|    Mar 23 Fri, 2018 5:13 am

ഓണസദ്യയ്ക്കുള്ള പച്ചക്കറി വിളയിച്ച് പെരുമ്പെട്ടി സ്‌റ്റേഷനിലെ പോലിസുകാര്‍ മാതൃകയാവുന്നു

Published : 13th August 2017 | Posted By: fsq

 

മല്ലപ്പള്ളി: കതിരിട്ടു നില്‍ക്കുന്ന നെല്ല്, നിറയെ കായ്ച്ചു നില്‍ക്കുന്ന തക്കാളി, തഴച്ചു വളരുന്ന ചീര, കീടാണു തൊടാത്ത വെണ്ടയ്ക്ക…പെരുമ്പെട്ടി പോലിസ് സ്‌റ്റേഷനിലേക്ക് കയറിച്ചെല്ലുന്നവര്‍ വളപ്പിലെ കൃഷി കണ്ട് ഒന്നമ്പരക്കും. 15 സെന്റ് സ്ഥലത്ത് വളര്‍ന്ന് പടര്‍ന്ന് നില്‍ക്കുകയാണ് വിവിധ തരം പച്ചക്കറികള്‍. സ്‌റ്റേഷനിലെ പോലിസുകാര്‍ക്ക് ഓണത്തിന് സദ്യയുണ്ണാനുള്ള വകയാണ് വിളഞ്ഞു വരുന്നത്. കാക്കിയിട്ടു കൊണ്ട് പ്രതികളെ പിടിക്കുകയും കേസ് അന്വേഷിക്കുകയും മാത്രമല്ല, ഇങ്ങനെ കൃഷി ചെയ്യാനും അറിയാം എന്ന് തെളിയിക്കുകയാണ് എസ്‌ഐ സി ടി സഞ്ജയ്, സിപിഒമാരായ മനു, സുഭാഷ്, കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പെരുമ്പെട്ടിയിലെ പോലിസുകാര്‍. സ്‌റ്റേഷനും ഇവിടുത്തെ പോലിസുകാര്‍ക്കും ഭീഷണി ഉയര്‍ത്തി നിന്നിരുന്ന പഴയ ക്വാര്‍ട്ടേഴ്‌സ് പൊളിച്ചു നീക്കിയ സ്ഥലത്താണ് ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുന്നത്. കൊറ്റനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ 54 സെന്റ് വസ്തുവാണ് സ്‌റ്റേഷന് ആകെയുള്ളത്. ഇവിടെ ആദ്യം പോലിസ് ഔട്ട് പോസ്റ്റാണുണ്ടായിരുന്നത്. 1990ല്‍ ഇവിടെ പുതിയ പോലിസ് സ്‌റ്റേഷന്‍ കെട്ടിടം പണിതതോടെ ഔട്ട്‌പോസ്റ്റിന്റെയും രണ്ടുക്വാര്‍ട്ടേഴ്‌സിന്റെയും കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. കാടും പടര്‍പ്പും കയറി കെട്ടിടം മൂടി. മരപ്പട്ടി, പാമ്പ്, എലി എന്നിവ ഇതിനുള്ളില്‍ തമ്പടിക്കാന്‍ തുടങ്ങിയതോടെ ഇത് പൊളിച്ചു കളയണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പോലിസുകാരും പല തവണ നിവേദനം നല്‍കി. കാലകാലങ്ങളില്‍ മാറി വന്നവരെല്ലാം നിവേദനം വാങ്ങി വയ്ക്കുകയായിരുന്നു. ഒന്നും സംഭവിച്ചില്ല. ഒടുവില്‍, രണ്ടു വര്‍ഷം മുമ്പ് കെട്ടിടം പൊളിച്ചു നീക്കാന്‍ അനുമതിയായി. ഒരു കെട്ടിടത്തിന് 6000 രൂപ ക്രമത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ക്വാര്‍ട്ടേഴ്‌സിന് വിലയിട്ടു. ഇതു കൂടുതലാണെന്ന് പറഞ്ഞ് ആരും ഏറ്റെടുക്കാന്‍ എത്തിയില്ല. സമീപകാലത്ത് കെട്ടിടത്തിന്റെ  ഭാഗങ്ങള്‍ അടര്‍ന്നു വീഴാന്‍ തുടങ്ങി. ഇതു വീണ് സ്‌റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുമുണ്ടായി.  ഇതേ തുടര്‍ന്ന് കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് വീണ്ടും എസ്പിക്ക് റിപോര്‍ട്ട് അയച്ചു. ഇക്കുറി സ്ഥല പരിശോധന നടത്തിയ പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെട്ടിടം പൂര്‍ണമായും ജീര്‍ണാവസ്ഥയിലായെന്നും ഉടന്‍ പൊളിച്ചു നീക്കണമെന്നും എസ്പിക്ക് റിപോര്‍ട്ട് നല്‍കി. കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചു നീക്കാന്‍ എസ്‌ഐക്ക് നിര്‍ദേശം നല്‍കി.  ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം പൂര്‍ണമായി പൊളിച്ച് വില്ലേജ് ഓഫിസറുടെ അനുമതിയോടെ അവശിഷ്ടങ്ങളും നീക്കം ചെയ്തു. ഇതിന് ശേഷം കുണ്ടും കുഴിയുമായി കിടന്ന ഭാഗം നിരപ്പാക്കിയെടുത്താണ് കൃഷിയിറക്കാന്‍ തീരുമാനിച്ചത്. കാടു പിടിച്ച് കിടക്കുന്ന ഓഫിസ് വളപ്പുകളില്‍ ജൈവപച്ചക്കറി കൃഷി ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടാണ് കൃഷി ഇറക്കാന്‍ തീരുമാനിച്ചതെന്ന് എസ്‌ഐ സഞ്ജയ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss