|    Mar 29 Wed, 2017 9:14 am
FLASH NEWS

ഓണം- ബക്രീദ് ആഘോഷങ്ങള്‍ അടുത്തെത്തി; നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Published : 29th August 2016 | Posted By: SMR

കാസര്‍കോട്: സാധാരണക്കാരെ ദുരിതത്തിലാക്കി നിത്യോപയോഗ സാധനങ്ങളുടെ വിലകുതിച്ചുയരുന്നു. മലയാളികളുടെ പ്രധാന ആഹാരമായ അരിയുടെ വില കിലോവിന് നിന്ന് 28ല്‍ നിന്നു 33 രുപയിലെത്തി. പയര്‍, പരിപ്പ് വര്‍ഗങ്ങളുടെ വില കുതിച്ചുയരുകയാണ്.
ഒരുമാസം മുമ്പ് കിലോവിന് 70 രുപയുണ്ടായിരുന്ന പരിപ്പിന് ഇപ്പോള്‍ 140 രുപയാണ് വില. പയറിന് 60ല്‍ നിന്ന് 90ആയും കടലയ്ക്ക് 70ല്‍ നിന്ന് 110 ആയും ഉയര്‍ന്നു. പഞ്ചസാരയുടെ വില കിലോവിന് 35ല്‍ നിന്ന് 38ഉം ശര്‍ക്കര 38ല്‍ നിന്നും 48മായി. വള്ളി മുളകിന് 160ല്‍ നിന്ന് 220 രുപയിലെത്തിയിപ്പോള്‍ ഉണ്ട മുളകിന് 180ല്‍ നിന്ന് 240 രുപയിലെത്തി. ഉള്ളിയുടെ വില കുടിയിട്ടില്ല. വെളുത്തുള്ളിയുടെ വില കിലോവിന് 60 രുപയില്‍ നിന്ന് 150 രുപയിലെത്തി.
പാമോയിലിന് 10 രുപ കുടി 70 ല്‍ എത്തിയപ്പോള്‍ വെളിച്ചെണ്ണയുടെ വില 80 ല്‍ നിന്ന് 110 ആയി വര്‍ധിച്ചു. വിശേഷ ദിവസങ്ങളില്‍ ഉപയോഗിക്കുന്ന നെയ്‌ച്ചോര്‍ അരിയുടെത് ടൈഗര്‍ ബ്രാന്റ് ഇനത്തിന് കിലോവിന് 44 രുപയില്‍ നിന്ന് 50ല്‍ എത്തിയപ്പോള്‍ തനിമ ബ്രാന്റിന് നാല് രുപ കുടി 82ല്‍ എത്തി. പച്ചക്കറിയുടെ വില കുറവാണെങ്കിലും നേന്ത്രപ്പഴത്തിന്റെ വില കിലോവിന് 75 രുപയ്ക്ക് മുകളിലായി. മഴക്കാലമായിട്ടും പഴ വര്‍ഗങ്ങളുടെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഓണം-ബക്രീദ് ആഘോഷങ്ങള്‍ എത്തിയതോടെ ഇനിയും വില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പേരിന് മാത്രമാണുള്ളത്.
ഇതില്‍ പല സാധനങ്ങളും കിട്ടാനില്ല. മാവേലി സ്റ്റോറുകളുടേയും അവസ്ഥ പരിതാപകരമാണ്. റേഷന്‍ കടകളിലും ആവശ്യത്തിന് സാധനങ്ങള്‍ കിട്ടുന്നില്ലെന്ന് ഗുണഭോക്താക്കള്‍ പരാതിപ്പെട്ടു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികളൊന്നും നടപ്പിലായിട്ടില്ല. ഇന്ന് ജില്ലയില്‍ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.
എന്നാല്‍ പച്ചക്കറികളുടേയും മറ്റും വില നിയന്ത്രിക്കാന്‍ കാര്യമായ ഇടപെടലൊന്നും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day