|    Sep 21 Fri, 2018 6:29 am
FLASH NEWS

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ദുരിതാശ്വാസ ക്യാംപുകള്‍

Published : 24th August 2018 | Posted By: kasim kzm

പൊന്നാനി: പെരുന്നാള്‍ മനോഹരമായി ആഘോഷിച്ച താലൂക്കിലെ ഒമ്പത് ദുരിതാശ്വാസ ക്യാംപുകളിലും ഓണത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. പൊന്നാനി എവി ഹൈസ്‌കൂളിലെ ഇടക്കാല സഹവാസ സങ്കേതത്തില്‍ ഇന്നലെ പൂക്കളമിട്ടു. തിരുവോണത്തിന് എല്ലാ ക്യാംപുകളിലും സദ്യയൊരുക്കാനാണ് അധികൃതരുടെ തീരുമാനം. പെരുന്നാളിന് താലൂക്കിലെ ഒമ്പത് ക്യാംപുകളിലും ബിരിയാണി വിളമ്പിയിരുന്നു. പ്രളയ ദുരിതത്തില്‍ പെരുന്നാളാഘോഷം നഷ്ടപ്പെടുമോ എന്ന ദുരിതബാധിതരുടെ ആശങ്കയകറ്റി മുഴുവന്‍ ക്യാംപുകളിലും പെരുന്നാള്‍ ആഘോഷിച്ചു. താലൂക്കിലെ ഒമ്പത് ക്യാംപുകളിലും ബിരിയാണിയാണ് വിളമ്പിയത്. തലേദിവസം മൈലാഞ്ചിയൊക്കെയണിഞ്ഞ് പെണ്ണുങ്ങളും കുട്ടികളും പെരുന്നാള്‍ രാവ് സജീവമാക്കിയതോടെ ക്യാംപില്‍ പെരുന്നാളിന്റെ നറുമണം വീശിയിരുന്നു. ക്യാംപുകളില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പെണ്ണുങ്ങള്‍ ഒരുങ്ങിയപ്പോള്‍ കിട്ടിയ പുത്തനുടുപ്പുകളുമായി പുരുഷന്മാര്‍ തൊട്ടടുത്ത പള്ളികളിലും പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചു. ഉച്ചയ്ക്ക് ചിക്കന്‍ ബിരിയാണി വിളമ്പിയതോടെ ക്യാംപ് സജീവമായി. ജീവിതത്തില്‍ ഇത്രയും മനോഹരമായ പെരുന്നാള്‍ച്ചോറ് കിട്ടിയിട്ടില്ലെന്നാണ് പലരുടെയും അഭിപ്രായം. നിരവധി ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമാണ് പെരുന്നാള്‍ സന്ദര്‍ശനം നടത്തിയത്. പൊന്നാനിയിലെ ദുരിതാശ്വാസ ക്യാംപുകള്‍ ഇനി അറിയപ്പെടുക ഇടക്കാല സഹവാസ സങ്കേതം എന്നായിരിക്കും. പേരില്‍ പോലും “ദുരിതം” എന്ന വാക്ക് മാറ്റിയതോടെ മാനസികമായും ക്യാംപിലെ അംഗങ്ങള്‍ക്ക് ഉണര്‍വേകിയിട്ടുണ്ട്. പൊന്നാനിയിലെ സഹവാസ സങ്കേതത്തില്‍ പെരുന്നാള്‍ രാവിന് പാട്ടും ആട്ടവുമായി ഏറെ സജീവമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss