|    Nov 25 Sat, 2017 11:07 am
FLASH NEWS

ഓണത്തിന് പൂക്കളം തീര്‍ക്കാന്‍ ഇത്തവണയും ചങ്ങരംകുളത്ത് ചെണ്ടുമല്ലി കൃഷി

Published : 4th August 2017 | Posted By: fsq

 

ചങ്ങരംകുളം: ഓണത്തിന് പൂക്കളമൊരുക്കാന്‍ ചങ്ങരംകുളത്ത് ചെണ്ടുമല്ലി കൃഷി ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ചെണ്ടുമല്ലി  കൃഷിയിറക്കി വിജയം കൊയ്ത ചിയ്യാനൂര്‍ മോഡേണ്‍ ജൈവ കര്‍ഷക സംഘം പ്രവര്‍ത്തകരാണ് ഇത്തവണയും പ്രദേശത്ത് പൂ വിപണിയില്‍ പരീക്ഷണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നര ഏക്കര്‍ സ്ഥലത്ത് പൂകൃഷി ഒരുക്കി വിജയം കൊയ്ത യുവാക്കള്‍ തന്നെയാണ്  ചിയ്യാനൂര്‍ അയ്യോത്ത്കുന്നിലെ ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ഇറക്കിയിരിക്കുന്നത്.  മൈസൂര്‍ നിന്ന് 5000 ത്തോളം ഹൈബ്രീഡ് തൈകളാണ് കൃഷിയിറക്കുന്നതിനായി യുവാക്കള്‍ എത്തിച്ചിരിക്കുന്നത്. കൃഷിയിറക്കാനുള്ള ചിലവ് താരതമ്യം ചെയ്യുമ്പോള്‍ പൂകൃഷി നമ്മുടെ കാലാവസ്ഥക്ക് വലിയ ലാഭകരമല്ല എന്കിലും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പൂക്കള്‍ ഉപയോഗിച്ച് പൂക്കളങ്ങള്‍ ഒരുക്കുന്ന മലയാളികള്‍ നമ്മുടെ നാട്ടില്‍ വിളയുന്ന തനി നാടന്‍ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം ഒരുക്കട്ടെ എന്നാണ് യുവാക്കള്‍ പറയുന്നത്. അത്തം തുടങ്ങുന്നതോടെ പൂക്കളങ്ങള്‍ ഒരുക്കുന്നതിനായി ടണ്‍ കണക്കിന് പൂക്കളാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നത്. സംസ്ഥാനത്ത് വിവിധ സംഘടനകളും കൂട്ടായ്മകളും പൂകൃഷി ചെയ്യാന്‍ തുടങ്ങിയതോടെ  അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പൂക്കളെക്കാളും നാടന്‍ പൂക്കളെ മലയാളികള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ നാട്ടില്‍ വിളയിക്കുന്ന പൂവിന് നല്ല ഡിമാന്റാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടത്. കാലാവസ്ഥ അനുകൂലമായാല്‍ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍. പ്രദേശത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തരിശായി കിടന്ന ചിയ്യാനൂര്‍ പാടത്ത് ജൈവനെല്‍ കൃഷി നടത്തി വിജയം കണ്ട മോഡേണ്‍ ജൈവ കര്‍ഷക സംഘം കഴിഞ്ഞ വര്‍ഷമാണ് ചെണ്ടുമല്ലി കൃഷിയില്‍ പരീക്ഷണം നടത്തിയത്. ഒരു ഏക്കറില്‍ കഴിഞ വര്‍ഷം ഒരുക്കിയ ചെണ്ടുമല്ലി കൃഷി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക