|    Jan 25 Wed, 2017 1:08 am
FLASH NEWS

ഓണം-ബക്രീദ്: ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തമാക്കും

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: ഓണം- ബക്രീദ് കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഓണം-ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ഏകദേശം 200ഓളം പച്ചക്കറി സാംപിളുകള്‍ ശേഖരിച്ച് കൃഷിവകുപ്പിന്റെ സേഫ് ടു ഈറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റിയുടെ പെസ്റ്റസൈഡ് റെസിഡ്യു ടെസ്റ്റിങ് ലാബില്‍ തീവ്ര പരിശോധന നടത്തി വരുകയാണ്. പരിശോധനാ ഫലം കിട്ടിയ ഉടന്‍ തന്നെ വേണ്ട നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ മാസം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയ കറിപ്പൊടികള്‍ ശേഖരിച്ച് പെസ്റ്റസൈഡ് റെസിഡ്യു ടെസ്റ്റിങ് ലാബില്‍ പരിശോധിക്കുകയുണ്ടായി. ഏകദേശം 96 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 25 സാമ്പിളുകളില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. പല കീടനാശിനികളുടെയും പരമാവധി അളവ് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ   നിശ്ചയിച്ചിട്ടില്ല. അതിനാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ തടസ്സങ്ങള്‍ അനുഭവപ്പെടുന്നു. ഇക്കാര്യം ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയെയും, കേന്ദ്ര ഗവണ്‍മെന്റിനെയും കത്ത് മുഖേന അറിയിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഓണക്കാലത്ത് സംസ്ഥാനമൊട്ടാകെ 17 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് എല്ലാവിധ നിത്യോപയോഗ ഭക്ഷ്യ വസ്തുക്കളും ശേഖരിച്ച് പരിശോധനയ്ക്ക് അയ—ക്കുന്നതാണ്. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 11 വരെ നടക്കും.
ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഫുഡ് ടെസ്റ്റിങ് ലബോറട്ടറി ഒമ്പതിന് ആരോഗ്യവകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ലാബിന്റെ സഹായത്തോടുകൂടി പാല് പോലെയുള്ള ഭക്ഷണസാധനങ്ങള്‍ ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കുന്നതും ഗുണ നിലവാരമില്ലെന്ന് ബോധ്യപ്പെട്ടാല്‍ ചെക്‌പോസ്റ്റ് വഴി പ്രസ്തുത ഭക്ഷണ പദാര്‍ഥങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിക്കുന്നതുമാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ എറണാകുളം കേന്ദ്രീകരിച്ച് പുതിയൊരു സഞ്ചരിക്കുന്ന ഫുഡ് ടെസ്റ്റിങ് ലാബും ആരംഭിക്കും.
ഓണം, ബക്രീദ് ആഘോഷകാലത്ത് ഹോട്ടല്‍, റസ്റ്റോറന്റ്, കാന്റീനുകള്‍ എന്നിവ വഴി വിതരണം ചെയ്യുന്ന പാചകം ചെയ്ത ഭക്ഷണ പദാര്‍ഥങ്ങളെയും, അസംസ്‌കൃത പദാര്‍ഥങ്ങളെയും കുറിച്ച് പരാതിയുള്ളവര്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കേണ്ടതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക