|    Jan 23 Mon, 2017 10:06 am
FLASH NEWS

ഓണക്കാലത്ത് കൂടുതല്‍ ബസ്സുകള്‍

Published : 5th September 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: ഓണക്കാലത്ത് തിരക്ക് പരിഗണിച്ച് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ ഡിപ്പോകളിലേക്കും നല്‍കിയിട്ടുണ്ട്. ഓര്‍ഡിനറി, അന്തര്‍ജില്ലാ, അന്തര്‍ സംസ്ഥാന സര്‍വീസുകളിലെല്ലാം വര്‍ധനവുണ്ടാകും. സംസ്ഥാനത്തിനകത്തുള്ള സര്‍വീസുകളുടെ വര്‍ധനവ് ഇന്നുമുതല്‍ ആരംഭിക്കും. ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും ആവശ്യത്തിനനുസരിച്ചു കൂട്ടാന്‍ നിര്‍ദേശമുണ്ട്. അന്തര്‍സംസ്ഥാന സര്‍വീസുകളിലെ വര്‍ധനവ് 7 മുതലാണ് ആരംഭിക്കുക.
എല്ലാ വര്‍ഷത്തെയും പോലെ ഓണം പ്രമാണിച്ച് യാത്രക്കാരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണു തീരുമാനമെന്ന് കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ ആര്‍ സുധാകരന്‍ തേജസിനോട് പറഞ്ഞു. ബംഗളൂരു സെക്ടറിലേക്കു മാത്രം ഇത്തവണ 19 അധിക സര്‍വീസുകളാണ് ഏര്‍പ്പെടുത്തുന്നത്. തിരുവനന്തപുരം, അടൂര്‍, പിറവം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബംഗളൂരു സെക്ടറിലേക്കുള്ള സര്‍വീസ് നടക്കുക. ബംഗളൂരുവിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്റ്, മജസ്റ്റിക്, കലാശിപാളയം, പീനിയ, ശാന്തിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വീസുകളുടെ എണ്ണവും തിരക്കിനനുസരിച്ച് വര്‍ധിപ്പിക്കും. നിലവില്‍ ഈ സ്ഥലങ്ങളില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും സര്‍വീസുകള്‍ നടക്കുന്നുണ്ട്.
മറ്റു പ്രധാന അന്തര്‍സംസ്ഥാന സര്‍വീസുകളായ മൈസൂര്‍, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, തെങ്കാശി, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണം ബസ് സര്‍വീസ് വര്‍ധിപ്പിക്കാന്‍ പെര്‍മിറ്റ് കരാറില്‍ അനുമതിയുണ്ട്. നിലവില്‍ 600 വാഹനങ്ങളാണ് അന്തര്‍സംസ്ഥാന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. 5,400 മറ്റു ബസ്സുകളും കെഎസ്ആര്‍ടിസിക്ക് ഉണ്ട്. വിവിധ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി നിലവില്‍ ഡിപ്പോകളില്‍ അറ്റകുറ്റപ്പണി—ക്കായി കിടക്കുന്ന ബസ്സുകളും കട്ടപ്പുറത്തായിരിക്കുന്ന ബസ്സുകളും എത്രയും വേഗം പണി പൂര്‍ത്തിയാക്കി നിരത്തിലിറക്കാനാണ് ആലോചിക്കുന്നത്.
അതേസമയം, ഡീസല്‍ വില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം കുറച്ച ഓര്‍ഡിനറി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയെങ്കിലും ഇതുവരെ അനുകൂല മറുപടിയുണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. ഓര്‍ഡിനറി മിനിമം ടിക്കറ്റ് നിരക്ക് ഏഴു രൂപയാക്കാനായിരുന്നു ശുപാര്‍ശ. സ്വകാര്യ ബസ്സുകള്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാത്ത പശ്ചാത്തലത്തിലും ഇന്ധനവില വീണ്ടും കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലും കെഎസ്ആര്‍ടിസിയുടെ പ്രതിദിന നഷ്ടത്തിന്റെ തോത് ഉയര്‍ന്നുവരികയാണ്.
ദിനേന 25 ലക്ഷം എന്ന തോതില്‍ പ്രതിമാസം 7.5 കോടിയാണ് ഇതോടനുബന്ധിച്ച് കെഎസ്ആര്‍ടിസിക്ക് ഉണ്ടാവുന്ന നഷ്ടം. നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ആലോചനയൊന്നും നടന്നിട്ടില്ലെന്നു ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക