|    Oct 21 Sun, 2018 7:47 pm
FLASH NEWS

ഓണാഘോഷത്തിന്റെ നിറവില്‍ തൃശൂര്‍; ഗ്രാമവീഥികള്‍ കീഴടക്കി കുമ്മാട്ടി കൂട്ടങ്ങള്‍

Published : 6th September 2017 | Posted By: fsq

 

തൃശൂര്‍: ഓണാഘോഷത്തിന് മാറ്റു കൂട്ടി സാംസ്‌കാരികനഗരിയുടെ വീഥികള്‍ കയ്യടക്കി കുമ്മാട്ടി കൂട്ടങ്ങള്‍. ഇത്തവണ കുമ്മാട്ടിസംഘങ്ങള്‍ ഏറെ പുതുമയോടെയാണ് നഗരവീഥികളിലിറങ്ങിയത്. മഹാബലിയുടെ സന്ദര്‍ശനത്തെ വരവേല്‍ക്കുന്ന മലയാളികളുടെ മനസ്സില്‍ സുവര്‍ണ്ണസ്മൃതികളായി മാറുക കൂടിയാണ് ഓരോ കുമ്മാട്ടിസംഘങ്ങളും. ഓണാഘോഷത്തിന് മാറ്റു കൂട്ടി തിരുവോണ ദിവസം ഗ്രാമവീഥികളില്‍ കുമ്മാട്ടികള്‍ നിറഞ്ഞാടി. ഓണത്തിന് ക്ഷേമവും, ഐശ്വര്യവും നേരാന്‍ വേണ്ടിയാണ് കുമ്മാട്ടിക്കൂട്ടങ്ങള്‍ ദേശങ്ങളില്‍ നിരന്നത്. കാട്ടാളന്‍, ഹനുമാന്‍, തള്ള, കൃഷ്ണന്‍, ഗരുഡന്‍, ഗണപതി, ശ്രീകൃഷ്ണന്‍, ശിവന്‍, നരസിംഹം, അര്‍ദ്ധനാരീശ്വരന്‍, ഭീമന്‍, തുടങ്ങി വിവിധ മുഖങ്ങളണിഞ്ഞ് പുല്ലുമെടഞ്ഞ് കെട്ടിയ കുമ്മാട്ടികള്‍ക്ക് പുറമെ നാടന്‍ കലാരൂപങ്ങളും ഫാന്‍സി വേഷങ്ങളും, കണ്ടുനിന്നവരുടെ മനം കവര്‍ന്നു. ഒപ്പം താളമേളത്തിനൊപ്പം പാട്ട് പാടി കളിച്ചവരും കുമ്മാട്ടിക്കളിയ്ക്ക് ഹരം പകര്‍ന്നു നല്‍കി. കാണികളുടെ മനസ്സില്‍ വിവിധ രസാനുഭൂതി സമ്മാനിച്ച കുമ്മാട്ടികള്‍ക്കൊപ്പം നിശ്ചല ദൃശ്യങ്ങളും പുതുമയുള്ള തേരുകളും കാഴ്ച്ചയുടെ വിരുന്നൊരുക്കി. ജില്ലയില്‍ ചെറുതും വലുതുമായ 90ഓളം കുമ്മാട്ടി സംഘങ്ങളാണുള്ളത്. ഇന്നും പുതുമയാര്‍ന്ന കുമ്മാട്ടികളും കലാരൂപങ്ങളുമായി മറ്റ് കുമ്മാട്ടിസംഘങ്ങളും വീഥികള്‍ കയ്യടക്കും. കുമ്മാട്ടികളുടെ വരവ് നാലോണം വരെ നീണ്ടുനില്‍ക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss