|    Dec 12 Wed, 2018 8:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓട്ടോ-ടാക്‌സി നിരക്കുവര്‍ധന രണ്ടാഴ്ചയ്ക്കകം നിലവില്‍വരും

Published : 7th December 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സഭയില്‍ ചട്ടം 300 പ്രകാരമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം രണ്ടാഴ്ചയ്ക്കകം പുതിയ നിരക്ക് നിലവില്‍വരും. സംസ്ഥാനത്ത് നേരത്തേ 2014ലാണ് ഓട്ടോ-ടാക്‌സി നിരക്കു വര്‍ധിപ്പിച്ചിരുന്നത്.
എന്നാല്‍, ഇതിനുശേഷമുണ്ടായ ഇന്ധന വിലവര്‍ധനയെ തുടര്‍ന്ന് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്റെ ശുപാര്‍ശകള്‍ പരിഗണിച്ച് നിരക്കു വര്‍ധിപ്പിക്കുകയുമായിരുന്നു.
ഓട്ടോറിക്ഷകളുടെ കുറഞ്ഞ നിരക്ക് 20ല്‍ നിന്ന് 25 രൂപയായും ടാക്‌സി നിരക്ക് 150ല്‍ നിന്ന് 175 രൂപയായും വര്‍ധിക്കും. എന്നാല്‍ അധിക നിരക്ക്, വെയ്റ്റിങ് നിരക്ക് എന്നിവ പഴയപോലെ തുടരും.
കുറഞ്ഞ നിരക്കിനുള്ള ദൂരം പൂര്‍ത്തിയായശേഷം ഒാരോ മീറ്ററിനും 1.20 രൂപ വീതം മീറ്റര്‍ നിരക്ക് ഈടാക്കാനും തീരുമാനിച്ചു.
ടാക്‌സിക്ക് (1500 സിസി) നിലവിലുള്ള കുറഞ്ഞ നിരക്ക് 150 രൂപയാണ്. അത് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായി വര്‍ധിപ്പിച്ചു. 1500 സിസിക്ക് മുകളില്‍ നിലവിലെ കുറഞ്ഞ നിരക്ക് 150 രൂപയാണ്. അത് 200 രൂപയായി വര്‍ധിപ്പിച്ചു.
ക്വാഡ്രിസൈക്കിള്‍ (ഓട്ടോ-ടാക്‌സി) നിലവിലെ കുറഞ്ഞ നിരക്ക് 21 രൂപയാണ്. അതു 30 രൂപയായി വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 30 രൂപയും ടാക്‌സിയുടേത് 200 രൂപയും ആക്കണമെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss