|    Jul 17 Tue, 2018 7:25 pm
FLASH NEWS

ഓണനാളില്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് തീച്ചാമുണ്ടി

Published : 6th September 2017 | Posted By: fsq

 

കൊച്ചി: കനല്‍ക്കല്ലുകള്‍ തട്ടിയെറിഞ്ഞും അവയ്ക്കു മേല്‍ സ്വയം അമര്‍ന്നും കിടക്കുന്ന തീച്ചാമുണ്ടി കുട്ടിച്ചാത്തന്‍ തെയ്യങ്ങള്‍ കൊച്ചിയിലെ കാണികളില്‍ വിസ്മയവും ഭക്തിയും നിറച്ചു. ദാരികനെ വധിക്കാനായി രൗദ്രഭാവം പൂണ്ട ദേവിയുടെ മുന്നില്‍ ഭക്തിയോടെയും അല്‍പ്പം ഭീതിയോടെയുമാണ് കുട്ടികളടക്കമുള്ള കാണികള്‍ ഇരുന്നത്. ഒടുവിലായിരുന്നു തീച്ചാമുണ്ടിയുടെ അഗ്‌നിപ്രവേശം. സദസ്യരില്‍ ചിലരെയും തെയ്യം കൈപിടിച്ച് അനുഗ്രഹിച്ച് അഗ്‌നിപ്രവേശം നടത്തി. ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നു സംഘടിപ്പിക്കുന്ന ലാവണ്യം 2017 ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി പള്ളത്ത് രാമന്‍ ഗ്രൗണ്ടിലാണ് തീച്ചാമുണ്ടി തെയ്യങ്ങള്‍ കെട്ടി ആടിയത്. കോഴിക്കോട് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് മലബാറിലെ അനുഷ്ഠാന കലയുടെ ദൃശ്യപ്പൊലിമ ഓണനാളില്‍ കൊച്ചിയില്‍ അവതരിപ്പിച്ചത്. തീച്ചാമുണ്ടിയായി വിജീഷും കുട്ടിച്ചാത്തനായി ഹരീഷും തെയ്യക്കോലങ്ങള്‍ അവതരിപ്പിച്ചത്. ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ എന്‍എസ് ഉഷയുടെ പുള്ളുവന്‍ പാട്ട് അവതരണവും രശ്മി സതീഷിന്റെ രസ സംഗീത നിശയും ഓണാഘോഷരാവിന് മാറ്റു കൂട്ടി.  മറൈന്‍ ഡ്രൈവില്‍ കോലഞ്ചേരി ദേവരാജ സഹൃദയ സംഗീത സദസ് അവതരിപ്പിച്ച ദേവരാജ ഗാനസന്ധ്യയും നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss