|    Dec 15 Sat, 2018 3:15 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിക്കാന്‍ മന്ത്രിസഭാ തീരുമാനം

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്തബാധിതരെ സഹായിക്കാന്‍ എല്ലാവരില്‍ നിന്നും സഹായധനം സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ ഓണാഘോഷം സംഘടിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഓണാഘോഷത്തിനായി വിവിധ വകുപ്പുകള്‍ക്ക് നീക്കിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളുടെ സിഎസ്ആര്‍/പൊതു ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കണം. ദുരിതാശ്വാസ നിധിയിലേക്കു ലഭിക്കുന്ന സംഭാവനകള്‍ കൈമാറി നല്‍കുന്നതിനു പൊതുമേഖലാ-സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന കമ്മീഷനുകള്‍, എക്‌സ്‌ചേഞ്ച് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാന ബാങ്കിങ് സമിതിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളില്‍ പണം സര്‍ക്കാര്‍ നിക്ഷേപിക്കുമ്പോള്‍ ബാങ്കുകള്‍ പിഴ ചുമത്തിയാല്‍ ദുരന്തത്തില്‍പ്പെട്ട പാവങ്ങള്‍ക്ക് ഒന്നും ലഭിക്കാത്ത സാഹചര്യമുണ്ടാവും. വിദേശ മലയാളികള്‍ നല്‍കുന്ന സംഭാവനകള്‍ക്ക് സര്‍വീസ് ചാര്‍ജ് / കമ്മീഷന്‍ ഒഴിവാക്കാന്‍ യുഎഇ എക്‌സ്‌ചേഞ്ച്, ലുലു എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ യൂനിഫൈഡ് പേമന്റ് ഇന്റര്‍ഫേസ് (യുപിഐ) അധിഷ്ഠിതമായി സംഭാവനകള്‍ ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരിന്റെ ംംം.സലൃമഹമ.ഴീ്. ശിവെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭാവനകള്‍ക്കുള്ള രശീതിയും ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റും തല്‍സമയം തന്നെ നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബാങ്ക് കൗണ്ടറുകളില്‍ നല്‍കുന്ന തുകയ്ക്ക് ഒരു ദിവസത്തിനകം ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കില്‍ 155300 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അതേസമയം, നെഹ്‌റു ട്രോഫി വള്ളംകളി നടത്തുന്നതില്‍ കാലാവസ്ഥ മെച്ചപ്പെട്ട ശേഷം തീരുമാനമെടുക്കും. പ്രളയം നേരിടാന്‍ വിവിധ കോണുകളില്‍ നിന്നു വലിയ സഹായം ലഭിച്ചെന്നും കൂടുതല്‍ സഹായം ഇനിയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാംഘട്ട പ്രളയക്കെടുതിയെത്തുടര്‍ന്നു ക്യാംപുകളില്‍ എത്തിച്ചേര്‍ന്ന 60,000ഓളം പേരില്‍ 30,000ഓളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളെ ആശ്രയിച്ചാണു കഴിയുന്നത്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. സംസ്ഥാനം നടത്തിയ ഏകോപനവും കൂട്ടായ്മയുമാണു രക്ഷാപ്രവര്‍ത്തനം കുറ്റമറ്റതാക്കാനും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിനിരയായവര്‍ക്ക് വീട്ടുപകരണങ്ങളും മറ്റും നല്‍കുന്നതിനു ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തിന്റെ അവസാനത്തില്‍ ചലച്ചിത്ര താരം മോഹന്‍ലാന്‍ മാധ്യമങ്ങളുടെ മുന്നില്‍ വച്ചു ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss