|    Jul 23 Mon, 2018 7:44 am

ഓണാഘോഷം : വടംവലിയില്‍ കരുത്തുകാട്ടി ബംഗാളികളും; ഏയ്ഞ്ചല്‍വാലിയില്‍ തിങ്ങിനിറഞ്ഞത് ആയിരങ്ങള്‍

Published : 13th September 2017 | Posted By: fsq

 

കണമല: മലയാളികളും ബംഗാള്‍ സ്വദേശികളും തമ്മില്‍ വടംവലി മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ആവേശം ഭാഷയെയും മറികടന്നു. വടംവലിച്ച് തഴക്കവും പഴക്കവുമുള്ള മലയാളികള്‍ വിജയിച്ചപ്പോള്‍ പശ്ചിമബംഗാള്‍കാരായ ഭായിമാര്‍ അവസാന നിമിഷംവരെയും പൊരുതിനിന്നു. ബംഗാളികളെ അനുമോദിച്ചെന്നു മാത്രമല്ല സമ്മാനമായി 2500 രൂപയും നല്‍കി. മല്‍സരം കണ്ടു നിന്ന നാട്ടുകാരാണ് അപ്പോള്‍ തന്നെ പിരിവെടുത്ത് പണം നല്‍കി അനുമോദിച്ചത്. നാടിനെയും കാണികളെയും ഒരു പകല്‍ മുഴുവനും ആവേശത്തിന്റെ കൊടുമുടി കയറ്റിയ ഓണാഘോഷ വടംവലി മല്‍സരം എയ്ഞ്ചല്‍വാലിയിലായിരുന്നു. എയ്ഞ്ചല്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടന്ന നാലാമത് വടംവലി മല്‍സരമാണ് ഇത്തവണ ഓണാഘോഷത്തിന്റെ ഭാഗമായി ആവേശമായി മാറിയത്. 5000ഓളം പേരാണ് മലയോരത്തെ ചെറുഗ്രാമമായ ഏയ്ഞ്ചല്‍വാലിയില്‍ തിങ്ങിനിറഞ്ഞത്. മുട്ടനാടും പൂവന്‍കോഴിയും മുയലും താറാവും എവറോളിങ് ട്രോഫിയും വിവിധ ക്യാഷ് പ്രൈസുകളുമായിരുന്നു സമ്മാനങ്ങള്‍. രാവിലെ ആരംഭിച്ച മല്‍സരം രാത്രി 11ഓടെയാണ് സമാപിച്ചത്. അതുവരെ നാട് മുഴുവനും മല്‍സര ഗ്രൗണ്ടായ സെന്റ് മേരീസ് സ്‌കൂള്‍ മൈതാനത്ത് തിങ്ങിനിറഞ്ഞു. മല്‍സരത്തിന്റെ സംഘാടകരായ ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ മികവ് കണ്ട് വനംവകുപ്പ് ഗ്രന്ഥശാലയുടെ വികസനത്തിനായി 1.74 ലക്ഷം രൂപ അനുവദിക്കുകയാണെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചത് അംഗീകാരമായി മാറി.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുമായി 17 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ പങ്കെടുത്തത്. ഇവരില്‍ നിന്ന് പുനലൂര്‍ കേളി ടീം ഒന്നാം സമ്മാനമായ 10,000 രൂപയും ഫാ. മാത്യു വടക്കേമുറി സ്മാരക ട്രോഫിയും മുട്ടനാടിനെയും സ്വന്തമാക്കി. രണ്ടാം സ്ഥാനത്ത് ഇടുക്കി നയന ക്ലാബ്ബാണ് ഈപ്പന്‍ ജോസഫ് കൈപ്പടാകരി സ്മാരക ട്രോഫിയും 7001 രൂപയും പൂവന്‍കോഴിയെയും നേടിയത്. മൂന്നാം സ്ഥാനം രണ്ട് മുയലും 5001 രൂപയും നേടി മുളംകുന്നം സെവന്‍സ്റ്റാര്‍ സ്വന്തമാക്കി. നാലാം സ്ഥാനത്ത് മുട്ടപ്പള്ളി സുരഭി ക്ലബ്ബ് 3001 രൂപയും താറാവും നേടി. അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് 2001 രൂപാ സമ്മാനമായി നേടി. വടംവലി മല്‍സരത്തില്‍ യാതൊരു പരിചയവുമില്ലാതിരുന്ന പശ്ചിമബംഗാള്‍ സ്വദേശികള്‍ക്ക് നാട്ടുകാരാണ് പരിശീലനം നല്‍കിയത്. മല്‍സരം പീരുമേട് ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഹാബി ഫഌഗ് ഓഫ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss