിസ്ഥാനത്തില്‍ ഊബര്‍ ഇന്ന് അമേരിക്കയിലെ ഏറ്റവും വില കൂടിയ കമ്പനികളിലൊന്നാണ്. മാനേജ്‌മെന്റ് തലത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടായെങ്കിലും ഊബര്‍ വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്. അതിനെ മാതൃകയാക്കിയ പല സംരംഭങ്ങളും മറ്റു രാജ്യങ്ങളിലുമുണ്ട്.
ഏവര്‍ക്കും ഉപയോഗിക്കാന്‍ എളുപ്പമുള്ള ഒരു ആപ്പിലൂടെ യാത്രക്കാര്‍ക്കു വാഹനങ്ങള്‍ കൈവശമുള്ളവരുമായി ബന്ധപ്പെടാനും വാടക കൊടുത്ത് സഞ്ചരിക്കാനും കഴിയും. ടാക്‌സി യൂനിയനുകളുടെ പിടിച്ചുപറിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സുരക്ഷിത വഴിയെന്ന നിലയ്ക്കാണ് ജനങ്ങള്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉപയോഗിക്കുന്നത്. ഇത് നിലവിലുള്ള ടാക്‌സി കമ്പനികളുടെയും യൂനിയനുകളുടെയും എതിര്‍പ്പിനു കാരണമായതില്‍ അദ്ഭുതമില്ല. പല രാജ്യങ്ങളിലും ടാക്‌സി യൂനിയനുകളുടെ ചൂഷണം തടയുന്നതിനായി ഭരണകൂടങ്ങള്‍ വാടകനിരക്ക് നിര്‍ണയിക്കാറുണ്ടെങ്കിലും ഫലത്തില്‍ അതു പരിഗണിച്ചല്ല ടാക്‌സികള്‍ ഓടാറുള്ളത്. മുംബൈ പോലുള്ള ചില നഗരങ്ങളിലൊഴിച്ച് ഇന്ത്യയില്‍ യാത്രക്കാര്‍ പൊതുവില്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രമാണ് ടാക്‌സികളെ അവലംബിക്കാറ്.
ഓണ്‍ലൈന്‍ ടാക്‌സികള്‍ നിലവിലുള്ള ഒരു സംവിധാനത്തെ അട്ടിമറിക്കുന്നു എന്നതില്‍ സംശയമില്ല. യൂനിയനുകള്‍ ശക്തമായ പല രാജ്യങ്ങളിലും ഡ്രൈവര്‍മാരില്‍ നിന്നുള്ള സമ്മര്‍ദം കാരണം ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിട്ടുണ്ട്. അതിനെതിരേ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അന്തിമമായി ഇത്തരം നിയന്ത്രണങ്ങള്‍ കമ്പോളശക്തികള്‍ കാരണം അധികകാലം നിലനില്‍ക്കുമോയെന്ന കാര്യം സംശയമാണ്.
അതേയവസരം, ടാക്‌സി ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കണമെന്നല്ല അതിനര്‍ഥം. പുതിയ സാങ്കേതികവിദ്യയെ ബലമായി തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം അതിനെ ഉപയോഗപ്പെടുത്താന്‍ പറ്റുമോ എന്നാണ് നോക്കേണ്ടത്. ന്യായമായ വാടക വാങ്ങി ടാക്‌സികള്‍ ഓടിക്കുന്നതിനും യാത്രക്കാരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും ശ്രമിക്കുന്നതോടൊപ്പം യൂനിയനുകള്‍ ഈ പുതിയ വ്യവസ്ഥയുടെ ഭാഗമാവുന്നതിന് എന്തു വഴി എന്നാണ് അന്വേഷിക്കേണ്ടത്. അത് അവര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കുതിരവണ്ടി ഓടിച്ചിരുന്നവര്‍ മോട്ടോര്‍ കാറുകള്‍ വന്നപ്പോള്‍ ആദ്യം വഴിമുടക്കിനിന്നുവെങ്കിലും പിന്നീട് കാറോടിക്കാന്‍ പഠിക്കുകയാണ് ചെയ്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss