|    Mar 25 Sat, 2017 7:16 pm
FLASH NEWS

ഓണത്തിനും ശമ്പളമില്ലാതെ 4000ഓളം അധ്യാപകര്‍

Published : 30th August 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ വാഗ്ദാനം വാക്കുകളിലൊതുങ്ങിയതോടെ 4000ഓളം അധ്യാപകര്‍ക്ക് ഓണത്തിനും ശമ്പളം ലഭിക്കില്ലെന്ന കാര്യം ഉറപ്പായി. തസ്തിക നഷ്ടപ്പെട്ടതിന്റെ പേരില്‍ പെരുവഴിയിലായ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ 4000ഓളം അധ്യാപകരാണ് മൂന്നുമാസമായി ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്നത്. തസ്തിക നഷ്ടപ്പെട്ട 3,852 എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ പുനര്‍വിന്യസിക്കുമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇറക്കിയ ഉത്തരവ് ഫയലില്‍ ഉറങ്ങുന്ന അവസ്ഥയാണ്.
പുനര്‍വിന്യാസം നടത്തേണ്ടതിന്റെ ചുമതല ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കാണ് നല്‍കിയിരുന്നത്. പുനര്‍വിന്യാസം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ശമ്പളം ലഭിക്കുമെന്നായിരുന്നു ഉത്തരവിലെ വ്യവസ്ഥ. എന്നാല്‍, ഇതുസംബന്ധിച്ച് വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ തുടര്‍നടപടികളുമുണ്ടാവാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പുനര്‍വിന്യാസം നടത്തുന്നതിനായി ഉത്തരവില്‍ത്തന്നെ നിരവധി നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന എല്‍പി/യുപി സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ സഹായിക്കുന്നതിന് ഓരോ അധ്യാപകരെ നിയമിക്കാമെന്നതായിരുന്നു പ്രധാന നിര്‍ദേശം.
എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് എസ്എസ്എ ഉള്‍പ്പെടെയുള്ള പ്രൊജക്ടുകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെട്ടിട്ടുള്ള എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ഒഴിവുകളിലും സംരക്ഷിതാധ്യാപകരെ നിയമിക്കാം. എസ്എസ്എയുടെ കീഴില്‍ പഞ്ചായത്തുതല ക്ലസ്റ്റര്‍ കോ- ഓഡിനേറ്റര്‍മാരായും നിയമിക്കാം.
ആര്‍എംഎസ്എ സ്‌കൂളുകളില്‍ അധികംവരുന്ന ഒഴിവുകളില്‍, ഐടി അറ്റ് സ്‌കൂളില്‍ വര്‍ക്ക് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ തുടരുന്ന അധ്യാപകര്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അക്കാദമിക മോണിറ്ററിങ് സമിതികളിലേക്ക് നിയമിക്കപ്പെടുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും പകരം തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ നിയമിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരിന്റെ പുനര്‍വിന്യാസ ഉത്തരവുകള്‍ക്ക് അനുസൃതമായി കെഇആറില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
അതേസമയം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന, ജില്ലാ തലത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികളില്‍ ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ചവരുത്തുന്നതായാണ് ആക്ഷേപം. ഓരോ ജില്ലയിലും ഇത്തരത്തില്‍ എത്ര പേരെ വീതം നിയമിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍പോലും ഇതുവരെ ശേഖരിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഒരുജില്ലയില്‍ നിയമിക്കാന്‍ കഴിയാതെ വരുന്ന അധിക അധ്യാപകരെ മറ്റ് ജില്ലകളിലേക്ക് മാറ്റുന്ന ജോലികളും ആരംഭിക്കാനാവാത്ത സ്ഥിതിയാണ്.
പുനര്‍വിന്യാസം നടത്തുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയ്ക്ക് ബലിയാടാവേണ്ടി വന്നിരിക്കുന്നത് ആയിരക്കണക്കിന് അധ്യാപകരാണ്. മൂന്നുമാസമായി ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ ഈ അധ്യാപകര്‍ക്ക് ഇത്തവണത്തെ ഓണം വറുതിയുടേതായിരിക്കും. പുതിയ സര്‍ക്കാര്‍ വന്നിട്ടും അധ്യാപകരോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരേ ഭരണ- പ്രതിപക്ഷ ഭേദമന്യേ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് അധ്യാപകസംഘടനകള്‍.

(Visited 45 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക