|    May 24 Wed, 2017 5:20 pm
FLASH NEWS

ഓണത്തെ വരവേല്‍ക്കാന്‍ കര്‍ണാടകയുടെ പൂപ്പാടങ്ങള്‍ ഒരുങ്ങി

Published : 25th August 2016 | Posted By: SMR

മുസ്തഫ പള്ളിക്കല്‍

ഗുണ്ടല്‍പേട്ട: ഓണത്തെ വരവേല്‍ക്കാന്‍ വിവിധയിനം പൂക്കളാല്‍ സമൃദ്ധമായി കര്‍ണാടകയിലെ പൂപ്പാടങ്ങള്‍ ഒരുങ്ങി. മനോഹരമായ ഈ പൂപ്പാടങ്ങള്‍ സന്ദര്‍ശിക്കാന്‍ നിത്യേനയെന്നോണം നൂറുകണക്കിനുപേരാണ് ഇവിടെ എത്തുന്നത്. ഓണം വിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി, വാടാമല്ലി എന്നിവയാണ് കര്‍ണാടകയുടെ പൂന്തോട്ടങ്ങളില്‍ വിളവെടുപ്പിനു പാകമായിരിക്കുന്നത്. കോഴിക്കോട്-മൈസൂരു റൂട്ടിലും മുതുമല-മൈസൂരു റൂട്ടിലുമുള്ള ഏക്കര്‍കണക്കിനു വയലുകളിലാണ് കേരളവിപണി ലക്ഷ്യമാക്കി പൂക്കള്‍ കൃഷിചെയ്തത്. ജൂലൈ, ആഗസ്ത് മാസമായതോടെ ഇവിടെ സീസണായി. ഓണം കഴിയുന്നതോടെ പൂപ്പാടം കാലിയാവും. ചെണ്ടുമല്ലി, വാടാമല്ലി എന്നിവയ്ക്കു പുറമേ സൂര്യകാന്തി കൃഷിയും ഇവിടെ സമൃദ്ധമാണ്. കര്‍ണാടകയിലെ ഗോപാലകപുരം, ഗോപാല്‍ സ്വാമിബെട്ട റൂട്ടില്‍ പൂക്കളും കരിമ്പ്, ചോളം തോട്ടങ്ങളും കാണാന്‍ നിരവധി സംസ്ഥാനങ്ങളില്‍നിന്നു ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്.
മുത്തങ്ങ വനം അവസാനിക്കുന്നതോടെ ചെണ്ടുമല്ലി, വാടാമല്ലി, സൂര്യകാന്തി പാടങ്ങള്‍ ആരംഭിക്കുകയാണ്. ഇവിടെ ചെണ്ടുമല്ലി കിലോയ്ക്ക് 10 രൂപ മുതല്‍ 15 രൂപ വരെയാണു വില. വാടാമല്ലിക്ക് കിലോയ്ക്ക് 100 രൂപയും. ഇവ ഏജന്‍സികള്‍ കേരളത്തില്‍ എത്തിക്കുന്നതോടെ വന്‍ വിലയാണ് ഈടാക്കുന്നത്. ഫഌവര്‍ ഓയില്‍ ഉണ്ടാക്കാന്‍ സൂര്യകാന്തിപ്പാടങ്ങള്‍ വന്‍കിട കമ്പനികള്‍ കര്‍ഷകരില്‍നിന്നു വിലയ്ക്ക് വാങ്ങാറാണു പതിവ്. കേരളത്തില്‍ പൂകൃഷി ഇല്ലാത്തതിനാലും നാടന്‍പൂക്കള്‍ ലഭ്യമല്ലാത്തതിനാലും മലയാളികള്‍, പ്രത്യേകിച്ച് ഓണക്കാലത്ത് പൂവിനായി കര്‍ണാടകയെയും തമിഴ്‌നാടിനെയുമാണ് ആശ്രയിക്കുന്നത്. ഓണത്തിന് മലയാളിയുടെ പൂക്കളം നിറയാന്‍ ധാരാളം പണം ചെലവഴിക്കേണ്ട അവസ്ഥയാണു നിലവിലുള്ളത്. കുടുംബശ്രീ, തൊഴിലുറപ്പുതൊഴിലാളികള്‍ എന്നിവരെ ഉപയോഗപ്പെടുത്തി പൂകൃഷി പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കിയാല്‍ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day