|    Aug 23 Wed, 2017 1:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് അരി : മന്ത്രി

Published : 13th August 2017 | Posted By: fsq

 

കണ്ണൂര്‍: ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് അരിയെത്തിക്കാന്‍ ആന്ധ്രാ സര്‍ക്കാരുമായി ഇതിനകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും മന്ത്രി പി തിലോത്തമന്‍. കണ്ണൂരില്‍ മാവേലി സ്റ്റോറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട പ്രത്യേക കരാറില്‍ ആഗസ്ത് 17ഓടെ ഒപ്പുവയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. അരിക്കു പുറമെ, സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, കുടുംബശ്രീ എന്നിവ നടത്തുന്ന ഓണച്ചന്തകളിലൂടെ പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാന്‍ ഏകീകൃത വിലസമ്പ്രദായം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കാലഘട്ടത്തിനനുസരിച്ച് ഷോപ്പിങ്മാളുകളുടെ മാതൃകയില്‍ സപ്ലൈകോ സ്റ്റോറുകളെ നവീകരിക്കും. എല്ലാ ഉല്‍പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മല്‍സ്യവും മാംസവും സപ്ലൈകോ സ്റ്റോറുകളിലൂടെ വിതരണം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യയുടെ മായമില്ലാത്ത മാംസ ഉല്‍പന്നങ്ങള്‍ സ്റ്റോറുകളിലെത്തിക്കാന്‍ അവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എല്‍ഡിഎഫ് ഭരണത്തിലിരിക്കുന്ന സമയത്ത് അരിയും മുളകും ഉള്‍പ്പെടെ 13 അവശ്യ ഭക്ഷ്യസാധനങ്ങള്‍ക്ക് വിലകൂടില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം ഇതുവരെ പാലിക്കാനായിട്ടുണ്ട്. മാത്രമല്ല, പലതിന്റെയും വില കുറയ്ക്കാനുമായി. പല സാധനങ്ങള്‍ക്കും പൊതുവിപണിയിലെ വിലയുടെ പകുതിയോളം മാത്രമേ മാവേലി സ്റ്റോറുകളിലുള്ളൂ. പൊതുവിതരണ രംഗം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി മേഖലയിലെ കുത്തകകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമുള്ളതാക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക