|    Apr 27 Fri, 2018 2:13 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഓണം ഇനി കാണം വില്‍ക്കുന്നവന്റെയല്ല

Published : 4th September 2016 | Posted By: SMR

slug-indraprasthamകാണം വിറ്റും ഓണമുണ്ണണം എന്നു പണ്ട് മലയാളികള്‍ പറഞ്ഞിരുന്നു. അക്കാലത്ത് ഭൂമാഫിയ പതുങ്ങിനടക്കുന്നുണ്ടായിരുന്നുവോ എന്നു പറയാന്‍ കഴിയില്ല. ഭൂമിവില്‍പന പ്രോല്‍സാഹിപ്പിക്കുന്ന ചിലരുടെ ഗൂഢാലോചനയാണ് മേല്‍പ്പറഞ്ഞ പഴഞ്ചൊല്ലെന്നും വരാവുന്നതാണ്.
ഏതായാലും കാണം വിറ്റ് ഓണമുണ്ണുന്ന കോരന്മാരുടെയും വൃകോദരന്മാരുടെയും കാലം കഴിഞ്ഞു. ഇതിപ്പോള്‍ സമത്വസുന്ദര കേരള നാടാണ്. മധുരമനോജ്ഞ ചൈന എന്നു നാടിനെപ്പറ്റി പണ്ടൊരു വിപ്ലവകവി പടപ്പാട്ട് എഴുതിയിരുന്നു. ചൈന ഇപ്പോള്‍ തികഞ്ഞ ബൂര്‍ഷ്വാ രാജ്യമായി. എന്നാല്‍, കേരളം അങ്ങനെയല്ല. അതു സമത്വസുന്ദരവും മധുരമനോജ്ഞവുമാണ്. ഭരണം നല്ല തനിത്തങ്കം പോലുള്ള കമ്മ്യൂണിസ്റ്റ് സഖാക്കളും.
അതുകൊണ്ടൊക്കെയാണ് പറഞ്ഞത്, ഓണത്തെസ്സംബന്ധിച്ച പഴയകാല ആശയങ്ങളൊക്കെ പഴഞ്ചനാണെന്നു കണ്ടെത്തി പുറത്തുകളയേണ്ട സമയമായെന്ന്. ഓണം അങ്ങനെ വഴിപോക്കന്മാര്‍ക്ക് ആഘോഷിക്കാനുള്ള ഇടപാടല്ല. അതു വരേണ്യമായ ഒരു ഉല്‍സവമാണ്. കാണം വിറ്റുണ്ണുന്ന കോരന്മാരും കേളപ്പന്മാരും വേറെ വഴി നോക്കണം. കേരളത്തിന്റെ ദേശീയ ഉല്‍സവമായ ഓണം എങ്ങനെ ആഘോഷിക്കണമെന്ന് ഇനിയങ്ങോട്ട് പിബി കൂടി തീരുമാനിച്ച് അറിയിക്കും.
ഒന്നുരണ്ട് അറിയിപ്പുകള്‍ ഇതിനകംതന്നെ വന്നുകഴിഞ്ഞു. അപ്രകാരം ഓണം നല്ല ഐശ്വര്യമുള്ള ഗൃഹാന്തരീക്ഷത്തില്‍ മാന്യമായി ആഘോഷിക്കേണ്ടതാണ്. ഓണപ്പൂക്കളമിടലും അപ്രകാരംതന്നെ. കണ്ട ആപ്പയും ഊപ്പയും കേറിയിറങ്ങുന്ന സര്‍ക്കാരാപ്പീസിലോ പൊളിഞ്ഞുവീഴാന്‍ തുടങ്ങുന്ന സര്‍ക്കാര്‍ പള്ളിക്കൂടത്തിലോ ആഘോഷിക്കേണ്ട സംഗതിയല്ല അത്.  അതിനാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനിയങ്ങോട്ട് ആപ്പീസുകളില്‍ പൂക്കളമൊരുക്കുകയും ഓണസദ്യയ്ക്ക് ഇലയിടുകയും ചെയ്യുന്ന പരിപാടി നിര്‍ത്തണം. അതൊക്കെ മുന്‍കാലങ്ങളില്‍ നാനാ ജാതിമതസ്ഥരായ ആളുകള്‍ ഒന്നിച്ചിരുന്ന് ഈ നല്ല ദിവസം സന്തോഷമായി കഴിഞ്ഞുകൂടിക്കോട്ടെയെന്നു കരുതി ചിലര്‍ ഉണ്ടാക്കിയ ഏര്‍പ്പാടുകളാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില്‍ അവര്‍ മണ്ടന്മാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിപ്പണം ചെലവാക്കാനും ഓഫിസ് സമയത്ത് കറങ്ങിത്തിരിയാനും കണ്ടുപിടിച്ച വിദ്യകളാണ് ഇതൊക്കെ. ഓണത്തിന്റെ പേരില്‍ അവര്‍ പണപ്പിരിവും നടത്തിക്കളയുമെന്ന് ആര്‍ക്കാണ് അറിയാത്തത്? അതിനാലാണ് സര്‍ക്കാര്‍ ഓഫിസില്‍ ഓണം നിരോധിച്ചത്. സ്‌കൂളുകളിലും ഓണത്തിനു നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് അത് പിന്‍വലിച്ചതായാണ് കേള്‍ക്കുന്നത്. നന്നായി. ഓണത്തെ സംബന്ധിച്ച് യുവതലമുറയ്ക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അതു സഹായിക്കും. അത്തരം കാര്യങ്ങളെ സംബന്ധിച്ച് മന്ത്രിമാര്‍ തന്നെ സ്‌കൂളുകളില്‍ ക്ലാസെടുക്കാനും പോകുന്നുണ്ടെന്നു കേള്‍ക്കുന്നു. നാടു നന്നാവും, തീര്‍ച്ച.
മാത്രമല്ല, ഓണം ദേശീയോത്സവമാവുകയുമാണ്. ഓണം കേരളത്തിന്റെ ദേശീയോത്സവം എന്നൊക്കെ പറഞ്ഞുവന്നത് പഴയ കാലത്ത്. ഇപ്പോള്‍ ഓണത്തെ ദേശസാല്‍ക്കരിച്ചുകഴിഞ്ഞിരിക്കുകയാണ്. സാദാ സര്‍ക്കാരാപ്പീസിലും സ്‌കൂള്‍മുറ്റത്തും ഓണം പാടില്ലെങ്കിലും രാഷ്ട്രപതി ഭവനില്‍ ഇത്തവണ ഓണമുണ്ടാവും. മുഖ്യമന്ത്രി അവര്‍കള്‍ തന്നെ മഹാബലിയെ പ്രതിനിധീകരിച്ച് അതില്‍ സന്നിഹിതനാവും. ഓണസദ്യയും കെങ്കേമമാവും. വില്ലടിച്ചാന്‍പാട്ട് മുതല്‍ കൊടിസുനി സംഘത്തിന്റെ വാള്‍പ്പയറ്റു വരെയുള്ള കേരളീയ കലകളും ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറും.
ഏതായാലും രാഷ്ട്രപതി ഭവന്‍ തന്നെ വേദിയായി തിരഞ്ഞെടുത്തത് നന്നായി. രാജ്യത്തെ ഏറ്റവും പ്രൗഢിയുള്ള ബംഗ്ലാവാണ് ഈ കെട്ടിടം. രാഷ്ട്രപതിയാണ് ഇപ്പോഴത്തെ താമസക്കാരനെങ്കിലും അതു പണിതത് ബ്രിട്ടിഷ് വൈസ്രോയി അവര്‍കളുടെ താമസത്തിനായാണ്. അവര്‍ ഇനി ഭരണം വേണ്ടെന്നു നിശ്ചയിച്ചു സ്ഥലംവിട്ടപ്പോള്‍ ഇങ്ങോട്ട് ഏല്‍പിച്ചുവെന്നു മാത്രം.
അവിടെത്തന്നെയാണ് മഹാബലിക്ക് സ്വീകരണം ഒരുക്കേണ്ടത്. അല്ലാതെ കാണം വിറ്റ് ഓണത്തിനു തയ്യാറെടുക്കുന്ന എരപ്പാളികള്‍ക്കുള്ളതല്ല ഇത്തരം മഹോല്‍സവങ്ങള്‍. ഇതു നേരത്തേ കേരളം ഭരിച്ച മഹാശയന്മാര്‍ തിരിച്ചറിയാതെപോയത് അവരുടെ മണ്ടത്തരം. നല്ല ആശയങ്ങള്‍ എപ്പോഴും കമ്മ്യൂണിസ്റ്റുകളുടെ തലയില്‍ നിന്നാണ് വരുകയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ചുരുക്കത്തില്‍, മലയാളിക്ക് ആനന്ദലബ്ധിക്ക് ഇനി വേറെ വഴിയൊന്നും അന്വേഷിക്കേണ്ടതില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss