|    Apr 25 Wed, 2018 6:09 pm
FLASH NEWS

ഓണാഘോഷം-2016 ഇന്നു മുതല്‍ 15 വരെ

Published : 11th September 2016 | Posted By: SMR

കോഴിക്കോട്:  കോഴിക്കോടിന്റെ കലാസാംസ്‌കാരിക പെരുമ വിളിച്ചോതി ഡിടിപിസി ‘ഓണം 2016’ന് ഇന്നു തുടങ്ങും. പൊന്നോണവും ബക്രീദും ഒന്നിക്കുന്ന ആഹ്ലാദത്തിന്റെ നാളുകളില്‍ വിനോദസഞ്ചാര വകുപ്പും ജില്ലാഭരണകൂടവും ഒന്നിച്ചാണ് ആഘോഷ പരിപാടികള്‍ ഒരുക്കുന്നത്. കോഴിക്കോട് ബീച്ചിലും ഭട്ട്‌റോഡിലുമാണ് പ്രധാനവേദികള്‍. ഇന്ന് വൈകീട്ട് 6 ന് കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രധാന വേദിയായ കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്‌റ്റേജില്‍ ജില്ലയുടെ ചുമതലയുള്ള എക്‌സൈസ് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. എംഎല്‍എ എ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ദിവസമായ ഇന്ന് പ്രശസ്ത ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കലാമണ്ഡലം വാദ്യസംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യം, പേരാമ്പ്ര മാതാ തിയേറ്റേഴ്‌സിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടി എന്നിവയുണ്ടാകും. നിര്‍മ്മല്‍ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന കോമഡിഷോയും, ഭട്ട് റോഡ് ബീച്ചിലെ വേദിയില്‍ 7 മണിക്ക് ഫ്‌ളൈ വിംഗ്‌സ് അവതരിപ്പിക്കുന്ന മെഗാഷോയും ആദ്യ ദിനത്തെ ആകര്‍ഷകമാക്കും.
12ന് ഓണാഘോഷ പരിപാടിയില്‍ തുറമുഖ-പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയാവും. തേജ് മെര്‍വിന്‍ ബാന്റ് ഒരുക്കുന്ന സിതാര കൃഷ്ണകുമാറിന്റെ സംഗീത സായാഹ്നം സ്റ്റേജിലെത്തും. ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സിനോവ്, ആകാശ്, ആതിര എന്നിവരാണ് മറ്റ് ഗായകര്‍. കൊച്ചി ധ്വനിതരംഗിലെ ബിജു സേവ്യര്‍ അണിയിച്ചൊരുക്കുന്ന വിഷ്ണുപ്രിയ, കൃഷ്ണപ്രഭ ടീമിന്റെ നൃത്തപരിപാടിയാണ് രണ്ടാം ദിനത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം.
13 ന് പ്രധാന വേദിയില്‍ പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായിയും സംഘവും ഗസല്‍ സന്ധ്യ അവതരിപ്പിക്കും. ഗുജറാത്തി നാടോടി നൃത്തം, ദേവരാജന്റെ കോമഡി ഷോ എന്നിവയാണ് മറ്റ് ഇനങ്ങള്‍. ഭട്ട് റോഡ് ബീച്ച് വേദിയില്‍ മ്യൂസിക് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ അവതരിപ്പിക്കുന്ന ഗാനമേളയും മൂന്നാം ദിനം അരങ്ങിലെത്തും. 14ന് പ്രശസ്ത ഗായകന്‍ പി ജയചന്ദ്രന്‍ പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത പരിപാടി ഒരുക്കും. പ്രശസ്ത പിന്നണി ഗായകരായ രഞ്ജിനി ജോസ്, പി കെ സുനില്‍ കുമാര്‍ എന്നിവരും ഗാനങ്ങള്‍ ആലപിക്കും.  മാത പേരാമ്പ്രയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടിയും അരങ്ങിലെത്തും. പ്രശസ്ത സംഗീത ട്രൂപ്പായ തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയോടെ 15 ന് ഓണാഘോഷപരിപാടികള്‍ക്ക് സമാപനമാവും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എ എ  പ്രദീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ കെടി ശേഖര്‍, എഡിഎം ടി ജെനില്‍ കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സി പി ഹമീദ്, അഡീഷനല്‍ തഹസില്‍ദാര്‍ ഇ അനിത കുമാരി, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുസാഫില്‍ അഹമ്മദ്, നാടന്‍ കലാരൂപങ്ങളുടെ കമ്മിറ്റി ചെയര്‍മാന്‍ ടി വി ബാലന്‍, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി ഗവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss