|    Oct 22 Mon, 2018 1:15 am
FLASH NEWS
Home   >  Kerala   >  

ഓണംകേറാമൂലകള്‍ പഴമൊഴിയല്ല

Published : 3rd September 2017 | Posted By: G.A.G

ഓണംകേറാമൂല മലയാളത്തിലെ ഒരു ശൈലിയാണ്. പരിഷ്‌കാരമെത്താത്ത ഗ്രാമങ്ങളെയോ വികസനമെത്താത്ത നാടുകളെയോ ഓണംകേറാമൂല എന്നു വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, കേരളീയരുടെ ദേശീയ ഉല്‍സവമായ ഓണം എത്താത്തതും വികസനം തൊട്ടുതീണ്ടാത്തതുമായ കുറേ ഗ്രാമങ്ങളുണ്ട് കാസര്‍കോട്ട്. ഒന്നും രണ്ടുമല്ല, 15 ഗ്രാമപ്പഞ്ചായത്തുകളില്‍ ഓണാഘോഷം ഇല്ല. ഓണത്തിന് റേഷന്‍ കടകളില്‍ നിന്നും മാവേലി സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്ന സാധനങ്ങളുടെ പേരിലോ ചുരുക്കമായുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന ബോണസില്‍ നിന്നോ ആണ് ഓണത്തെ കുറിച്ച് അറിയുന്നതു തന്നെ.
അത്തം മുതല്‍ പത്തുനാള്‍ ഓണസദ്യ ഒരുക്കിയും ഇന്റര്‍നെറ്റിനും കംപ്യൂട്ടറിനും മുന്നില്‍ കുട്ടികള്‍ മറന്നുപോയ നാടന്‍ കളികള്‍ സംഘടിപ്പിച്ചു ക്ലബ്ബുകളും സന്നദ്ധ സംഘടനകളും വര്‍ണ-വര്‍ഗ വ്യത്യാസമില്ലാതെ കൈകോര്‍ക്കുമ്പോള്‍ പതിനഞ്ചോളം പഞ്ചായത്തുകള്‍ ഓണംകേറാമൂലകളായി ഇന്നും നിലനില്‍ക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതമഴയിലൂടെ ലോകമറിഞ്ഞ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍.
ജില്ലയിലെ മഞ്ചേശ്വരം, മംഗല്‍പാടി, മീഞ്ച, വോര്‍ക്കാടി, പൈവളിഗെ, പുത്തിഗെ, എന്‍മകജെ, ദേലമ്പാടി, ബെള്ളൂര്‍, കുമ്പഡാജെ, ബദിയടുക്ക എന്നീ പഞ്ചായത്തുകളില്‍ ഇന്നും ഓണാഘോഷങ്ങള്‍ നിലവിലില്ല. കാറഡുക്ക, കുമ്പള എന്നീ പഞ്ചായത്തുകളില്‍ ഭാഗികമായി മാത്രമാണ് ഓണാഘോഷം. മംഗളൂരുവിലും ബംഗളൂരുവിലും മുംബൈയിലും ദുബയിലും ഓണം ആഘോഷിക്കുമ്പോഴാണ് കേരളത്തിന്റെ ഭാഗമായ ഒരു താലൂക്കില്‍ ഇത്രയും  പഞ്ചായത്തുകള്‍ ഓണം കേറാമൂലയായിരിക്കുന്നത്.
ഓണം പിറന്നാലും ഉണ്ണിപിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന പഴമൊഴി അന്വര്‍ഥമാക്കുന്നതാണ് ഇവിടുത്തെ സ്ഥിതി. കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്ന, മലയാളം ശരിക്കും ഉച്ചരിക്കാന്‍ അറിയാത്ത കുറേ മനുഷ്യര്‍. കന്നടയും തുളുവും ബ്യാരിയും മറാത്തിയും ഇടകലര്‍ന്ന് സംസാരിക്കുന്ന ഇവിടെ ഓണം                   എന്നല്ല, മലയാളികളുടെ പ്രധാന ആഘോഷങ്ങളൊന്നും എത്താറില്ലെന്നു പറയാം. എന്നാല്‍, കന്നട, തുളു ആഘോഷങ്ങള്‍ ആചരിക്കപ്പെടാറുണ്ട്.
വടക്കേ മലബാറില്‍ ചിങ്ങസംക്രാന്തി മുതല്‍ മുറ്റത്ത് പൂക്കളമിടല്‍ (ചിലയിടത്ത് അത്തം പത്ത് മുതല്‍ തിരുവോണം വരെ) ചെമനാട് പഞ്ചായത്തിനപ്പുറം അത്ര പരിചയമുള്ളതല്ല. ഇവിടത്തുകാര്‍ കന്യകമാരുടെ ഉല്‍സവമായ മീനപ്പൂരത്തിനാണ് പൂവിടാറ്. പൂരക്കളിയും മറുത്ത് കളിയും അപ്പോഴാണ് നടക്കാറുള്ളത്. ഓണക്കാലത്തുള്ള ക്ഷേത്രദര്‍ശനവും ഇവിടെയില്ല. ആകെയുള്ളത് കൊടവലത്തെ ശ്രീ മഹാവിഷ്ണു വാമനക്ഷേത്രവും പനയാലും ചില ബ്രാഹ്മണഗ്രാമങ്ങളിലെ വിഷ്ണുക്ഷേത്രങ്ങളുമാണ്. അതും നന്നേ കുറവാണ്.
ഇവിടെ ശൈവആരാധനയ്ക്കാണ് പ്രാധാന്യം. അത്തം തുടങ്ങിയ അന്നു മുതല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ തിരക്കോടു തിരക്ക് തന്നെ. എന്നാല്‍, മേല്‍പ്പറമ്പ് കഴിഞ്ഞാല്‍ വലിയ തിരക്കൊന്നുമില്ല. കാഞ്ഞങ്ങാട് ഓണത്തിന് വന്‍തിരക്ക് ആണെങ്കില്‍ ചന്ദ്രഗിരി പുഴയ്ക്കു വടക്ക് തലപ്പാടി വരെ യാത്ര ചെയ്താല്‍ ഇതു കേരളമാണോ കര്‍ണാടകയാണോ എന്നു സംശയിച്ചുപോവും. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചുള്ള ഗണേശോല്‍സവം മാത്രമാണ് ചിങ്ങമാസത്തിലെ ഇവിടുത്തെ ആഘോഷം. വലിയ ഗണപതി വിഗ്രഹങ്ങള്‍ ഉണ്ടാക്കി പൂജിച്ച് പുഴയിലോ കടലിലോ നിമജ്ജനം ചെയ്യുന്നത് വലിയ ആഘോഷമാണ്. ഉത്തരേന്ത്യയിലേതിനു സമാനമായ ഈ ആചാരം കേരളത്തില്‍ വര്‍ണശബളമായി കൊണ്ടാടുന്നത് കാസര്‍കോട്ടു മാത്രമാണ്.

മലയാളത്താന്മാരുടെ ഓണം
ഓണാഘോഷത്തിന് സംക്രാന്തി മുതല്‍ ചിങ്ങമാസം മുഴുവന്‍ വാല്‍ക്കിണ്ടിയില്‍ ചിങ്ങവെള്ളമെന്ന രീതിയില്‍ പടിഞ്ഞാറ്റയില്‍ മഞ്ഞളിലകൊണ്ട് വായ മൂടി രാവിലെ കിണറ്റില്‍ നിന്ന് കോരുന്ന വെള്ളംവയ്ക്കുന്ന പതിവ് തുളുനാട്ടില്‍ ഉണ്ടായിരുന്നത്രേ. തെയ്യവും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ക്കാണ് ഇവിടെ പ്രാമുഖ്യം. ‘നിങ്ങള്‍ മലയാളത്താന്മാരുടെ ഓണം’ എന്നാണ് കാസര്‍കോട്ടുകാരുടെ വാമൊഴി തന്നെ. തങ്ങളുടെ ആഘോഷങ്ങളെല്ലാം വിസ്മരിച്ചുള്ള ഓണം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നാണ് ഇവിടുത്തുകാര്‍ക്ക് പറയാനുള്ളത്.
ഓണം ആഘോഷിക്കുന്നതിലും വലിയ വ്യത്യാസങ്ങളുണ്ട്. തെക്കന്‍ കേരളത്തില്‍ ഓണത്തിന് ഇരുപത്തിയൊന്നുകൂട്ടം പച്ചക്കറികളും നാലില കറികളും പായസവും സദ്യയും വയ്ക്കുമ്പോള്‍ വടക്കേ മലബാറില്‍ ഓണത്തിന് ഇറച്ചിയാണ് പ്രധാനം.
ഓണത്തിനും ഉത്രാടത്തിനും എല്ലാ വീടുകളിലും ആട്ടിറച്ചിയോ കോഴിക്കറിയോ നിര്‍ബന്ധമായിരിക്കും. മണ്‍ചട്ടിയില്‍ മല്ലിയും മുളകും വറുത്തരച്ച് കടുക് വറുത്തുള്ള ഇറച്ചിക്കറി. ഇവിടുത്തെ ദൈവങ്ങള്‍ക്കും ഇതാണ് ഇഷ്ടം. തെയ്യക്കാവുകളില്‍ ഉത്രാടത്തിന് ഇറച്ചിനിവേദ്യവും കള്ളും ഉണ്ടാവും.
മഹാനവമിയും ഗണേശോല്‍സവവുമാണ് കാസര്‍കോട് ജില്ലയിലെ ഓണംകേറാമൂലകളിലെ പ്രധാന ആഘോഷം. ഇവിടെ മഹാബലിയെ വരവേല്‍ക്കുന്നത് ദീപാവലിയോടനുബന്ധിച്ചുള്ള പൊലീന്ദ്രപൂജയിലാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് 10 ദിവസം അവധി കിട്ടുമെന്നല്ലാതെ ഓണത്തെ കുറിച്ച് ആര്‍ക്കും കാര്യമായി ഒന്നുമറിയില്ല. സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓണത്തെ കുറിച്ച് പരിചയപ്പെടുത്താന്‍ യാതൊരു പരിപാടിയും സംഘടിപ്പിക്കാറുമില്ല.  പാവങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കുന്നതും ഓണക്കോടി നല്‍കുന്നതും ചന്ദ്രഗിരിപ്പുഴയ്ക്ക് അക്കരെ ഒതുങ്ങുകയാണ്.
‘മാവേലി നാടുവാണിടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന ചൊല്ല് കേരളക്കരയില്‍ നിലനില്‍ക്കുമ്പോള്‍ ജോലിയും കൂലിയുമില്ലാതെ ഓണക്കാലത്ത് പട്ടിണി കിടക്കുന്ന നിരവധി കുടുംബങ്ങള്‍ തുളുനാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലുണ്ട്. വാഹനയാത്രപോലും ദുഷ്‌കരമായ ഉള്‍നാടന്‍ ഗ്രാമങ്ങള്‍. ഓണക്കാലത്ത് മാവേലി പോലും ഈ നാട് മറന്നുവോ എന്നു തോന്നിപ്പോവും.
മലയാളിയുടെ ആചാരത്തനിമയില്ലാത്ത കന്നടികരുടെ ഭൂരിപക്ഷ മേഖലയായ ഈ പ്രദേശത്ത് ആത്മപ്രതിഷ്ഠയില്‍ അധിഷ്ഠിതമായ തെയ്യങ്ങളാണ് ജനങ്ങളോട് ഏറെ ഇടപെടുന്ന ദൈവകോലങ്ങള്‍. നായാട്ടും മദ്യവും ഇഷ്ടപ്പെടുന്ന ഈ ദൈവങ്ങളെല്ലാം കുടക് വനത്തില്‍ നിന്നും തുളുനാടന്‍ മലകളില്‍ നിന്നും ജനങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിവന്നതാണ്. തീണ്ടലും തൊടീലും ഇപ്പോഴും നിലനില്‍ക്കുന്ന ഈ ഗ്രാമങ്ങളില്‍ ഉന്നത ജാതിക്കാര്‍ ഓണം തീരേ ആഘോഷിക്കാറില്ല. എന്നാല്‍, താഴ്ന്നജാതിക്കാര്‍ ഇറച്ചിക്കറിയും കള്ളുമായി അല്‍പാല്‍പമായി ഓണത്തെ വരവേല്‍ക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss