|    Jun 19 Tue, 2018 1:04 am

ഓണം വാരാഘോഷം 12ന് തുടങ്ങും; ഘോഷയാത്ര 18ന്

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഈ മാസം 12 മുതല്‍ 18 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 12നു വൈകീട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍  നിര്‍വഹിക്കുമെന്നു മന്ത്രി എ സി മൊയ്തീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18നു വൈകീട്ട് കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയുള്ള വര്‍ണശബളമായ ഘോഷയാത്രയോടെ ആഘോഷങ്ങള്‍ സമാപിക്കും. 11ന് വൈകീട്ട് ആറിന് കനകക്കുന്ന് കൊട്ടാരത്തില്‍ ഓണപ്പതാക ഉയര്‍ത്തും. ജില്ലയില്‍ 30 വേദികളിലാണ് ആഘോഷ പരിപാടികള്‍. കഴിഞ്ഞ വര്‍ഷം 28 വേദികളാണ് ഉണ്ടായിരുന്നത്. കഴക്കൂട്ടം, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാള്‍ പാര്‍ക്ക് എന്നീ പുതിയ വേദികള്‍ ഇക്കുറിയുണ്ട്. പ്രധാന വേദിയായ നിശാഗന്ധിക്കു പുറമെ കഴക്കൂട്ടത്തും പ്രധാന പരിപാടികള്‍ അരങ്ങേറും. കനകക്കുന്ന് കൊട്ടാരവളപ്പില്‍ കേരളത്തിന്റെ തനത് രുചിക്കൂട്ടുകള്‍ കൂട്ടിയിണക്കി പ്രധാന ഹോട്ടലുകളും കുടുംബശ്രീ സംരംഭകരും ഒരുക്കുന്ന ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നു. തിരുവോണ ദിവസം നിശാഗന്ധിയില്‍ ഭിന്നശേഷിയുള്ളവരുടെ കലാപരിപാടികളാണു സംഘടിപ്പിക്കുന്നത്. ഗാന്ധിപാര്‍ക്കില്‍ 18ന് ട്രാന്‍സ്‌ജെന്‍ഡറുകളുടെ കലാവിരുന്ന് നടക്കും. സ്ത്രീകളുടെയും കുട്ടികളുടെയും കലാവിരുന്നാണ് ശംഖുമുഖത്തെ വേദിയില്‍ അരങ്ങേറുക. പ്രധാനവേദിയായ നിശാഗന്ധിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് ഓരോ ദിവസവും നടക്കുക. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന മെഗാ ഷോ നടക്കും.  പൂജപ്പുര മൈതാനിയില്‍ ഗാനമേളകളാണ്. കനകക്കുന്നിലെ വിവിധ വേദികളില്‍ നാടന്‍ കലകളും കനകക്കുന്ന് അകത്തളത്തില്‍ ഫോട്ടോ,  ചിത്ര പ്രദര്‍ശനവും ഒരുക്കും. സൂര്യകാന്തിയില്‍ ഗാനമേളകളാണ്. തീര്‍ത്ഥപാദ മണ്ഡപത്തില്‍ കഥകളി അക്ഷരശ്‌ളോകം, കൂത്ത്, കൂടിയാട്ടം എന്നിവയും ഗാന്ധി പാര്‍ക്കില്‍ കഥാപ്രസംഗവും നടക്കും. വിജെടി ഹാളില്‍ കഥ, കവിയരങ്ങ്, നാടകം എന്നിവ അരങ്ങേറും. കനകക്കുന്ന് ഗേറ്റില്‍ വൈകുന്നേരങ്ങളില്‍ വാദ്യമേളങ്ങള്‍ അരങ്ങേറും.ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനു വൈദ്യുതി, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. നഗരത്തില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ നിന്നും പരിപാടികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാനുള്ള സൗകര്യവുമുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഐബി സതീഷ് എംഎല്‍എ, ഡി കെ മുരളി എംഎല്‍എ, അഡ്വ. ബി സത്യന്‍ എംഎല്‍എ, ടൂറിസം സെക്രട്ടറി ഡോ. വി വേണു, ടൂറിസം ഡയറക്ടര്‍ യുവി ജോസ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss