|    Jun 19 Tue, 2018 8:11 pm
FLASH NEWS
Home   >  Onam 2016   >  

ഓണമെങ്ങനെ ദേശീയാഘോഷമായി?

Published : 6th September 2016 | Posted By: mi.ptk

onamഅഭിമുഖം
ഡോ. പി. രണ്‍ജിത്ത് / കെ.എം. അക്ബര്‍
ഴമയുടെ പച്ചപ്പിലാണ് ഓണത്തിന്റെ ഓര്‍മകള്‍ ആരംഭിക്കുന്നത്. ഈ ഓര്‍മകളില്‍ ഒരു പ്രവാസത്തിന്റെ അനുഭവമുണ്ട്. പോയകാലത്തുനിന്ന് അല്ലെങ്കില്‍ ഏറെ ദൂരത്തുനിന്ന് നഷ്ടപ്പെട്ട എന്തിനെയോ എത്തിപ്പിടിക്കുന്ന ഓര്‍മകള്‍. ഓണം മലയാളിയുടെ ഏറ്റവും മികച്ച ‘കേരളീയ അനുഭവ’മായതിനു പിന്നില്‍ ഇതും കാരണമാണെന്ന് മലയാളിയുടെ സാംസ്‌കാരിക ഭൂതകാലത്തെക്കുറിച്ചും ഓണത്തെക്കുറിച്ചും ഗവേഷണം നടത്തുന്ന ഡോ. പി. രണ്‍ജിത്ത് പറയുന്നു.
മലയാളികളുടെ ഓണാഘോഷങ്ങള്‍ സമാനമാണെന്ന് നാം കരുതുന്നു. യഥാര്‍ഥത്തില്‍ അതങ്ങനെയാണോ? പുതുകാലത്തെ മാധ്യമ-സാംസ്‌കാരിക അനുഭവങ്ങളാണോ ഏകമുഖമായ ഒരു ഓണാനുഭവം നമുക്ക് സമ്മാനിച്ചത്? അങ്ങനെ ചില ചോദ്യങ്ങളിലൂടെയാണ് രണ്‍ജിത്ത് തന്റെ ഗവേഷണവുമായി കടന്നുപോയത്. പൂക്കളത്തിലും ഓണപ്പാട്ടുകളിലും ഭക്ഷണങ്ങളിലും എന്തിന് വിശ്വാസങ്ങളില്‍ വരെ ജാതികള്‍ തമ്മിലും പ്രദേശങ്ങള്‍ തമ്മിലും കാലങ്ങള്‍ക്കിടയിലും വ്യത്യസ്തകളുണ്ടെന്ന് അദ്ദേഹം കണ്ടെത്തി.
onam-2തൃശൂര്‍ ഒല്ലൂക്കര സ്വദേശിയും അധ്യാപകനുമായ  രണ്‍ജിത്തിന്റെ മലയാളിയുടെ ഭൂതകാലങ്ങള്‍, ഓണവും സാമൂഹ്യ ഭാവനാലോകവും എന്ന ഗ്രന്ഥം ഓണത്തെക്കുറിച്ചുള്ള ഒരു സമഗ്രചിത്രം കാഴ്ചവയ്ക്കുന്നു. പാണര്‍, കുറിച്യര്‍ തുടങ്ങിയ പഴം തമിഴ് വംശക്കാരുടെ കലാപ്രകടനങ്ങളിലും പില്‍ക്കാലത്ത് ഹൈന്ദവസമൂഹത്തിലെ സവര്‍ണരും അവര്‍ണരുമായ പല ജാതി സമുദായക്കാരുടെ അനുഷ്ഠാനങ്ങളിലും ആരാധനകളിലും പ്രത്യക്ഷപ്പെട്ട ഓണം കേരളീയരുടെ ദേശീയാഘോഷമായി മാറിയതെങ്ങനെയാണെന്നാണ് അദ്ദേഹം പരിശോധിക്കുന്നത്.
പാണന്‍, വണ്ണാന്‍, മണ്ണാന്‍, വേലന്‍, പറയര്‍, പുലയര്‍, ചെറുമര്‍ തുടങ്ങിയ ദലിത് വിഭാഗങ്ങളാണ് മുന്‍കാലങ്ങളില്‍ ഓണപ്പാട്ടുകളില്‍ വലിയ പങ്കും പാടി നടന്നിരുന്നത്. എന്നാല്‍, ഇവര്‍ക്കൊന്നും ഓണത്തിനു കാര്യമായ അനുഷ്ഠാനചടങ്ങുകളില്ലായിരുന്നു. അതിസമ്പന്നമായ ഇവരുടെ ആഖ്യാനപാരമ്പര്യം വ്യക്തമാക്കുന്നത് ഓണം അവരുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നുവെന്നാണ്. ഇവരുടെ പാട്ടുകളിലെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാവേലിയുണ്ട്. കുറിച്യരുടെ മരമായപാട്ടില്‍ അത് മാവോതിയാണ്. 1810-21 കാലഘട്ടത്തില്‍ കേരളത്തില്‍ സര്‍വേ നടത്തിയ വാര്‍ഡും കോണറും ഓണക്കാലം പുലയര്‍ക്കു പോലും വിശ്രമത്തിന്റെയും സന്തോഷത്തിന്റെയും കാലമായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കോളനിപൂര്‍വകാലത്തെ ഓണത്തിന്റെ ഏറ്റവും ജനകീയമായ ആഖ്യാനം മഹാബലിചരിതം ഓണപ്പാട്ടാണ്. ഇതിന്റെ പതിനായിരക്കണക്കിനു കോപ്പികള്‍ അക്കാലങ്ങളില്‍ അച്ചടിച്ച് വിറ്റിട്ടുണ്ട്. ‘മാവേലി നാടുവാണീടുംകാലം’ എന്ന പ്രശസ്തമായ വരികള്‍  ‘മഹാബലിചരിതം’ പാട്ടില്‍ നിന്നുള്ളതാണെന്നാണ് വിശ്വാസം. എന്നാല്‍, ഒരു സംശയം ബാക്കിയാണ്. യഥാര്‍ഥത്തില്‍ മഹാബലിചരിതം ഓണപ്പാട്ടിന്റെ ഭാഗങ്ങള്‍ തന്നെയാണോ ഈ വരികള്‍? നേരത്തേ നിലവിലിരുന്ന ഒരു പാട്ടോ മറ്റൊരു ഗാനത്തിന്റെ ഏതാനും വരികളോ മഹാബലിചരിതകാരന്‍ കൂട്ടിച്ചേര്‍ത്തതായിരിക്കുമോ? സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് രണ്‍ജിത്ത് പറയുന്നു.
ഓണവും കോഴിക്കറിയും
ചരിത്രമെന്നതിനേക്കാള്‍ ഓണത്തിന് മിത്തിന്റെ സ്വഭാവമാണുള്ളത്. ഓരോ സമുദായത്തിലും ഓരോ കാലത്തും ഓരോ പ്രദേശത്തും ഓണസങ്കല്‍പ്പങ്ങള്‍ വിഭിന്നമായിരുന്നു. പഴയകാലത്ത് ഓണാഘോഷത്തിന് മാംസഭക്ഷണം പതിവായിരുന്നത്രെ. ക്രി.ശേ. മൂന്നിനും അഞ്ചിനുമിടയില്‍ രചിച്ച ‘മധുരൈ കാഞ്ചി’യാണ് അതിനു തെളിവായി രണ്‍ജിത്ത് ഹാജരാക്കുന്നത്. എന്നാല്‍, ക്രമേണ മാംസഭക്ഷണം മലയാളിയുടെ ഓണവിഭവങ്ങളുടെ ഭാഗമല്ലാതായി മാറി. എങ്കിലും കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും ഇപ്പോഴും ഓണാഘോഷത്തിന് മാംസ ഭക്ഷണം നിര്‍ബന്ധമാണ്. കണ്ണൂരില്‍ നായര്‍ കുടുംബങ്ങളില്‍ ഇന്നും കോഴിക്കറിയാണ് പ്രധാന ഓണവിഭവം.

sadhya1_5
പൂക്കളമിടുന്നതിലും വ്യത്യസ്തതകളുണ്ട്. ദക്ഷിണ-മധ്യ കേരളത്തില്‍ മഞ്ഞ, വെള്ള പൂക്കള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഓണപ്പൂക്കളമിടുന്നത്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പൂരവുമായിട്ടാണ് പൂക്കളങ്ങള്‍ക്കു ബന്ധം. ഇവിടങ്ങളില്‍ ഓണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമുള്ള പൂരത്തിനാണ് പൂക്കളമിടുന്നതെന്ന് രണ്‍ജിത്ത് പറയുന്നു.
ഓണ വസ്ത്രങ്ങളിലും പ്രത്യേകതയുണ്ടായിരുന്നു. ഓണ വാണിഭത്തിനെത്തുന്ന തുണിത്തരങ്ങള്‍ ഒട്ടുമുക്കാലും വന്നിരുന്നത് പാണ്ടി-ചോള നാടുകളില്‍ നിന്നായിരുന്നു. ഓണത്തിന് പ്രത്യേകമായി നെയ്‌തെടുത്ത മുണ്ടുകളുമായി അംബാസമുദ്രം, വിരവനല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നു വന്നിരുന്ന പാണ്ടി ബ്രാഹ്മണര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ചെലവാകുക മാത്രമല്ല ഗംഭീരസദ്യയും ലഭിച്ചിരുന്നതായി ആദ്യകാല ഫോക്‌ലോറിസ്റ്റായ എസ്.എം. നടേശശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്.
1956 വരെ കോഴിക്കോട് മുതല്‍ കൊല്ലം വരേയുള്ള സ്ഥലങ്ങളിലാണ് ഓണത്തിന് പ്രാധാന്യമുണ്ടായിരുന്നത്. തിരുവനന്തപുരം, കാസര്‍കോഡ് ജില്ലകളില്‍ ഒരു ദിവസം മാത്രമായിരുന്നു ഓണാഘോഷം. ഐക്യകേരളം രൂപീകൃതമായപ്പോള്‍ ‘ഓണംകേറാമൂല’ എന്ന പ്രയോഗം തെളിയിക്കുന്നതു പോലെ ഓണം എല്ലാ മൂലകളിലേക്കും കയറിച്ചെല്ലുകയും ചെയ്തു.

indexമെലിഞ്ഞ മാവേലി!
2005ലെ ഓണക്കാലത്ത്് ഒരു മലയാള പത്രത്തിലെ മുന്‍പേജില്‍ പ്രസിദ്ധീകരിച്ച             മഹാബലിയുടെ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. പൂണൂലും  കുടവയറുമില്ലാത്ത, മെലിഞ്ഞതെങ്കിലും ആരോഗ്യദൃഢമായ ഗാത്രവും വര്‍ണാഭമായ ഉടയാടകളും, കറുത്ത നേര്‍ത്ത താടിയും, പാതി അടഞ്ഞ കണ്ണുകളും അനുഗ്രഹം ദ്യോതിപ്പിക്കുന്ന കൈമുദ്രയുമുള്ള മഹാബലി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ആ ചിത്രത്തില്‍ രാജാവിന്റെ വെണ്‍കൊറ്റക്കുടയ്ക്കു സമാനമായി മഹാബലി ഓലക്കുടയാണ് പിടിച്ചിരിക്കുന്നത്. മഹാബലിക്ക് വ്യത്യസ്തമായ രൂപഭാഷ നല്‍കിയതിനെ ഒട്ടേറെ പേര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.
പൂണൂല്‍ ബ്രഹ്മണ്യത്തിന്റെ അടയാളമായി മനസ്സിലാക്കപ്പെട്ടിരുന്നതിനാല്‍ 1947 മുതല്‍ 57 വരേയുള്ള രൂപങ്ങളിലൊന്നിലും മഹാബലിയെ ആരും പൂണൂല്‍ ധരിപ്പിച്ചിരുന്നില്ല. 1954ല്‍ ദേവന്‍ വരച്ച സ്‌കെച്ചുകളില്‍ താടിയുള്ള മഹാബലിയെ കാണാമെന്നും പിന്നീട് താടിയുള്ള ആദ്യ രൂപം വിസ്മൃതമാവുകയും കുടവയറും കുറിയ കൈകാലുകളും മറ്റുമുള്ള രൂപം മലയാളിയുടെ പൊതുസങ്കല്‍പ്പമായി മാറുകയും ചെയ്തുവെന്ന് രണ്‍ജിത്ത് നിരീക്ഷിക്കുന്നു.
onam-321ാം നൂറ്റാണ്ടിലെത്തുമ്പോള്‍ വിപണിയിലെ താരമാണ് മാവേലി. പരസ്യവിപണിയിലും കച്ചവടകേന്ദ്രങ്ങളിലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു അടയാളം. രൂപപരമായ സാദൃശ്യമുണ്ടെങ്കിലും മാറിയ സ്ഥലകാലങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായ അര്‍ഥമാണ് ഇന്നത്തെ മാവേലിക്ക്. നഗരങ്ങളിലെ മേക്കപ്പ് സാധനങ്ങള്‍ വാടകയ്‌ക്കെടുത്തു കൊടുക്കുന്ന കടകളാണ് ഡിമാന്റിനനുസരിച്ച് മാവേലിരൂപങ്ങള്‍ തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. വിപണിയുടെ ആവശ്യമനുസരിച്ച് വേണ്ട മാറ്റങ്ങളും അവര്‍ വരുത്തുന്നു. മലയാളിയുടെ ഓണാനുഭവങ്ങള്‍ രൂപീകരിക്കുന്നതില്‍           ഇങ്ങനെ വിപണിയും അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ടെന്ന് രണ്‍ജിത്ത് പറയുന്നു.
ഇന്നത്തെ മഹാബലിമാതൃകയില്‍ ആധുനികപൂര്‍വ സമൂഹത്തിലെ ചില ശില്‍പ്പങ്ങളുടെ കൗതുകകരമായ സാദൃശ്യങ്ങള്‍ രണ്‍ജിത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകയിലെ ഹളേബീഡ് ശില്‍പ്പങ്ങളിലും മറ്റും കാണുന്ന മഹാബലിയേക്കാള്‍ അവരുടെ വാമനനോടാണ് നമ്മുടെ മാവേലിക്ക് കൂടുതല്‍ സാദൃശ്യമെന്നാണ് രണ്‍ജിത്തിന്റെ അഭിപ്രായം. കുടവയര്‍, പൂണൂല്‍, മുണ്ട് തറ്റുടുക്കുന്ന രീതി, ഓലക്കുട ചെരിച്ചുപിടിക്കുന്ന രീതി, മെതിയടി തുടങ്ങിയവയൊക്കെ സമാനമാണ്. മുഖത്തെ വലിയ മീശയും തലയിലെ കിരീടവും മാത്രമാണ് വ്യത്യാസം.
കേരളത്തിലെ പല സാമൂഹികവിഭാഗങ്ങളും തങ്ങളുടെ ഭാവനാലോകം പൊതുമലയാളഭാവനയാക്കി മാറ്റാനുള്ള ശ്രമം എന്നും നടത്തിയിരുന്നു. എന്നാല്‍, ഇതരവിഭാഗങ്ങള്‍ അതിനെ പ്രതിരോധിച്ചുകൊണ്ടുമിരുന്നു. ദൃഢമായൊരു സ്വത്വസങ്കല്‍പ്പം സൃഷ്ടിച്ചെടുത്ത് അതിനിണങ്ങിയ ബിംബകല്‍പ്പനയോടെ ഓണത്തെ മാറ്റാനുള്ള ശ്രമങ്ങളെ ചെറുത്തുകൊണ്ടിരുന്നത് അതിലന്തര്‍ഭവിച്ച ഫോക്‌ലോര്‍ അംശങ്ങളാണ്.
പ്രവാസികളുടെ ഓണം
മലയാളിയുടെ പ്രവാസജീവിതം ശക്തമായതോടെയാണ് ഓണം മറ്റൊരു രൂപത്തിലേക്ക് പരിണമിക്കുന്നത്. അതോടെ ഓണമെന്ന വികാരത്തിന് തീവ്രത വര്‍ധിച്ചു. തങ്ങള്‍ നേരിടുന്ന സ്വത്വസംഘര്‍ഷങ്ങള്‍ക്കനുസരിച്ച് അവര്‍ ഓണത്തെ വ്യാഖ്യാനിച്ചു, ആഘോഷിക്കുകയും ചെയ്തു.
ആദ്യകാലത്ത് പ്രവാസജീവിതം നയിച്ചത് മുഖ്യമായും സവര്‍ണവിഭാഗങ്ങളായിരുന്നുവല്ലോ. അവര്‍ പുറംനാടുകളില്‍ മലയാളി ക്ലബ്ബുകള്‍ ഉണ്ടാക്കി. സവര്‍ണ ഇടതുപക്ഷ സംഘടനകളായിരുന്നു അവ. ഈ ക്ലബ്ബുകളില്‍ ഓണഘോഷം സജീവമായി. സവര്‍ണവിഭാഗങ്ങളും ഇടതുപക്ഷവും അങ്ങനെ ഓണത്തിന്റെ ശക്തരായ വക്താക്കളായി. പ്രവാസികളുടെ ഓണാനുഭവങ്ങള്‍ പതുക്കെ മലയാളിഭാവനയെക്കൂടി പുതുക്കി നിര്‍ണയിക്കുന്നിടത്തോളം അതെത്തി. ആദ്യകാല മലയാളി കുടിയേറ്റ കേന്ദ്രമായ ബര്‍മയിലെ പ്രവാസികളുടെ ഓണാഘോഷത്തെക്കുറിച്ച് രണ്‍ജിത്ത് മാഷ് പ്രത്യേകം പഠിച്ചിട്ടുണ്ട്. ഒരു സായാഹ്നത്തിലെ കൂടിച്ചേരലും പാട്ടും കളികളും പ്രസംഗവും മാത്രമായിട്ടാണ് അതാരംഭിച്ചത്. എന്നാല്‍, പിന്നീട്  അത് മുഴുവന്‍ദിവസ ആഘോഷമായി പരിണമിച്ചു.
അതേസമയം കേരളത്തിന്റെ ഇടതുപക്ഷമനസ്സ് ജാതി -മത വര്‍ഗീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ഓണത്തെ കമ്മ്യൂണിസ്റ്റ് സ്വപ്‌നവുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ചു. കര്‍ഷക യൂനിയനുകളുടെ വ്യാപനകാലത്ത് ഓണത്തിനു കാര്‍ഷികോല്‍സവമെന്ന വ്യാഖ്യാനം പ്രചാരത്തിലായി. ഐക്യ         കേരള രൂപീകരണത്തോടെയാണ് ഓണം ഏറക്കുറേ ദേശീയാഘോഷമായി മാറുന്നത്. ഇന്ന് പ്രാബല്യത്തിലുള്ള മഹാബലി രൂപവും അതോടെയാണ് പ്രസിദ്ധമാവുന്നത്.
ആധുനികതയുടെ കേരളത്തിലെ പ്രബലമായ തരംഗങ്ങളിലൊന്നായ ജാതി സമുദായരൂപീകരണം അതിന്റെ ആദ്യപാദത്തില്‍തന്നെ ഉല്‍സവാഘോഷങ്ങളെ കുറിച്ച് പുതിയ തിരിച്ചറിവുണ്ടാക്കിയിരുന്നു. ഇഴവര്‍, നായര്‍, ബ്രാഹ്മണര്‍ എന്നിവരാണ് ആദ്യം സംഘടിച്ചത്. ഓണത്തെ കുറിച്ചുള്ള വ്യാഖ്യാനങ്ങളും അതോടെ സജീവമായി. അപ്പോള്‍ തന്നെ സമാന്തരമായി ദലിത് ആഖ്യാനങ്ങളും രൂപം കൊണ്ടു. ബ്രാഹ്മണരെ മാത്രം ഊട്ടുകയും അധഃസ്ഥിതരെ പട്ടിണിക്കിടുകയും ചെയ്തതിനു മഹാബലിക്കു നല്‍കിയ ശിക്ഷയാണ് പാതാളത്തേക്ക് ചവിട്ടിത്താഴ്ത്തല്‍ എന്ന കഥ പോലും ഇക്കാലത്ത് രചിക്കപ്പെട്ടുവെങ്കിലും ദലിത് വ്യാഖ്യാനങ്ങള്‍ക്ക് ഏറെ പിടിച്ചുനില്‍ക്കാനായില്ല. ഓണത്തിന് നായര്‍ ആധിപത്യമുണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് എസ്.എന്‍.ഡി.പി. മൂന്നോണദിവസം ചതയദിനമായി ആഘോഷിക്കുന്നതെന്നാണ് രഞ്ജിത്തിന്റെ അഭിപ്രായം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss