|    Oct 18 Wed, 2017 10:25 pm
FLASH NEWS

ഓട്ടോറിക്ഷ സ്റ്റാന്റുകളില്‍ പരിശോധന; 20 ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരേ നടപടി

Published : 27th August 2016 | Posted By: SMR

കാക്കനാട്: കൊച്ചി നഗരത്തിലെ വിവിധ സ്റ്റാന്റുകളില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 20 ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുത്തു. ഇതില്‍ ഒരാള്‍ അമിതമായി മദ്യപിച്ച നിലയിലായിരുന്നു.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കു സമീപമുള്ള ഓട്ടോ സ്റ്റാന്റില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത ശേഷം ആശുപത്രിയില്‍ പോയി തിരിച്ചുവന്നപ്പോള്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാവുന്നില്ല. പെട്രോള്‍ കഴിഞ്ഞതായിരിക്കുമെന്നു കരുതി അടുത്തുള്ള പെട്രോള്‍ ബങ്കില്‍ തള്ളിക്കൊണ്ടു പോയി ഇന്ധനം നിറച്ചിട്ടും സ്റ്റാര്‍ട്ടാവുന്നില്ല. അവസാനം പരിശോധിച്ചപ്പോള്‍ പുകക്കുഴലില്‍ കടലാസ് തിരുകിവച്ചതായി കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണിത് ചെയ്തതെന്ന പരാതിയെതുടര്‍ന്നായിരുന്നു സ്റ്റാന്റില്‍ പരിശോധന നടത്തിയത്.
കുറ്റവാളിയെ കിട്ടിയില്ലെങ്കിലും സിറ്റിയില്‍ ഓടാന്‍ പെര്‍മിറ്റില്ലാത്തവയും നികുതി അടക്കാത്തവയുമായ ഏഴ് ഓട്ടോകള്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കടവന്ത്രയിലും നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിലും പരിശോധന നടത്തി. 13 ഓട്ടോകള്‍ കൂടി പിടികൂടി. ഓട്ടോകളും ഡ്രൈവര്‍മാരെയും കാക്കനാട് ആര്‍ടി ഓഫിസിലെത്തിച്ചു. മദ്യപിച്ച് വാഹനമോടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്റ്‌ചെയ്തു. മറ്റുള്ളവര്‍ക്ക് പിഴയിട്ടു.
എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എം സുരേഷിന്റെ നിര്‍ദേശപ്രകാരം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ നൗഫലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അമിതകൂലി ഈടാക്കല്‍, യാത്രക്കാരോട് അപമര്യാദയായി പെരുമാറല്‍, മറ്റ് സ്ഥലങ്ങളില്‍ ഓടാന്‍ പെര്‍മിറ്റെടുത്ത ശേഷം കൊച്ചി നഗരത്തില്‍ ഓടി തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തി.
ഓണക്കാലം കഴിയുന്നതുവരെ പരിശോധന തുടരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക