|    May 1 Mon, 2017 12:16 am
FLASH NEWS

ഓണാഘോഷം നിയന്ത്രിച്ച് സര്‍ക്കുലര്‍; പിന്‍വലിപ്പിച്ച് വിദ്യാഭ്യാസമന്ത്രി

Published : 3rd September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഓണാഘോഷത്തിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിസമയത്ത് അത്തപ്പൂക്കളം ഉള്‍പ്പെടെയുള്ള ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതിനു പിന്നാലെ സ്‌കൂളുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറാണ് വിവാദമായത്.
മാധ്യമങ്ങളില്‍ സര്‍ക്കുലര്‍ വാര്‍ത്തയാവുകയും വിവിധ കോണുകളില്‍ നിന്ന് ഇതിനെതിരേ പ്രതിഷേധം ഉയരുകയും ചെയ്തതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. സ്‌കൂളുകളില്‍ ഓണാഘോഷം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ സ്‌കൂള്‍ അച്ചടക്കത്തിനു വിരുദ്ധമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്) പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.
വിദ്യാലയങ്ങളിലെ ആരോഗ്യകരമായ അന്തരീക്ഷത്തിന് ഇത്തരം പരിപാടികള്‍ കോട്ടംതട്ടിക്കുന്നതായി റിപോര്‍ട്ടുണ്ട്. പരീക്ഷകളെയും മറ്റു പഠന-പഠനേതര പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത വിധത്തിലായിരിക്കണം പരിപാടികള്‍. ഓണാഘോഷം പോലുള്ള പരിപാടികളില്‍ സ്‌കൂള്‍ യൂനിഫോം പ്രിന്‍സിപ്പല്‍മാര്‍ നിര്‍ബന്ധമാക്കണം. വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ അതിനുള്ള അനുമതി പ്രിന്‍സിപ്പലില്‍ നിന്നു മുന്‍കൂട്ടി വാങ്ങണം. അമിതമായ പണപ്പിരിവ് പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day