|    Mar 25 Sat, 2017 1:08 pm

ഓണക്കാലത്തെ വിലക്കയറ്റം: ശക്തമായ നടപടികളുമായി സര്‍ക്കാര്‍; വിപണിയില്‍ ഇടപെടും

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനും കുറഞ്ഞവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനും ശക്തമായ ഇടപെടല്‍ നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിപണി ഇടപെടലിന് ബജറ്റില്‍ 2016-2017 വര്‍ഷത്തേക്ക് അനുവദിച്ച 150 കോടി രൂപയില്‍ നിന്ന് 81.42 കോടി സപ്ലൈകോയ്ക്ക് നല്‍കും.
ഇതില്‍ 45 കോടി രൂപ വിപണി ഇടപെടലിനും ഓണം ഫെയര്‍ നടത്തിപ്പിന് 4.6 കോടിയും ബിപിഎല്‍ കിറ്റിന് 8.76 കോടിയും സ്‌പെഷ്യല്‍ പഞ്ചസാര വിതരണത്തിന് 13.60 കോടി രൂപയും വകയിരുത്തി. ഓണത്തോടനുബന്ധിച്ച് എല്ലാ ജില്ല, താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈകോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്നു മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മാവേലി സ്‌റ്റോറില്ലാത്ത 38 പഞ്ചായത്തുകളില്‍ ഓണം മിനി ഫെയര്‍ തുടങ്ങും. എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും മിനി ഓണം ഫെയറുകളുണ്ടാവും. 56 പ്രത്യേക ഓണച്ചന്തകള്‍ അടക്കം 1,464 ഓണച്ചന്തകളാണ് ഇക്കാലയളവില്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാരിന്റെ ഓണച്ചന്തകള്‍ക്കു പുറമെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ചന്തകള്‍ നടത്താന്‍ ഹാളുകള്‍ വിട്ടുനല്‍കും. സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് എംഡിഎംഎസ് പദ്ധതിപ്രകാരം അഞ്ചുകിലോ അരി വീതം നല്‍കും. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. എപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ടുകിലോ അരി അധികമായി വിതരണം ചെയ്യും. ഇപ്പോള്‍ നല്‍കുന്ന എട്ട് കിലോയ്ക്ക് പുറമെയാണിത്.
കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ താലൂക്ക്, ജില്ലാ, സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. പരാതികള്‍ അറിയിക്കാനും പരിഹാരം കാണാനും ഫോണ്‍നമ്പര്‍ സംവിധാനവും താലൂക്ക്, ജില്ലാതലങ്ങളില്‍ പ്രത്യേക ഓഫിസര്‍മാരും ഉണ്ടാവും. വിലനിയന്ത്രണം സംബന്ധിച്ച്  വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നതിനു സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് പ്രൈസ് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിക്കും. പാചകവാതകത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് എണ്ണക്കമ്പനികളുമായി ചര്‍ച്ചനടത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ ഹോര്‍ട്ടികോര്‍പ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍, കൃഷിവകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലായിരിക്കും ഫെയറുകള്‍. 1,350 പച്ചക്കറി ച്ചന്തകള്‍ പ്രത്യേകമായി തുടങ്ങും. കൃഷിവകുപ്പ്- 998, ഹോര്‍ട്ടികോര്‍പ്- 185, വിഎഫ്പിസികെ-195, എസ്എച്ച്എം-2 എന്നിങ്ങനെയായിരിക്കും ഫെയറുകള്‍. ഇതില്‍ 91 എണ്ണം ദേശീയപാതയോരങ്ങളിലെ വിപണികളായിരിക്കും.
പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നു ന്യായവിലയ്ക്കു സംഭരിച്ച്  സബ്‌സിഡി ഇനത്തിലായിരിക്കും നല്‍കുക. ഭക്ഷ്യമന്ത്രി ആന്ധ്രയില്‍ പോയി അരിക്കു പുറമേ മറ്റു നിത്യോപയോഗസാധനങ്ങളും മിതമായ നിരക്കിലെത്തിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗസാധനങ്ങള്‍ പൊതുവിപണിയില്‍നിന്നു വിലകുറച്ചു നല്‍കാനാണു തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

(Visited 136 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക