|    Nov 13 Tue, 2018 8:33 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഓണവിപണിയില്‍ നടുവൊടിഞ്ഞ് ജനം

Published : 25th August 2018 | Posted By: kasim kzm

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: കെടുതിക്കാലത്തെ ഓണവിപണി ജനത്തെ വലച്ചു. വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്ന് നടുവൊടിയുന്നതായിരുന്നു ഉത്രാടപ്പാച്ചിലില്‍ മലയാളികളുടെ സ്ഥിതി. കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് ഓണാഘോഷങ്ങള്‍ പേരിലൊതുങ്ങിയെങ്കിലും പച്ചക്കറികള്‍ക്ക് തീവിലയാണ്. ജനപ്രിയ ഇനങ്ങള്‍ക്കെല്ലാം വില കുതിച്ചുയര്‍ന്നു.
സദ്യവട്ടങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ഇനങ്ങള്‍ക്കു വന്‍തോതില്‍ വില ഉയര്‍ന്നത് ഇടത്തട്ടുകാരുടെ പൂഴ്ത്തിവയ്പിനെ തുടര്‍ന്നാണെന്നും ആക്ഷേപമുണ്ട്. പയറിന് വില 80 രൂപയില്‍ നിന്ന് 180 രൂപയായാണ് വര്‍ധിച്ചത്. കയ്പയ്ക്ക് വില 80ല്‍ നിന്നു 140 രൂപയായും വര്‍ധിച്ചു. 28 രൂപയായിരുന്ന വെള്ളരിക്ക് കിലോഗ്രാമിന് 40 രൂപയായി.
24 രൂപയായിരുന്ന മത്തന് ഓണദിവസങ്ങളില്‍ കിലോഗ്രാമിന് 32 രൂപയായി. കുമ്പളത്തിന് പത്തു രൂപയാണ് വര്‍ധിച്ചത്. വെണ്ടയുടെ വില കിലോയ്ക്ക് 40ല്‍ നിന്ന് 80 രൂപയായി ഉയര്‍ന്നു. മുരിങ്ങക്കായക്ക് 20 രൂപ കൂടി കിലോഗ്രാമിന് 60 രൂപയായി. നേന്ത്രപ്പഴത്തിനും വന്‍തോതിലാണ് വില കൂടിയത്. കാലവര്‍ഷ കെടുതികള്‍ക്കിടയില്‍ കിലോഗ്രാമിനു വില 60 രൂപയായി ഉയര്‍ന്നെങ്കിലും ഇപ്പോള്‍ അല്‍പം താഴ്ന്ന് വില 56 രൂപയാണ്.
ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി ബഹുഭൂരിപക്ഷവും കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇപ്പോള്‍. ഓണസദ്യ പോലും വേണ്ടെന്നുവച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക സമാഹരണം നടക്കുന്നത്. ഇതിനിടയിലും വിലക്കയറ്റത്തിനു കാരണമാവുന്നത് ഇടത്തട്ടുകാരുടെ ഇടപെടല്‍ മൂലമാണെന്ന ആക്ഷേപം ശക്തമാണ്.
നാടന്‍ പച്ചക്കറി വിഭവങ്ങളുടെ വരവു കുറഞ്ഞത് വിപണിയെ തളര്‍ത്തുന്നുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ പച്ചക്കറികള്‍ സംസ്ഥാനത്തെ വിപണികളിലെത്തുന്നുണ്ട്. അതേസമയം, വിലക്കയറ്റം തടയാന്‍ ബന്ധപ്പെട്ട വകുപ്പ് അധികാരികളുടെ ഇടപെടല്‍ വിപണിയില്‍ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss