|    Mar 26 Sun, 2017 1:24 am
FLASH NEWS

ഓണത്തിന് കണ്‍സ്യൂമര്‍ ഫെഡ് ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക്‌; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എംഡി

Published : 19th August 2016 | Posted By: SMR

കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യഷാപ്പിലൂടെ ഓണ്‍ലൈന്‍ മദ്യവില്‍പന ഓണത്തോടനുബന്ധിച്ച് തുടങ്ങുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് കോഴിക്കാട് പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ പറഞ്ഞു. മൂന്നുദിവസത്തിനകം ഇതുസംബന്ധിച്ച് ഒൗദ്യോഗിക തീരുമാനം ഉണ്ടാവുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതിയും ധൂര്‍ത്തും കാരണം ഉണ്ടായ ക ണ്‍സ്യൂമര്‍ ഫെഡിന്റെ നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് ഓണ്‍ലൈന്‍ മദ്യവില്‍പനയുമായി മുന്നോട്ടുപോവുന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ രശീതി ഉപയോഗിച്ച് ആര്‍ക്കും മദ്യം വാങ്ങിക്കാമെന്ന് മെഹബൂബ് വ്യക്തമാക്കി.
59 ഇനം പുതിയ മദ്യങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലയിലൂടെ ലഭിക്കും. ലാഭകരമല്ലാത്ത 755 നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടാനും നഷ്ടത്തിലായ ത്രിവേണി സ്റ്റോറുകള്‍ ഓണത്തിനുശേഷം അടച്ചുപൂട്ടാനും തീരുമാനിച്ചതായി ചെയര്‍മാന്‍ പറഞ്ഞു. നീതി മെഡിക്കല്‍ സ്റ്റോര്‍ ലാഭത്തിലാണ്. എന്നാല്‍, ഇവിടങ്ങളില്‍ വില്‍പന കുറവാണ്. മദ്യഷാപ്പിലെ ലാഭംകൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിവരുന്നത്. കൂടുതല്‍ മരുന്നുകള്‍ എത്തിച്ച് നീതി മെഡിക്കല്‍ സ്റ്റോറുകളിലെ വില്‍പന കാര്യക്ഷമമാക്കുമെന്നും മെഹബൂബ് വിശദീകരിച്ചു.
സര്‍ക്കാര്‍ അനുവദിച്ചാല്‍ കോഴിക്കോട്ട് വിദേശമദ്യ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കും. ഇതിനായി സര്‍ക്കാരിനെ ഉടന്‍ സമീപിക്കുമെന്നും മെഹബൂബ് സൂചിപ്പിച്ചു. നീതി-നന്മ സ്റ്റോറുകളില്‍ കോടികളുടെ അഴിമതിയാണു നടന്നത്. ഇനി ഇത്തരം അഴിമതികള്‍ അനുവദിക്കില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
എന്നാല്‍, കണ്‍സ്യൂമര്‍ ഫെഡ് ഓണ്‍ലൈന്‍ മദ്യവ്യാപാരം നടത്തുന്നുവെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എംഡി ഡോ. എം രാമനുണ്ണി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സമീപകാലത്തായി നമ്മുടെ സംസ്ഥാനത്ത് ഓണ്‍ലൈന്‍ വ്യാപാരം എന്നത്, ഓണ്‍ലൈനില്‍ സാധനങ്ങള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വീടുകളില്‍ കൊറിയര്‍, പോസ്റ്റല്‍ വകുപ്പ് വഴി എത്തിച്ചുകൊടുക്കുന്ന ഒരു രീതിയായി വളര്‍ന്നുവന്നതിനാല്‍ ക ണ്‍സ്യൂമര്‍ ഫെഡ് വീടുകൡലേക്ക് മദ്യം എത്തിക്കുന്നുവെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയായിട്ടുണ്ട്. എന്നാല്‍, ബിവറേജസ് ഷോപ്പുകളിലെ ക്യൂ ഒഴിവാക്കുന്നതിനുവേണ്ടി ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ബുക്ക് ചെയ്യുന്ന വ്യക്തികള്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ പ്രത്യേക കൗണ്ടര്‍ ക്രമീകരിക്കുമെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് വ്യക്തമാക്കിയത്. ഇതിനെ വീടുകളിലേക്ക് മദ്യം എത്തിക്കുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. എം രാമനുണ്ണി അറിയിച്ചു. ഇതിനായി ബിവറേജസ് ഷോപ്പുകളില്‍ പ്രത്യേക കൗണ്ടറും ടോക്കണ്‍ സൗകര്യവും ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

(Visited 88 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക