|    Aug 18 Fri, 2017 2:21 pm
FLASH NEWS

ഓണം-ബക്രീദ് ഖാദി വിപണനമേളയ്ക്കു തുടക്കം;തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വിലക്കിഴിവ്

Published : 7th August 2017 | Posted By: fsq

 

ആലപ്പുഴ: ഖാദി തുണിത്തരങ്ങളുടെയും ഉല്‍പന്നങ്ങളുടെയും വൈവിധ്യമാര്‍ന്ന ശ്രേണിയൊരുക്കി ഓണം-ബക്രീദ് ഖാദി വിപണന മേളയ്ക്കു തുടക്കം. ആരംഭിക്കും. ആലപ്പുഴ ഖാദി ഗ്രാമവ്യവസായ ഓഫിസ് അങ്കണത്തില്‍ ജില്ലാതല ഉദ്ഘാടനം കെ സി വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. വൈവിധ്യമാര്‍ന്ന ഖാദി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും ഉല്‍പാദനം ആവശ്യത്തിനില്ലെന്നും ഇതു വര്‍ധിപ്പിക്കാനുള്ള ബൃഹത്തായ പദ്ധതികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍സംരംഭം എന്ന നിലയില്‍ മാത്രമല്ല ദേശീയതയുമായും ദേശീയ പ്രസ്ഥാനവുമായി അദേഭ്യബന്ധമുള്ള മേഖലയെന്ന നിലയിലും ഖാദിയെ കാണണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷ്യത വഹിച്ചു. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആദ്യവില്‍പന നിര്‍വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍ കെ എസ് പ്രദീപ് കുമാര്‍, നഗരസഭാംഗങ്ങളായ ജി ശ്രീജിത്ര, ബഷീര്‍ കോയാപറമ്പില്‍, ലീഡ് ബാങ്ക് മാനേജര്‍ ജി വിദ്യാധരന്‍ നമ്പൂതിരി, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ കെ എസ് അജിമോന്‍, പ്രോജക്റ്റ് ഓഫിസര്‍ എം ജി ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വിലക്കിഴിവാണ് മേളയില്‍ ലഭിക്കുക. സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക്, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് 35,000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമീണനെയ്ത്തുകാരുടെ കരവിരുതില്‍ തീര്‍ത്ത പകിട്ടാര്‍ന്ന പട്ടുസാരികള്‍, കോട്ടണ്‍, മസ്ലിന്‍, സില്‍ക്ക് ഖാദി തുണിത്തരങ്ങള്‍, വിവിധയിനം ദോത്തികള്‍, വിദേശങ്ങളില്‍ പോലും പ്രിയമായി മാറിയ ഖാദി കോട്ടണ്‍, സില്‍ക്ക് മിലേനി ഷര്‍ട്ടുകള്‍, കോട്ടണ്‍ കിടക്ക വിരികള്‍, വിവിധ ഗ്രാമവ്യവസായ ഉല്പന്നങ്ങള്‍ തുടങ്ങിയവ ആലപ്പുഴ ഖാദി ഗ്രാമസൗഭാഗ്യയിലും അംഗീകൃത വില്‍പനശാലകളിലും ലഭിക്കും. സപ്തംബര്‍ മൂന്നുവരെയാണ് മേള. ആയിരം രൂപയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുത്ത് 48 പവന്റെ സ്വര്‍ണസമ്മാനങ്ങള്‍ നല്‍കും. ആഴ്ചയില്‍ ഒരു വിജയിക്ക് 4000 രൂപ വിലയുള്ള പട്ടുസാരിയും സമ്മാനമായി നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക