|    Nov 19 Mon, 2018 1:58 am
FLASH NEWS

ഓണം- പെരുന്നാള്‍ കോടിയുമായി നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍മാരും

Published : 25th August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: നഗരസഭയിലെ 320 ഓളം സാന്ത്വനം കുടുംബാംഗങ്ങളുടെ വീടുകളില്‍ നഗരസഭ ചെയര്‍മാനും കൗണ്‍സിലര്‍മാരുടെയും സാന്ത്വനമായി ഗൃഹസന്ദര്‍ശനം നടത്തുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 6 വര്‍ഷമായി മികച്ച രീതിയില്‍ നടത്തിവരുന്ന സാന്ത്വനം ഗൃഹപരിചരണ യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് ഗുണഭോക്താക്കളായ നിത്യരോഗികളില്‍ നിന്നും നേരിട്ട് അഭിപ്രായങ്ങള്‍ തേടി അവലോകനം നടത്താനും ഓണം- ബക്രീദ് ആശംസകള്‍ നേരാനും ഭക്ഷണ-വസ്ത്ര കിറ്റ് കൈമാറാനുമാണ് ഈ പ്രത്യേക സന്ദര്‍ശനം.
80 ശതമാനം ബിപിഎല്‍ കുടുംബാംഗങ്ങളായ നിത്യരോഗികളുടെയും ആശ്രയ ഗുണഭോക്താക്കളുടെയും വീടുകളില്‍ ആശ്രയമായി നില്‍ക്കുന്നവരെല്ലാം സാധാരണ കൂലി പണിക്കാരാണ്. തോരാ മഴയില്‍ പണിക്കു പോകാന്‍ കഴിയാത്തതിനാല്‍ പലരും സാമ്പത്തികമായി പ്രയാസത്തിലുമാണ്. പ്രളയവും തോരാതെ പെയ്തു കൊണ്ടിരുന്ന മഴക്കെടുതിയും സൃഷ്ടിച്ച പ്രയാസത്തിനിടയില്‍ സാന്ത്വന സ്പര്‍ശമായി സന്ദര്‍ശനം മാറി.
നഗരസഭയിലെ രണ്ട് സാന്ത്വനം ഗൃഹപരിചരണ വിഭാഗം എല്ലാമാസവും സാന്ത്വനം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത വീടുകളിലെത്തി ചികില്‍സിക്കുന്നത് 252 നിത്യരോഗികളെയാണ്. ഇതോടൊപ്പം 68 അഗതികളും നിരാശ്രയരുമായ ആശ്രയ ഗുണഭോ ക്താക്കളും ചേര്‍ന്നതാണ് 320 സാന്ത്വനം കുടുംബാംഗങ്ങള്‍.
നിത്യരോഗികളില്‍ 96 വയസായ ആറാം വാര്‍ഡിലെ കിഴിശേരി കാക്കച്ചി മുതല്‍ 18ാം വാര്‍ഡിലെ 2 വയസ്സുകാരന്‍ അനൂപ് ചൂരുതൊടി വരെയടങ്ങുന്നവരെയാണ് ഗൃഹപരിചരണ വിഭാഗം പരിചരിക്കുന്നത്. ഇതില്‍ കാന്‍സര്‍ ബാധിച്ചവര്‍ 92, ഡയാലിസിസ് ചെയ്യുന്നവര്‍ 29, കിഡ്‌നി സംബന്ധമായ അസുഖത്തിന് മരുന്ന് കഴിക്കുന്നവര്‍ – 3, നട്ടെല്ലിനു ക്ഷതം സംഭവിച്ചവര്‍ 4, എയ്ഡ്‌സ് 1, ശാരീരം തളര്‍ന്ന് ഫിസിയോ തെറാപ്പി ആവശ്യമുള്ളവര്‍ 38, മാനസിക പ്രശ്‌നമുള്ളവര്‍ 85, എന്നിങ്ങനെയാണ് കണക്കുകള്‍.
സാന്ത്വനം ഗൃഹപരിചരണ ടീമിന്റെ പരിചരണത്തില്‍ പൂര്‍ണ സംതൃപ്തിയും ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് നിത്യരോഗികള്‍ ചെയര്‍മാനോട് പറഞ്ഞു. എന്നാല്‍ ആവശ്യാനുസരണം മരുന്ന് ലഭിക്കാതിരിക്കുക, മറ്റു ചികില്‍സാ ഉപകരണങ്ങളുടെ കുറവ്, സാമ്പത്തിക പ്രയാസങ്ങള്‍, വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് രോഗ പരിചരണത്തില്‍ പരിശീലനം നല്‍കണമെന്നതടക്കം നിരവധി ആവശ്യങ്ങളും അവര്‍ മുന്നോട്ടുവച്ചു. വിഷയത്തില്‍ കഴിയുന്നതെല്ലാം അടിയന്തരമായി ചെയ്തു നല്‍ക്കുന്നതാണെന്ന് ചെയര്‍മാന്‍ എം മുഹമ്മദ് സലീം അറിയിച്ചു.
അഞ്ച് ദിവസമായി നടന്ന സന്ദര്‍ശനത്തില്‍ നഗരസഭാ ചെയര്‍മാനു പുറമെ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ്, ആരോഗ്യ സ്ഥിരസമിതി ചെയര്‍മാ ന്‍ പത്തത്ത് ആരിഫ്, ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍മാന്‍ പി ടി ശോഭന, മരാമത്തുകാര്യ സ്ഥിരസമിതി ചെയര്‍മാന്‍ രതി അല്ലക്കാട്ടില്‍, നഴ്‌സ് വസന്ത, വിന്നര്‍ ഷരീഫ്, അതാത് വാര്‍ഡ് കൗ ണ്‍സിലര്‍മാരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss