|    May 27 Sat, 2017 9:28 pm
FLASH NEWS

ഓണം-ബക്രീദ്: റെക്കോര്‍ഡ് വില്‍പന പ്രതീക്ഷിച്ച് മില്‍മ

Published : 6th September 2016 | Posted By: SMR

ആലത്തൂര്‍: ഈ വര്‍ഷത്തെ ഓണാഘോഷവും ബക്രീദും ഒരുമിച്ച് വരുന്നതിനാല്‍ പാല്‍ വില്പനയില്‍ വന്‍ വര്‍ധനയാണ് മില്‍മ പ്രതീക്ഷിക്കുന്നത്. 2015 ലെ ഓണ ദിവസങ്ങളില്‍ മലബാര്‍ മേഖലയില്‍ മില്‍മ വിറ്റഴിച്ചത് 25 ലക്ഷം ലിറ്റര്‍ പാലാണ്.  ബക്രീദിന് 8 ലക്ഷം ലിറ്റര്‍ പാലും.  ഈ വര്‍ഷം ഓണം, ബക്രീദ് എന്നീ ആഘോഷങ്ങള്‍ ഒന്നിച്ച് വരുന്നതിനാല്‍ 35 ലക്ഷം ലിറ്റര്‍ പാലിന്റെ വില്‍പനയാണ് 3 ദിവസങ്ങളിലായി പ്രതീക്ഷിക്കുന്നത്. 2015 ലെ  ഓണ ദിവസങ്ങളില്‍ മലബാര്‍ മേഖലയില്‍ 5 ലക്ഷം ലിറ്റര്‍ തൈര് വില്‍പന നടത്തിയിരുന്നു.  ബക്രീദിന് തൈര് വില്പന 4 ലക്ഷം ലിറ്റര്‍ ആയിരുന്നു.  ഈ വര്‍ഷം ഓണം, ബക്രീദ് ആഘോഷങ്ങള്‍ക്ക് 10 ലക്ഷം ലിറ്റര്‍ തൈര് വില്‍പന നടത്താനാണ് മില്‍മ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
പാല്‍, തൈര് എന്നിവ കൂടാതെ നെയ്യ് വില്‍പനയിലും വന്‍ വര്‍ധനയാണ് മില്‍മ പ്രതീക്ഷിക്കുന്നത്.  2015 ലെ വില്‍പനയേക്കാള്‍ 50,000 കിലോ നെയ്യിന്റെ വില്‍പന വര്‍ധന ഈ വര്‍ഷം പ്രതീക്ഷിക്കുന്നു.  മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ ഓണത്തോടനുബന്ധിച്ച് വിപണിയിലിറക്കിയ ‘ബണ്‍ഡില്‍ ഓഫ് ജോയ്” എന്ന ഓണം ഗിഫ്റ്റ് പാക്കിന് വന്‍ സ്വീകരണമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.  25,000 ഗിഫ്റ്റ് കിറ്റുകള്‍ വില്‍പന നടത്താനാണ് മില്‍മ ഒരുങ്ങുന്നത്.  ഓണ വിപണിയില്‍ പ്രിയങ്കരമായ മില്‍മ പാലട മിക്‌സ് ആഗസ്ത് മാസത്തില്‍ തന്നെ റെക്കോര്‍ഡ് വില്‍പന നേടിക്കഴിഞ്ഞു.  ഓണ ദിനങ്ങളില്‍ 20 ടണ്‍ പാലടയാണ് മില്‍മ ലക്ഷ്യമിടുന്നത്.  മില്‍മ പേടയുടെ വില്‍പനയിലും വന്‍ വര്‍ധനയാണ് മില്‍മയ്ക്ക് ഉണ്ടായിട്ടുളളത്.  മുന്‍ വര്‍ഷത്തേക്കാള്‍ 35ശതമാനം വില്‍പന വര്‍ധന മില്‍മ പേടയ്ക്ക് പ്രതീക്ഷിക്കുന്നു.  കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വില്പന നടത്തി ലാഭം വര്‍ധിപ്പിച്ച് ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ പ്രോത്സാഹന വില നല്‍കുന്നതിനാണ്  മില്‍മ ലക്ഷ്യമിടുന്നത്. 2016 ആഗസ്തില്‍ കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ നല്‍കിയ ഓരോ ലിറ്റര്‍ പാലിനും 2 രൂപ പ്രകാരം അധിക വിലയായി കര്‍ഷകര്‍ക്ക് ഓണസമ്മാനമായി മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ നല്‍കുന്നുണ്ട്.  കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലായി ഈയിനത്തില്‍ മാത്രം മൂന്നു കോടി രൂപയാണ് കര്‍ഷകര്‍ക്ക് ഓണത്തിന് മലബാര്‍ മേഖലാ യൂനിയന്‍ വിതരണം ചെയ്യുന്നത്.
ഇപ്പോള്‍ മലബാര്‍ മേഖലാ യൂനിയന്റെ പാല്‍ സംഭരണം പ്രതിദിനം 6 ലക്ഷം ലിറ്ററിന് മുകളിലാണ്. ഓണം, ബക്രീദ് ദിവസങ്ങളില്‍ 20 ലക്ഷം ലിറ്റര്‍ പാല്‍ പ്രാദേശികമായി സംഭരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണം, ബക്രീദിന് അധികമായി ആവശ്യം വരുന്ന പാല്‍ കര്‍ണാടക, തമിഴ്‌നാട് സഹകരണ മില്‍ക്ക് ഫെഡറേഷനുകളില്‍(നന്ദിനി, ആവിന്‍) നിന്നും ഗുണനിലവാരം ഉറപ്പു വരുത്തി സംഭരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് മില്‍മ, മലബാര്‍ മേഖലാ യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ കെ ടി തോമസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day