|    Oct 19 Fri, 2018 6:35 pm
FLASH NEWS

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

Published : 27th December 2015 | Posted By: SMR

കോട്ടയം: പുലിക്കുട്ടിശേരി ചാമത്തറ ഭാഗത്ത് ഓട്ടോഡ്രൈവര്‍ സജിമോനെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ കൂടി അറസ്റ്റു ചെയ്തു. അയ്മനം മാങ്കിഴപ്പടി വിനീത് സഞ്ജയ് (28), പാറപ്പുറത്ത് ലെവിന്‍ ജോയി ചാക്കോ(28) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ബംഗളൂരുവിലേക്ക് കടന്ന ഇവരെ യശ്വന്ത്പൂരിലെ ലോഡ്ജില്‍ നിന്ന് കോട്ടയം ഈസ്റ്റ് സിഐ ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവത്തില്‍ ഇനി മൂന്നുപേര്‍ കൂടിയാണ് പിടിയിലാവാനുള്ളത്. 21ന് രാവിലെ സജിമോനെ പുലിക്കുട്ടിശ്ശേരി പാലത്തിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലേദിവസം രാത്രിയില്‍ പ്രദേശത്തുണ്ടായ സംഘര്‍ഷത്തിനിടെ സജിമോന്റെ തലയ്ക്ക് അടിയേറ്റിരുന്നു.
പുലിക്കുട്ടിശ്ശേരി ചാമത്തറ കോട്ടപ്പറമ്പില്‍ തോമസുകുട്ടിയുടെ വീട്ടിലുണ്ടായ സംഘര്‍ഷത്തിലാണ് സജിമോന് തലയുടെ മുന്‍ഭാഗത്ത് അടിയേറ്റത്. തോമസുകുട്ടിയുടെ ആദ്യഭാര്യയുടെ മകനാണ് ജിക്കു ജോണ്‍. തോമസുകുട്ടിയുടെ സ്ഥലം വിറ്റുകിട്ടിയ പണത്തെ ചൊല്ലി രണ്ടാം ഭാര്യയും ജിക്കു ജോണും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിവച്ചത്. തര്‍ക്കം മൂത്തപ്പോള്‍ തങ്കമ്മ അവരുടെ സഹോദരന്മാരായ തൊമ്മന്‍കവല വലിയവെളിച്ചം വീട്ടില്‍ മാത്യു കുര്യന്‍ (കൊച്ചുമോന്‍-52), റോയിമോന്‍(ചാണ്ടി-45) എന്നിവരെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അയല്‍വാസിയായ സജിമോന്റെ ഓട്ടോയിലാണ് ഇവര്‍ വന്നത്. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനിടെ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ സമീപത്തെ പഞ്ചായത്ത് മൈതാനിയില്‍ മദ്യപിച്ചിരിക്കുകയായിരുന്നു ജിക്കുവിന്റെ സുഹൃത്തുക്കളായ റോബിന്‍ റോയിയെയും കമല്‍ദേവിനെയും സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതോടെ കൂട്ടത്തല്ലായി.— ഇതിനിടെയാണ് സജിമോന് കവുങ്ങിന്റെ കഷ്ണം ഉപയോഗിച്ചുള്ള അടിയേറ്റത്.—
മാത്യു കുര്യനും റോയിമോനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. അടിയേറ്റ് എല്ലാവരും ചിതറി ഓടുന്നതിനിടെയാണ് സജിമോന്‍ തോട്ടില്‍ വീണതെന്ന് കരുതുന്നു. തലയ്ക്ക് അടിയേറ്റതും തോട്ടിലെ വെള്ളം കുടിച്ചുമാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. സജിമോന്റെ ഓട്ടോയും തകര്‍ത്തിരുന്നു. ജിക്കു ജോണും രാവിലെ മുതല്‍ കൂട്ടുകാരോടൊപ്പം പഞ്ചായത്ത്‌മൈതാനിയില്‍ മദ്യപിച്ചിരുന്നതായി പോലിസ് പറഞ്ഞു. സജിമോന്‍ മരിച്ചതറിഞ്ഞ് വിനീത് സഞ്ജയ്, ലെവിന്‍ ജോയി ചാക്കോ എന്നിവര്‍ ബൈക്കില്‍ ചേര്‍ത്തലയിലേക്ക് പോവുകയും ഇവിടെ നിന്ന് ആലുവയിലും തുടര്‍ന്ന് ട്രെയിനില്‍ ബംഗളൂരുവിലുമെത്തി ഒളിച്ചു താമസിക്കുകയായിരുന്നു. എസ്‌ഐ രാജന്‍, ഷാഡോ പോലിസുകാരായ ബിജുമോന്‍ നായര്‍, ഷിബുക്കുട്ടന്‍, ഹരീഷ് തങ്കച്ചന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss