|    Oct 19 Fri, 2018 7:46 pm
FLASH NEWS

ഓണാഘോഷങ്ങള്‍ക്കിടയില്‍ വ്യാപക അക്രമം : പോലിസുകാര്‍ക്ക് വെട്ടേറ്റു; യാത്രക്കാരെ ആക്രമിച്ചു

Published : 6th September 2017 | Posted By: fsq

 

മണ്ണഞ്ചേരി: ഓണാഘോഷത്തിനിടയില്‍ മണ്ണഞ്ചേരിയുടെ പരിസരപ്രദേശങ്ങളില്‍ വ്യാപക അക്രമം. ചെട്ടികാട്,കാട്ടൂര്‍,പൂങ്കാവ്,തുമ്പോളി,കൊമ്മാടി എന്നിവിടങ്ങളിലാണ് ആഘോഷങ്ങള്‍ അക്രമത്തില്‍ കലാശിച്ചത്. ഗ്രന്ഥശാലകളുടേയും മറ്റുള്ള സാംസ്‌ക്കാരിക സംഘടനകളുടേയും ആഘോഷവേദികളാണ് സംഘര്‍ഷകേന്ദ്രങ്ങളായി മാറിയത്. തുമ്പോളിപള്ളിക്കു സമീപം കലാകൈരളി വായനശാലയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെ ഉണ്ടായ അക്രമത്തില്‍ രണ്ട് പോലിസുകാര്‍ക്ക് വെട്ടേറ്റു. പരിപാടിക്ക് തടസം ഉണ്ടാക്കിയ സംഘത്തിലെ ഒരാളെ പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടയിലാണ് പോലിസുകാരെ അക്രമിച്ചത്. സംഭവസ്ഥലത്തുനിന്നും പോലിസ് പിടികൂടിയാളെ അക്രമിസംഘം മോചിപ്പിക്കുകയും ചെയ്തു. ഇവിടെ മദ്യപസംഘം ഓണാഘോഷപരിപാടി തടസപ്പെടുത്തുന്ന വിവരം അറിഞ്ഞ് നാലംഗ പൊലീസ് സേനയാണ്        കലാകൈരളി വായനശാലയില്‍ എത്തിയത്.   കൊമ്മാടി യുവജനവായനശാലയില്‍ തലയിണയടി മത്സരം നടക്കുമ്പോള്‍ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മത്സരത്തിനിടയില്‍ സംഘാടകരും കാണാനെത്തിയവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിരിഞ്ഞു പോയ സംഘം കൂടുതല്‍ ആളുകളുമായി പരിപാടി സ്ഥലത്തെത്തുകയും തിരുവാതിര കളി  അലങ്കോലപ്പെടുത്തുകയുമായിരുന്നു. ഇതിനെ സംഘാടകര്‍ ചോദ്യംചെയ്തപ്പോള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തി. അക്രമത്തില്‍ മൂന്നോളം പേര്‍ക്ക് ഇവിടെ പരിക്കേറ്റു. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പൂങ്കാവില്‍ നടന്ന ഓണാഘോഷത്തിനിടയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. ഓണാഘോഷം തടസപ്പെടുത്താന്‍ ലഹരി വില്‍പ്പനസംഘം ശ്രമിച്ചതാണ് പൂങ്കാവില്‍ സംഘര്‍ഷത്തിന് കാരണം. ഇവിടേയും ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ചെട്ടികാട് ഉദയാ വായനശാലയിലെ ഓണാഘോഷത്തിനിടയിലെ തര്‍ക്കം വായനശാലാപ്രവര്‍ത്തകന്‍ ഉണ്ണിയുടെ വീടുതകര്‍ത്തു. ക്വിസ് മത്സരം നടക്കുമ്പോള്‍ ഇരുചക്രവാഹനത്തില്‍ ഇതുവഴിയെത്തിയ മൂന്നംഗസംഘം മത്സരത്തിന് തടസമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചത് ചോദ്യംചെയ്തതാണ് ഇവിടെ വീടാക്രമണത്തില്‍ കലാശിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 14ാം വാര്‍ഡില്‍ വെളിയില്‍ പ്രസന്നയുടെ വീടാണ് അക്രമികള്‍ തകര്‍ത്തത്. അക്രമം നടക്കുമ്പോള്‍ പ്രസന്നയും ബിരുദ വിദ്യാര്‍ത്ഥിയായ മകളും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. വീടുതകര്‍ക്കുന്നതു കണ്ട് തടസപ്പെടുത്താനെത്തിയ പ്രസന്നയുടെ മകളെ അക്രമികള്‍ വാള്‍ കഴുത്തില്‍വച്ച് ഭീഷണിപ്പെടുത്തി. ആറംഗസംഘം ഇരുചക്രവാഹനത്തിലെത്തിയായിരുന്നു ഇവിടെ അക്രമം നടത്തിയത്. സംഭവത്തിനുശേഷം അമിതവേഗത്തില്‍ വാഹനത്തില്‍ പാഞ്ഞ സംഘത്തിന്റെ ഒരു ഇരുചക്രവാഹനം മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ നാട്ടുകാര്‍ പിടികൂടി മണ്ണഞ്ചേരി പോലിസിനു കൈമാറി. കാട്ടൂര്‍ ഗുരുമന്ദിരം മൈതാനിയിലെ ഓണാഘോഷത്തിനിടയില്‍ മദ്യപസംഘം തീരദേശപാതയിലൂടെയെത്തിയ ഇരുചക്രവാഹന യാത്രക്കാരെ അക്രമിച്ചു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് അക്രമികളെ തുരത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss