|    Nov 21 Wed, 2018 5:44 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓണപ്പരീക്ഷാ നടത്തിപ്പില്‍ തീരുമാനം നാളെ

Published : 28th August 2018 | Posted By: kasim kzm

മഞ്ചേരി: മഴക്കെടുതിയില്‍ പാ ഠപുസ്തകങ്ങള്‍ നഷ്ടമായവര്‍ക്ക് ഓണാവധിക്കുശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ പുതിയ പുസ്തകങ്ങള്‍ നല്‍കും. ഓണാവധി കഴിഞ്ഞു നാളെയാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്.
ആദ്യ പ്രവൃത്തിദിവസം തന്നെ മുഴുവന്‍ വിദ്യാലയങ്ങളിലും പുസ്തകങ്ങള്‍ നഷ്ടമായ വിദ്യാര്‍ഥികളുടെ കണക്കെടുത്ത് ഒരാഴ്ചയ്ക്കകം പുതിയ പുസ്തകങ്ങള്‍ ലഭ്യമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതിനു വേണ്ട പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി വിതരണത്തിനു സജ്ജമായിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ക്കൊപ്പം നോട്ടുപുസ്തകങ്ങളും ദുരന്തബാധിതപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് നഷ്ടമായിട്ടുണ്ട്. ഇതുവരെ അധ്യാപനം നടന്ന പാഠഭാഗങ്ങള്‍ പുതിയ പുസ്തകങ്ങളിലേക്കു പകര്‍ത്തിയെഴുതി കുട്ടികള്‍ക്കു നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. പ്രളയക്കെടുതികളുടെ സാഹചര്യത്തില്‍ ഓണപ്പരീക്ഷ നടത്തുന്നതു സംബന്ധിച്ച് 30നു തീരുമാനമാവും. പരീക്ഷ ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പില്‍ ആലോചന നടക്കുന്നത്. എന്നാല്‍, പരീക്ഷ പൂര്‍ണമായും വേണ്ടെന്നുവയ്ക്കരുതെന്നും അഭിപ്രായമുണ്ട്. പ്രളയക്കെടുതിയില്‍ സ്‌കൂള്‍ അധ്യയനം മുടങ്ങിയതിനാല്‍ ഓണപ്പരീക്ഷ ഒഴിവാക്കുന്നതു സംബന്ധിച്ച് തിരുവനന്തപുരത്ത് ചേരുന്ന അധ്യാപക സംഘടനകളുടെയും ഡിഡിഇമാരുടെയും യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക.
നിപാ വൈറസ് ബാധ, കാലവര്‍ഷക്കെടുതി തുടങ്ങിയ കാരണങ്ങളാല്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം തുടര്‍ച്ചയായി അവധി നല്‍കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുണ്ടായത്. മിക്ക ജില്ലകളിലെയും വിദ്യാലയങ്ങളില്‍ ആദ്യപാദ പാഠഭാഗങ്ങള്‍പോലും പഠിപ്പിച്ചുതീര്‍ന്നിട്ടില്ല. പ്രളയദുരന്തത്തില്‍ തളര്‍ന്ന വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനുള്ള മാനസികാവസ്ഥയിലായിരിക്കില്ലെന്ന് അധ്യാപകര്‍ പറയുന്ന സാഹചര്യത്തിലാണ് പാദവാര്‍ഷിക പരീക്ഷ മാറ്റിവയ്ക്കാനുള്ള ആലോചനകള്‍ ഊര്‍ജിതമായത്.
ഈ മാസം 31ന് ഓണപ്പരീക്ഷ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഇതു മാറ്റി ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷ നടത്താനാണ് സര്‍ക്കാര്‍തലത്തില്‍ ഏകദേശ ധാരണ. എന്നാല്‍, പരീക്ഷകള്‍ക്ക് അച്ചടിച്ച ചോദ്യപേപ്പറുകള്‍ നശിപ്പിക്കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss